Your Image Description Your Image Description

ദുബൈ: യുഎഇയുടെ ആകാശത്ത് ഇന്ന് സ്ട്രോബറി മൂൺ ദൃശ്യമാകും. ഈ അത്യപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ പ്രവാസികളടക്കം യുഎഇയിലെ എല്ലാ താമസക്കാരും കാത്തിരിക്കുകയാണ്. യുഎഇയിൽ എപ്പോഴാണ് സ്ട്രോബറി മൂൺ ദൃശ്യമാകുന്നത് എന്ന് സംബന്ധിച്ച് ദുബൈ അസ്ട്രോണമി ​ഗ്രൂപ്പ് ഓപറേഷഷൻസ് മാനേജറായ ഖദീജ ഹസൻ അഹമ്മദ് വിവരങ്ങൾ നൽകിയിരിക്കുകയാണ്. ഇന്ന് വൈകിട്ട് 7.32ഓട് കൂടി ആകാശത്ത് ചന്ദ്രൻ ഉദിക്കും. നാളെ പുലർച്ചെ 5.55ന് ചന്ദ്രൻ അസ്തമിക്കും. ചന്ദ്രോദയ സമയമായ 7.32ഓട് കൂടി തന്നെ ആകാശത്ത് സ്ട്രോബറി മൂൺ ദൃശ്യമാകും.

ബീച്ചുകൾ, മരുഭൂമി, ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വളരെ വ്യക്തമായി സ്ട്രോബറി മൂൺ കാണാൻ കഴിയും. എങ്കിൽപ്പോലും യുഎഇയിൽ എവിടെ നിന്നും കിഴക്കൻ ചക്രവാളത്തിലേക്ക് നോക്കിയാൽ ഈ അപൂർവ്വ ദൃശ്യത്തിന് സാക്ഷികളാകാൻ കഴിയുമെന്നും താമസക്കാർക്ക് ഇത് ന​ഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കാമെന്നും ഖദീജ ഹസൻ അഹമ്മദ് അറിയിച്ചു. വളരെ സുന്ദരമായ കാഴ്ചയാണ് ഇന്ന് യുഎഇ താമസക്കാർക്ക് ദൃശ്യമാകുന്നതെന്നും വസന്തകാലത്തിലെ അവസാന പൂർണചന്ദ്രനാണിതെന്നും പതിവിൽ നിന്ന് വ്യത്യസ്തമായി ഇതിന് വലിപ്പമുണ്ടായിരിക്കുമെന്നും സ്വർണതിളക്കം കൂടുതലായിരിക്കുമെന്നും ഖദീജ ഹസൻ അഹമ്മദ് പറഞ്ഞു.

സ്ട്രോബറി മൂൺ എന്ന പേര് ആയത്കൊണ്ട് ചന്ദ്രൻ പിങ്ക് നിറത്തിലോ ചുവപ്പ് നിറത്തിലോ ആയിരിക്കും ദൃശ്യമാകുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. പകരം മഞ്ഞയോ ഓറഞ്ചോ നിറത്തിലായിരിക്കും ചക്രവാളത്തിൽ ചന്ദ്രൻ ദൃശ്യമാകുന്നത്. 18.6 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് ഇന്ന് യുഎഇയിൽ ദൃശ്യമാകുന്നത്. ഇത് വീണ്ടും കാണാൻ ഇനി 2043 വരെ കാത്തിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *