Your Image Description Your Image Description

അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തില്‍ അനുശോചനം അറിയിച്ച് ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യന്‍ ഏകദിന ടീം നായകന്‍ രോഹിത് ശര്‍മ, ട്വന്റി-20 ടീം നായകന്‍ സൂര്യകുമാര്‍ യാദവ്, അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ തുടങ്ങിയവരാണ് അനുശോചനം അറിയിച്ചത്. ‘അഹമ്മദാബാദില്‍ നിന്നുള്ള വാര്‍ത്ത വളരെ ദുഃഖകരവും വേദന ഉണ്ടാക്കുന്നതുമാണ്. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു,’ എന്നാണ് രോഹിത് ശര്‍മ കുറിച്ചത്.

അപകടം ഞെട്ടിക്കുന്നതാണെന്നും ജീവന്‍ നഷ്ടപ്പെട്ടവരെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കുന്നുവെന്നും സൂര്യകുമാര്‍ യാദവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ്-ലണ്ടന്‍ വിമാനാപകടം നടുക്കുന്നതാണ്. ജീവന്‍ നഷ്ടപ്പെട്ട എല്ലാവരും പ്രാര്‍ത്ഥനകളിലും ചിന്തകളിലുമുണ്ടാകും. ആ ദുരിതബാധിത പ്രദേശത്ത് താമസിക്കുന്ന ഓരോരുത്തരും സുരക്ഷിതരായിരിക്കട്ടെ,’ സൂര്യകുമാര്‍ യാദവ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.

‘ഇന്ന് അഹമ്മദാബാദിലുണ്ടായ ദാരുണമായ അപകടത്തെക്കുറിച്ചോര്‍ത്ത് ശരിക്കും ദുഃഖമുണ്ട്. എല്ലാ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ നഷ്ടം താങ്ങാനുള്ള ശക്തി നിങ്ങള്‍ക്കുണ്ടാകട്ടെ,’ റാഷിദ് ഖാന്‍ കുറിച്ചു.

ഗുജറാത്തിലെ അഹമ്മദാബാദിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണത്. പറന്നുയര്‍ന്ന് അല്‍പ്പസമയത്തിനുള്ളിലാണ് മേഘാനിനഗറിന് സമീപം വിമാനം തകര്‍ന്നുവീണത്. വിമാനത്താവളത്തിന് സമീപം ജനവാസ മേഖലയിലായിരുന്നു സംഭവം. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകമായിരുന്നു അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *