Your Image Description Your Image Description

ആനപ്പുറത്തു കയറുകയും വേണം, കവലയിലൂടെ പോവുകയും വേണം എന്നാൽ നാലാള് കാണാനും പാടില്ല എന്നൊക്കെ പറയുമ്പോൾ അത് നടക്കുന്ന കാര്യമാണോ രാഹുലേ? രാഹുലിനൊരു കാര്യമറിയാമോ? നിങ്ങൾ കോൺഗ്രസുകാരെ കുറിച്ച് ഏറ്റവും കൂടുതൽ ദുഷിപ്പ് പറഞ്ഞു പരത്തുന്നത് നിങ്ങൾ കോൺഗ്രെസ്സുകാർ തന്നെയാണ്. അതിൽ ഞങ്ങൾക്കൊന്നും വലിയ പങ്കില്ല. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും
കെപിസിസിയുടെ പുതിയ നേതൃത്വത്തിനെതിരെ മാധ്യമങ്ങൾ ബോധപൂർവ്വമായ നെഗറ്റീവ് വാർത്തകൾ നൽകുകയാണെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പുതിയ ചുമതല ഏറ്റെടുക്കൽ ചടങ്ങിൽ നിന്നും ചില നേതാക്കൾ മുൻനിശ്ചയിച്ച പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ വിട്ടുനിന്നപ്പോൾ തെറ്റായ പ്രചരണം ഉണ്ടായി. പുതിയ ടീമിൽ പാർട്ടിക്കും പ്രവർത്തകർക്കും വിശ്വാസമുണ്ടെന്നും ഇവർ പഞ്ചായത്തും നിയമസഭയും ജയിപ്പിക്കുമെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
ഷാഫി പറമ്പിലിനെയും അനിൽകുമാറിനെയും താഴെ നിർത്തി കോൺഗ്രസ് നേതൃത്വം ” ഈ ചിത്രം കണ്ടാൽ ബിജെപി സിപിഎം ഏജന്റുമാരായ ചില കുത്തിതിരുപ്പ് മാധ്യമ പ്രവർത്തകർക്ക് തോന്നുന്ന തലക്കെട്ടാണ് ഇത്. ഇക്കൂട്ടരാണ് കെപിസിസിയുടെ പുതിയ ടീമിനു എതിരെ ബോധപൂർവമായ നെഗറ്റീവ് വാർത്തകളുമായി കടന്നു വരുന്നത്. അതിന്റെ ഒരു ഉദാഹരണം പറയാം, ടീം കെപിസിസിയുടെ ചുമതല ഏറ്റടുക്കലിനു പലരും വിട്ടു നിന്ന് എന്നാണ് ചില വിദ്വാന്മാരുടെ കണ്ടെത്തൽ. വിട്ട് നിന്നതല്ല, ചില മുൻനിശ്ചയിച്ച പരിപാടികൾ കാരണം പാർട്ടിയെ അറിയിച്ചതാണ് എന്ന് പറയുമ്പോൾ പറയുന്നത് ‘ഞങ്ങളെ അറിയിച്ചില്ലല്ലോ എന്നാണ്’. ഞങ്ങൾ പങ്കെടുക്കാത്തതിൻ്റെ കാരണം നിങ്ങളെ അറിയിക്കാൻ സൗകര്യമില്ല, കാരണം ലീവ് അറിയിക്കാൻ ഞങ്ങൾ നിങ്ങളുടെ ചാനലിലെ ജീവനക്കാരല്ല.
ഇന്നലത്തെ ചാർജ് എടുപ്പിൽ നിന്ന് ആന്റോ ആന്റണി വിട്ടു നിന്നു എന്ന ക്രൂരമായ വാർത്ത ചിലർ കൊടുത്തു. ഞങ്ങളുടെ എല്ലാം സഹപ്രവർത്തകനായ ഡിസിസി വൈസ് പ്രസിഡൻറ് എം ജി കണ്ണൻ അപ്രതീക്ഷിതമായി മരണപ്പെട്ടതുമായി ബന്ധപെട്ട് ഞാനും ശ്രീ ആന്റോ ആന്റണിയും എല്ലാം ആ വിലാപ യാത്രയുടെ ഭാഗമായി ആംബുലൻസിൽ ഇരിക്കുമ്പോഴാണ്, ആന്റോ ആന്റണി വിട്ടു നിന്നു എന്ന മനുഷ്യത്തരഹിതമായ വാർത്ത വരുന്നത്. പുതിയ ടീം തങ്ങൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ അടിസ്ഥാന പ്രവർത്തകരെ വിജയിപ്പിക്കാനുള്ള മിഷനിൽ ആണെന്നു പറഞ്ഞത് മുതൽ ശ്രീ എം വി ഗോവിന്ദന്റെയും ശ്രീ രാജീവ് ചന്ദ്രശേഖരന്റെയും വിഷമം മനസ്സിലാകും, ആ വിഷമത്തിന് ഏറ്റ് കരയാൻ ചില മാധ്യമ പ്രവർത്തകർ ശ്രമിച്ചാൽ പാർട്ടിയും പാർട്ടി പ്രവർത്തകരും അത് ജനാധിപത്യപരമായി പ്രതിരോധിക്കുക തന്നെ ചെയ്യും.
വയനാട്ടിൽ CPM ജില്ലാ സെക്രട്ടി തിരഞ്ഞെടുപ്പിൽ ഔദ്യോദിക സ്ഥാനാർത്ഥിയെ തോല്പ്പിച്ച് വിമതനായ DYFI നേതാവ് വന്നപ്പോൾ, ‘CPM ൽ യുവരക്തം’ എന്ന് വാർത്ത തലക്കെട്ട് കൊടുത്തവർ, ശ്രീ K സുധാകരൻ വർക്കിംഗ് കമ്മിറ്റി മെമ്പറായി ശ്രീ സണ്ണി ജോസഫ് പുതിയ പ്രസിഡൻ്റ് ആയി വന്നപ്പോൾ ‘സുധാകരനെ വെട്ടി സണ്ണി’ എന്ന് വാർത്ത കൊടുത്ത കുത്തിത്തിരുപ്പൊക്കെ പ്രവർത്തകർ തിരിച്ചറിയുന്നുണ്ട്. ഈ ടീമിൽ പാർട്ടിക്കും പ്രവർത്തകർക്കും വിശ്വാസമുണ്ട്, ഇവർ പഞ്ചായത്തും ജയിപ്പിക്കും നിയമസഭയും ജയിപ്പിക്കും ഇതാണ് രാഹുൽ പറയുന്നത്.
രാഹുൽ പറഞ്ഞതൊക്കെ ന്യായം തന്നെ. എന്നാൽ ഇപ്പറഞ്ഞതിൽ എത്ര മാത്രം ശേരിയുണ്ടെന്നു നിങ്ങളുടെ കൂട്ടത്തിലുള്ള നാല് പേരെ വിളിച്ചു പറഞ്ഞാൽ അതിൽ നാല് പേരും പറയുന്നത് നാല് തരംകുറ്റമായിരിക്കും, മാത്രമല്ല, അതിൽ ഒരു വിരുതൻ ഇതൊക്കെ പറയാൻ രാഹുൽ മാങ്കൂട്ടത്തിൽ ആരാണെന്നു വരെ ചോദിച്ചേക്കാം.. മാധ്യമങ്ങളോ മറ്റു പാർട്ടിക്കാരോ നിങ്ങളെ കുറിച്ച് വല്ലതും പറയുന്നുണ്ടെങ്കിൽ അതിനു കാരണം നിങ്ങൾ തന്നെയാണെന്ന് സാരം. ആദ്യം നിങ്ങളിൽ തന്നെ ഒരു ഐക്യമുണ്ടാക്ക്. അപ്പോൾ പകുതി പ്രശ്നങ്ങൾ തീരും. അല്ലാതെ കയ്യക്ഷരം നന്നല്ലാത്തതിന് വെറുതെ പെന്നിനെ കുറ്റം പറയാതെ.

Leave a Reply

Your email address will not be published. Required fields are marked *