Your Image Description Your Image Description

രാമനല്ല, രാവണനാണ് നമ്മുടെ നായകനെന്ന് റാപ്പർ വേടൻ. രാവണനെ പറ്റി തൻറെ പുതിയ പാട്ട് വരുന്നുണ്ടെന്നും സ്​പോട്ട്​ലൈറ്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വേടൻ വെളിപ്പെടുത്തി. പുതിയ പാട്ട് ഇറങ്ങിക്കഴിയുമ്പോൾ എന്നെ വെടിവച്ചുകൊല്ലുമോ എന്നറിയാമെന്നും വേടൻ കൂട്ടിച്ചേർത്തു.മര്യാദപുരുഷോത്തമൻ രാമനെ അറിയില്ല എന്നും വേടൻ പറഞ്ഞു.

‘പത്തുതല എന്നൊരു പാട്ട് വരുന്നുണ്ട്. ആ പാട്ടിറങ്ങി കഴിഞ്ഞാൽ ഇവന്മാരെന്നെ വെടിവച്ചുകൊല്ലുമോ എന്നറിയാം. രാവണനെ കുറിച്ചുള്ളതാണ്. ശ്രീലങ്കയിൽ നിന്നുമാണ് ഇൻസ്പിരേഷൻ. കമ്പ രാമായണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പാട്ട്. രാവണൻ ആണ് നമ്മുടെ നായകൻ. നമുക്ക് രാമനെ അറിയില്ല. ഇച്ചിരി പ്രശ്നമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാംലീല മൈതാനത്ത് ആണ്ടുതോറും രാവണനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കുന്നുണ്ട്. അത് പൂർണമായും വെറുപ്പ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഒരു ജനസമൂഹത്തിന് മേൽ അത് വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ടെഴുതുക. മര്യാദപുരുഷോത്തമൻ രാമനെ അറിയില്ല,’ വേടൻ പറഞ്ഞു.

ദക്ഷിണേന്ത്യയിലും കേരളത്തിലും വർണ്ണവിവേചനം നിലനിൽക്കുന്നുണ്ടെന്നും ജാതി നോക്കാതെ എല്ലാവരും അത് നേരിടുന്നുണ്ടെന്നും വേടൻ പറഞ്ഞു. നാല് എംഎയും അഞ്ച് എംഎയുമുള്ളവർ അതിനെക്കുറിച്ച് വേറെ സ്ഥലങ്ങളിലിരുന്ന് സംസാരിക്കുന്നുണ്ട്. ഞാൻ തെരുവിൻറെ മകനാണ്. അത് പാട്ടിലൂടെ ഞാൻ സംസാരിക്കുന്നു. ഞാൻ കലയൊന്നും പഠിച്ചിട്ടില്ല. ഞാൻ ഒരു കൂലിപ്പണിക്കാരനാണ്. പേന പിടിക്കുന്ന കയ്യല്ല ഇത്. കലയ്ക്ക് ഒരു പ്രത്യേകരൂപമോ വിശുദ്ധിയോ ഇല്ലെന്നും വേടൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *