Your Image Description Your Image Description

കേരളത്തിൽ ജോലി കിട്ടാൻ പ്രയാസമാണ് എന്ന പരാതി പറയാത്ത യുവാക്കളുണ്ടാകില്ല‌. അതിനാൽ പത്തിരുപത് വയസ്സാകുമ്പോൾ തന്നെ ​ഗൾഫിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ പോകാൻ തയ്യാറാകുന്ന യുവാക്കളുടെ എണ്ണം കൂടുതലാണ്. പ്ലസ്ടു കഴിഞ്ഞാലുടൻ ഉപരിപഠനത്തിനെന്ന പേരിൽ യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും കുടിയേറുന്ന കൗമാരക്കാരുടെ എണ്ണവും കേരളത്തിൽ വർധിച്ചുവരുന്നു. എന്നാൽ, ചെയ്യാൻ മനസ്സുണ്ടെങ്കിൽ കേരളത്തിൽ പണിയുണ്ടെന്നും, പണി ചെയ്താൽ കൈനിറയെ പണം കിട്ടുമെന്നുമുള്ളതാണ് സത്യം. ഇതിന്റെ നേർസാക്ഷ്യം പറയുന്നൊരു വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്നത്.

ഷോജി രവി എന്ന കണ്ടൻറ് ക്രിയേറ്റർ പങ്കുവെച്ച വിഡിയോയാണ് സൈബറിടങ്ങളിൽ വലിയ ചർച്ചയാകുന്നത്. കേരളത്തിൽ നിന്നും മാസം മൂന്ന് ലക്ഷം രൂപ സമ്പാദിക്കുന്ന കൊൽക്കത്തക്കാരനായ ദിപുൽ എന്ന യുവാവിനെയാണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. തേങ്ങ ഇട്ടും പുല്ല് വെട്ടിയുമൊക്കെ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ നിന്ന് മാസം സമ്പാദിക്കുന്ന തുക കേട്ട് മലയാളികൾ കണ്ണുതള്ളുകയാണ്.

കൊൽക്കത്തയിൽ നിന്നും ആളുകളെ കൊണ്ടുവന്ന് കേരളത്തിലെ പുരയിടങ്ങളിലെ തേങ്ങ ഇട്ടുനൽകുകയാണ് ഇയാളുടെ ജോലി. ദിപുൽ കേരളത്തിൽ വന്നിട്ട് വർഷങ്ങളായി. തെങ്ങിന് മരുന്നടിക്കാനായി വന്നതായിരുന്നു അന്ന്. പീന്നിട് ജോലി സാധ്യതകൾ തിരിച്ചറിഞ്ഞാണ് ദീപുൽ ഈ സംരംഭം ആരംഭിച്ചത്.

മലയാളികൾക്ക് ഇത്തരം പണിയെടുക്കാൻ അഭിമാനക്കുറവ് ആണെന്നും ഇനി ചെയ്താൽ തന്നെ നാട്ടിൽ വില കിട്ടില്ലെന്നുമാണ് കമൻറ് ബോക്സ് പറയുന്നത്. അതുകൊണ്ടാണ് കുറഞ്ഞ വേതനത്തിന് മലയാളികൾ വൈറ്റ് കോളർ ജോലിക്ക് പിന്നാലെ പോകുന്നതെന്നും അഭിപ്രായമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *