Your Image Description Your Image Description

തിരുവനന്തപുരം: കൈമനത്തെ വാഴത്തോപ്പിൽ സ്ത്രീയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള കരമന സ‌ജികുമാറിനെ പൊലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. തുടർന്നാണ് കരുമം സ്വദേശി ഷീജയുടെ ബന്ധുക്കളുടെയും പരിചയക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ സ‌ജികുമാറിനെ കരമന പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എച്ച്ഒ അനൂപിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്തത്.

ഷീജയുടെ വീടിന്‍റെ അടുത്തായിരുന്നു ഇയാളുടെയും താമസം. ഷീജയുമായി സജി അടുത്തബന്ധം പുലർത്തിയതായും,​ പ്രതി ഇവരിൽ നിന്ന് ധാരാളം പണം കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഷീജ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരോടും ബന്ധുക്കളോടും ഷീജയെകുറിച്ച് ഇയാൾ മോശമായി സംസാരിച്ചിരുന്നു. അടുത്തിടെ ഇയാൾ മറ്റൊരു സ്ത്രീയുമായി ബന്ധത്തിലായ വിവരം ഷീജയറിഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ പ്രതി ഇവരുടെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തി. ഷീജയെ പലവട്ടം സജി മർദ്ദിച്ചതായും ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ഷീജയുടെ സഹോദരിയടക്കം സജിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷീജയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ വെളിപ്പെടുത്തിയതിനെ തുടർന്ന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. ശാസ്ത്രീയമായ തെളിവ് ശേഖരണവും പൊലീസ് നടത്തി. മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *