Your Image Description Your Image Description

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2024ലെ വരവ് ചെലവുകൾ ഉൾപ്പെടുത്തിയുള്ള വാർഷിക ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ഇന്ദിരയാണ് ബജറ്റ് അവതരിപ്പിച്ചത്. 11,13,64,000 രൂപ വരവും 10,70,80,000 രൂപ ചെലവും 42,84,000 രൂപ മിച്ചവും വരുന്ന ബജറ്റിന് ഭരണസമിതി അംഗീകാരം നൽകി. സമൂഹത്തിലെ ഏറ്റവും പരിഗണന ലഭിക്കേണ്ട അടിസ്ഥാന വിഭാഗത്തിന് പാർപ്പിടം നൽകാൻ 1,21,58,000 രൂപ, ഉത്പാദന മേഖല-കാർഷിക വികസനത്തിന് 84,11,280 രൂപ, പാശ്ചാത്തല മേഖലയ്ക്ക് 1,48,93,400 രൂപ, വനിതാ ഘടന പദ്ധതിയിൽ 53,78,360 രൂപ, വൃദ്ധ വികലാംഗ അഗതി ക്ഷേമത്തിന് 26,89,180 രൂപ തുടങ്ങി നിരവധി ജനക്ഷേമപ്രവർത്തനങ്ങൾക്ക് തുക വകയിരുത്തി.

നെൽകർഷകർക്ക് ഉഴവു കൂലി, ബ്ലോക്ക് തലത്തിൽ മൊബൈൽ വെറ്ററിനറി ക്ലിനിക്, സ്റ്റാർട്ടപ്പുകളും വ്യവസായ സംരംഭങ്ങളും ആരംഭിക്കുന്നതിന് നൈപുണ്യ പരിശീലന കേന്ദ്രം, സമ്പൂർണ ലൈഫ് ഭവന പദ്ധതി, വനിതാ സ്വയം തൊഴിൽ പരിശീലന കേന്ദ്രം, മാമോഗ്രാം ടെസ്റ്റിങ് യൂണിറ്റ്, സ്മാർട്ട് അങ്കണവാടി, ഭിന്നശേഷി കലാകായികമേള, ഹാപ്പിനസ് പാർക്ക്, എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് പഠനമുറി, ആനക്കൽ ട്രൈബൽ സ്കൂളിൽ ഹൈടെക് പഠനമുറി, വാട്ടർ എ.ടി.എം, ഹരിതകർമ്മ സേനകൾക്ക് ട്രോളി ബാഗ്, പഞ്ചായത്ത് തോറും ബോട്ടിൽ ബൂത്ത്, എല്ലാ ഗ്രാമപഞ്ചായത്തുകളിലും കളിയിടങ്ങൾ, ബ്ലോക്ക് തലത്തിൽ വെർച്വൽ ക്ലാസ് എന്നിവയാണ് ബജറ്റ് നിർദ്ദേശങ്ങൾ. ബജറ്റ് അവതരണത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് അധ്യക്ഷനായി. ജനപ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *