Your Image Description Your Image Description

ഫുജൈറ: യുഎഇയിലേക്കുള്ള സര്‍വീസുകള്‍ ഉയര്‍ത്താനൊരുങ്ങി ഇന്ത്യന്‍ ബജറ്റ് എയർലൈൻ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. യുഎഇയിലെ ഫുജൈറയിലേക്ക് നേരിട്ടുള്ള പുതിയ പ്രതിദിന സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങുകയാണ് ഇന്‍ഡിഗോ. കേരളത്തില്‍ നിന്നുള്‍പ്പെടെ പുതിയ സര്‍വീസുകളുണ്ട്. കണ്ണൂരില്‍ നിന്നും മുംബൈയില്‍ നിന്നും മെയ് 15 മുതല്‍ ഫുജൈറയിലേക്ക് ദിവസേന നേരിട്ടുള്ള സര്‍വീസ് തുടങ്ങുമെന്നാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കണ്ണൂരിൽ നിന്ന് രാത്രി 8.55ന് പുറപ്പെടുന്ന ആദ്യ വിമാനം രാത്രി 11.25ന് ഫുജൈറയിൽ എത്തും. തിരികെ പുലർച്ചെ 3.40ന് പുറപ്പെടുന്ന വിമാനം രാവിലെ 9ന് കണ്ണൂരിൽ എത്തും. ഫുജൈറയിൽ നിന്ന് അർധരാത്രി 12.25ന് പുറപ്പെട്ട് പുലർച്ചെ 4.50ന് മുംബൈയിൽ ഇറങ്ങും. മുംബൈയിൽ നിന്നു പുലർച്ചെ 1.10ന് പുറപ്പെട്ട് ഫുജൈറയിൽ പുലർച്ചെ 2.40ന് എത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇൻഡിഗോ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഉൽപന്നങ്ങളിൽ ആകർഷക നിരക്കിളവുകളും ലഭിക്കും. ഇന്‍ഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തെ ഡെസ്റ്റിനേഷനാണ് ഫുജൈറ.

ഇന്‍ഡിഗോയുടെ 41-ാമത്തെ അന്താരാഷ്ട്ര സര്‍വീസുമാണിത്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രക്കാരുടെ ഡിമാന്‍ഡ് വര്‍ധിച്ചതിനെ തുടര്‍ന്നാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതെന്നും പുതിയ റൂട്ടില്‍ ദിവസേന നേരിട്ടുള്ള സര്‍വീസുകള്‍ ഉണ്ടാകുമെന്നും എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. ദുബായിലേക്കും ഷാര്‍ജയിലേക്കും തിരികെയുമുള്ള യാത്രക്കാര്‍ക്കായി ബസ് സര്‍വീസുകളും ഇന്‍ഡിഗോ ഏര്‍പ്പെടുത്തും.

അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ഇന്‍ഡിഗോ സര്‍വീസുകള്‍ നടത്തുന്നത്. ഇത് യുഎഇയുടെ വിവിധ പ്രദേശങ്ങളിലുള്ള യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണ്. ഇത് തങ്ങളുടെ 41-ാമത് അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍ ആണെന്നും യുഎഇയിലെ അഞ്ചാമത്തെ ഡെസ്റ്റിനേഷന്‍ ആണെന്നും ഇന്‍ഡിഗോയുടെ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു. അബുദാബി, ദുബായ്, റാസല്‍ഖൈമ, ഷാര്‍ജ എന്നിവിടങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ ആരംഭിക്കുന്ന ഈ സര്‍വീസുകള്‍ മേഖലയിലെ കണക്ടിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്തുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *