Your Image Description Your Image Description

ന്ത്യയുടെ പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെതിരെ ആരാധകര്‍. ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഗില്‍. ഇതിനിടെ തന്റെ പുതിയ ബാറ്റില്‍ പ്രിന്‍സ് എന്ന പേര് ഗില്‍ ആലേഖനം ചെയ്തതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി പങ്കുവെച്ച ഗില്ലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ബിസിസിഐ പങ്കുവച്ചിരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്റെ ബ്ലേസറും തൊപ്പിയും ധരിച്ച് പോസ് ചെയ്യുന്ന ഗില്ലിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ ഫോട്ടോഷൂട്ടിലാണ് ‘പ്രിന്‍സ്’ എന്ന് ആലേഖനം ചെയ്തിട്ടുള്ള എംആർഎഫിന്‍റെ പുതിയ ബാറ്റും ഗില്‍ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാജകുമാരന്‍ എന്നാണ് ഗില്‍ പലപ്പോഴും വിശേഷിപ്പിക്കപ്പെടാറുള്ളത്. വിരാട് കോഹ്‌ലിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പോസ്റ്റര്‍ ബോയ് ആയിട്ടും ഗില്ലിനെ കാണാറുണ്ട്. എന്നാല്‍ പ്രിന്‍സ് എന്ന് എഴുതിയ ബാറ്റിലൂടെ ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് പാത്രമാവുകയാണ്.

അതേസമയം ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആരാധകര്‍ സ്‌നേഹപൂര്‍വം ക്രിക്കറ്റിന്റെ ദൈവം എന്ന് വിശേഷിപ്പിക്കാറുണ്ട്. വിരാട് കോഹ്‌ലിക്ക് ക്രിക്കറ്റിന്റെ രാജാവെന്നും വിളിപ്പേരുണ്ട്. എന്നാല്‍ ദൈവമെന്ന് സച്ചിനോ കിംഗെന്ന് കോഹ്‌ലിയോ ഒരിക്കല്‍ പോലും എവിടെയും ഉപയോഗിച്ചുകണ്ടിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഗില്‍ ശരിക്കും ‘ഓവര്‍ഹൈപ്പ്ഡ്’ താരമാണെന്നും സ്വയം ഭ്രമിച്ചയാളാണെന്നും ആരാധകര്‍ ആരോപിക്കുന്നു. ഇത്തരം വിശേഷണങ്ങള്‍ നിങ്ങളുടെ പ്രകടനങ്ങളില്‍ നിന്ന് ലഭിക്കേണ്ടതാണ്. ക്രിക്കറ്റിലെ മഹാന്മാരാണ് ഇത്തരം വിശേഷണങ്ങള്‍ ചാര്‍ത്തിത്തരേണ്ടതെന്നും അല്ലാതെ സോഷ്യല്‍ മീഡിയ അല്ലെന്നും പോസ്റ്റുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *