Your Image Description Your Image Description

ദുബായ്: എമിറേറ്റിലെ മെട്രോ, ട്രാം സ്റ്റേഷനുകള്‍ വൃത്തിയാക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അധികൃതര്‍ അറിയിച്ചു. പരമ്പരാഗത ശുചീകരണ രീതികളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതത്വവും കാര്യക്ഷമതയും ഡ്രോണുകള്‍ക്കുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ നടപടി. ബഹുനില കെട്ടിടങ്ങളിലെ തീ അണയ്ക്കാനും ഗതാഗതം നിരീക്ഷിക്കാനും ഡെലിവറി സേവനങ്ങള്‍ക്കും ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മെട്രോ, ട്രാം സ്റ്റേഷനുകളുടെ പുറംഭാഗങ്ങള്‍ വൃത്തിയാക്കുന്നതിന് ഡ്രോണുകള്‍ വിന്യസിക്കുന്നതിന് ആര്‍ടിഎയും ദുബായ് മെട്രോ, ട്രാം എന്നിവയുടെ പ്രവര്‍ത്തന, പരിപാലന ചുമതലയുള്ള കിയോലിസ് എംഎച്ച്‌ഐയും തമ്മില്‍ സഹകരിച്ച് പ്രവർത്തിക്കുകയാണ്.

സുരക്ഷാ നിലവാരവും പാരിസ്ഥിതിക സുസ്ഥിരതയും വര്‍ധിപ്പിക്കാനാണ് പുതിയ സംരംഭത്തിലൂടെ ആര്‍ടിഎ ശ്രമിക്കുന്നത്. ഇതുവഴി സ്റ്റേഷനുകളുടെ പുറംഭാഗങ്ങള്‍ വൃത്തിയാക്കാന്‍ ആവശ്യമായ ജീവനക്കാരുടെ എണ്ണം പകുതിയിലേറെ കുറയ്ക്കാന്‍ കഴിയും. നിലവില്‍ ഒരു സ്റ്റേഷന്‍ വൃത്തിയാക്കുന്നതിന് 15 ജീവനക്കാരെയാണ് നിയോഗിക്കാറുള്ളത്. എന്നാല്‍ ഡ്രോണ്‍ ഉപയോഗത്തിലൂടെ ഇത് എട്ടായി പരിമിതപ്പെടുത്താമെന്നതാണ് പ്രത്യേകത. ഉയരങ്ങളില്‍ കയറി ജോലി ചെയ്യുമ്പോഴുണ്ടാകുന്ന അപകടസാധ്യതയും ഡ്രോണ്‍ സാങ്കേതികവിദ്യ കുറയ്ക്കുന്നുണ്ട്. പരമ്പരാഗത ശുചീകരണ സംവിധാനങ്ങളെ അപേക്ഷിച്ച് ഡ്രോണുകള്‍ക്ക് ജല ഉപയോഗവും കുറവാണെന്ന് ആര്‍ടിഎ റെയില്‍ ഏജന്‍സിയിലെ മെയിന്റനന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ അമീരി പറഞ്ഞു.

പാരിസ്ഥിതിക സുസ്ഥിരതയും പൊതുസുരക്ഷയും വര്‍ധിപ്പിക്കുന്നതിലും ഡ്രോണുകള്‍ ഫലപ്രദമാണ്. പാരിസ്ഥിതിക ആഘാതം കുറയ്ക്കാനും തൊഴിലാളികളുടെ ക്ഷേമം ഉയര്‍ത്താനുമുള്ള സുപ്രധാന ചുവടുവെപ്പാണിത്. പരമാവധി സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നഗരത്തിലെ ഗതാഗത സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. നവീകരണം, കാര്യക്ഷമത, സുസ്ഥിരത എന്നിവയിലൂടെ പൊതുഗതാഗതം മെച്ചപ്പെടുത്താനുള്ള ആര്‍ടിഎയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കിയോലിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വികാസ് സര്‍ദന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *