Your Image Description Your Image Description

ഫെരാരി കാർ ഉടമകൾക്കായി നടത്തിയ റാലിയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ മലമുകളിലെ റോഡിൽ നിന്നും താഴെ നദിയിലേക്ക് മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വടക്കന്‍ സ്പെയിനില്‍ വച്ചാണ് അപകടം നടന്നത്. മൂന്ന് ലക്ഷം യൂറോ (3,39,29,070 രൂപ) വിലയുള്ള ഫെരാരിയാണ് അപകടത്തില്‍പ്പെട്ടതെന്ന് മെട്രോ റിപ്പോര്‍ട്ട് ചെയ്തു. 78 ഉം 58 ഉം വയസുള്ള ദമ്പതികളാണ് മരിച്ചത്.

സ്പെയിനിലെ ലിയോൺ പ്രവിശ്യയിലെ N-621 ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് ഫെരാരി പ്രേമികളുടെ 20 കാറുകളുടെ സംഘത്തിലെ അംഗങ്ങളായിരുന്നു 78 ഉം 58 ഉം വയസ്സുള്ള ഈ ദമ്പതികൾ. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ അവർ സഞ്ചരിച്ചിരുന്ന കറുത്ത നിറമുള്ള ഫെരാരി 488 നിയന്ത്രണം നഷ്ടപ്പെട്ട് ബോക്ക ഡി ഹുർഗാനോ പട്ടണത്തിനടുത്തുള്ള ഒരു പാറക്കെട്ടിൽ നിന്ന് യൂസോ നദിയിലേക്ക് മറിയുകയായിരുന്നു.

അപകടം നടന്നതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനങ്ങൾ ആരംഭിച്ചെങ്കിലും നദിയില്‍ ഭാഗികമായി മുങ്ങിയ കാറിന് അടുത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് മണിക്കൂറുകളോളം കഷ്ടപ്പെടേണ്ടിവന്നു. ഇതിനിടെ നദിയിലെ ഒഴുക്കില്‍ കാര്‍ പലതവണ തലകീഴായി മറിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മണിക്കൂറില്‍ 205 മൈൽ (329 കിലോമീറ്റര്‍) വേഗത കൈവരിക്കാന്‍ കഴിയുന്ന വാഹനമായിരുന്നു ദമ്പതികൾ ഓടിച്ചിരുന്നത്. വീഴ്ചയിൽ വാഹനം വലിയ തോതിൽ തക‍ർന്നു. ദമ്പതികളുടെ മരണം അപകടത്തില്‍ പരിക്കേറ്റാണോ അതോ മുങ്ങി മരണമാണോയെന്ന് അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതീവ ദുർഘടമെങ്കിലും മനോഹരമായ ഈ വഴിയിലൂടെ ബ്രിട്ടീഷ് ഫെരാരി ഉടമകൾക്കായി നടത്തിയ റാലിയുടെ ഭാഗമായി എത്തിയതായിരുന്നു ദമ്പതികൾ.

Leave a Reply

Your email address will not be published. Required fields are marked *