Your Image Description Your Image Description

ഒരു നിവൃത്തിയുമില്ലാഞ്ഞിട്ടാണ് ഇങ്ങോട്ട് വന്നത്. സ്വകാര്യ ആശുപത്രിയില്‍ ലക്ഷക്കണക്കിന് രൂപ കൊടുത്ത് ഓപ്പറേഷൻ നടത്താൻ പണമില്ല . പാവങ്ങളുടെ ആശുപത്രിയായ മെഡിക്കല്‍ കോളേജാണ് ഞങ്ങള്‍ക്ക് ശരണം. പക്ഷേ, എന്ത് ചെയ്യാന്‍. ഡോക്ടര്‍മാരിലും ആര്‍ത്തിയുള്ളവരുണ്ടെന്ന് മനസിലായി.

ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലെത്തിയ എത്തിയ ചേര്‍ത്തല സ്വദേശിനിയുടെ ഈ വാക്കുകള്‍ ഇനിയെങ്കിലും അധികൃതരുടെ ചെവിയില്‍ പതിയണം. ഇത് ഒരാളുടെ കഥയല്ല.

സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ സ്വകാര്യ സര്‍ജിക്കല്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഒത്തുകളിക്കുന്നതായാണ് ആക്ഷേപം. ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികളെയാണ് ഇവര്‍ പിഴിയുന്നത്. സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഇവര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങണം. പുറത്തേയ്ക്ക് കുറിച്ചുകൊടുക്കുന്ന മരുന്നുകളുടെ കാര്യത്തിലും ഇതാണ് സ്ഥിതി. ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ.

ഒരു സർജറിക്ക് ഒരു ലക്ഷം രൂപ പ്രൈവറ്റ് ആശുപത്രിയിൽ ചിലവാകുകയാണെങ്കിൽ സർക്കാർ ആശുപത്രിയിൽ അത്രയും ആയില്ലെങ്കിലും അതിന്റെ മുക്കാൽ ഭാഗമെങ്കിലും ആകും . തൊട്ടതിനും പിടിച്ചതിനും തൂണിനും തുരുമ്പിനും കാശ് കൊടുക്കണം .

ആദ്യമായി പരിശോധനയ്ക്ക് വരുമ്പോൾ മുതൽ കൈനിറയെ കാശുമായി വരണം , പെട്ടന്ന് ഡോക്ടറെകാണണമെങ്കിൽ അതിന് മുൻഗണന കിട്ടാൻ ഒപി ടിക്കറ്റിന് , അത് എഴുതാൻ ഇരിക്കുന്നവർക്ക് കൊടുക്കണം ആദ്യ കൈക്കൂലി .

ഡോക്ടറെ കണ്ടു കഴിയുമ്പോൾ നീണ്ട ലിസ്റ്റ് തരും ബ്ലഡ് , മാള മൂത്ര പരിശോധനയ്ക്കുള്ള കുറിപ്പടി , അതുമായി പോകേണ്ട ലാബിന്റെ പേര് അറ്റൻഡർ പറഞ്ഞു കൊടുക്കും . അവിടെ ചെന്നാലോ എം ആർ പി , അതായത് ഏറ്റവും കൂടിയ റേറ്റാണ് കൊടുക്കേണ്ടത് .

ആ പരിശോധന ഫലവുമായി എത്തുമ്പോൾ അറ്റൻഡർ പറയും ഡോക്ടറെ വീട്ടിൽ ചെന്നുകാണാൻ , വഴിയും പറഞ്ഞു കൊടുക്കും . അവിടെ ചെല്ലുമ്പോൾ രാവിലെ കണ്ടതിലും വലിയ ക്യു ആയിരിക്കും അവിടെയും . കാത്തുനിന്ന് ഒടുവിൽ ഡോക്ടറെ കാണും .

പരിശോധനാ ഫലം കാണിക്കും . അപ്പോൾ ഡോക്ടർ പറയും ഇപ്പോൾ ഈ മരുന്നുകൾ കഴിക്കണം , മൂന്ന് ദിവസം കഴിഞ്ഞു ആശുപത്രിയിൽ വന്ന് അഡ്മിറ്റാകണം , ഓപ്പറേഷൻ ചെയ്യാമെന്ന് , മരുന്ന് വാങ്ങിക്കേണ്ട മെഡിക്കൽ സ്റ്റോറം പറഞ്ഞു കൊടുക്കും .

മെഡിക്കൽ സ്റ്റോറിൽ ചെന്ന് തുണ്ട് കൊടുക്കുമ്പോൾ കണക്ക് കൂട്ടി പറയും 2000 മുതൽ 3000 രൂപയുടെ വരെ ഗുളികയും വിറ്റാമിൻ സിറപ്പുമൊക്കെ കൊടുക്കും . കൈനിറച്ചു മരുന്നുമായി വീട്ടിൽ പോകാം , മൂന്ന് ദിവസം കഴിഞ്ഞു വീണ്ടും ആശുപത്രിയിൽ ചെന്ന് അഡ്മിറ്റാകും , ഉടനെ തന്നെ നഴ്സ് ഒരു നീണ്ട ലിസ്റ്റ് കൊടുത്തിട്ട് പറയും ഇത്രയും സാധനങ്ങൾ വേണം , അത് കിട്ടുന്ന കടയും പറഞ്ഞു കൊടുക്കും .

അതുമായി ചെല്ലുമ്പോൾ ചോദിക്കും ഡോക്ടറെ വീട്ടിൽ പോയി കണ്ടോയെന്ന് , വീട്ടിൽ ചെന്ന് കാണുമ്പോഴാണ് ഓപ്പറേഷൻ തീയതി മൊഴിയൂ , അതിനായി കട്ടിയുള്ള കവർ മേശപ്പുറത്ത് വയ്ക്കണം . മാത്രമല്ല അനസ്‌തേഷ്യ ഡോക്ടറെകണ്ട് പറയാനും പറഞ്ഞു വിടും .

പുറത്തിറങ്ങി ചീട്ടെഴുതുന്ന ആളോട് അനസ്തേഷ്യ ഡോക്ടറുടെ വീടാന്വഷിക്കും , അയാൾ കൃത്യമായി പറഞ്ഞു കൊടുക്കും . അയാൾക്കും വല്ലതും കൊടുത്താൽ കൈനീട്ടി വാങ്ങിക്കും , അതുകഴിഞ്ഞു നേരെ അനസ്തേഷ്യ ഡോക്ടറുടെ വീട്ടിലേയ്ക്ക് വച്ചുപിടിക്കും , അദ്ദേഹത്തിനും കനത്ത കവർ കൊടുക്കണം .

ആ കടമ്പയും കഴിഞ്ഞു ഓപ്പറേഷൻ തീയേറ്ററിലേക്ക് പോകുന്നതിന് മുൻപ് വീൽ ചെയറുമായി കൊണ്ടുപോകാൻ വരുന്ന അറ്റൻഡർ ,തീയേറ്ററിൽ നിൽക്കുന്ന നേഴ്‌സുമാർ , അറ്റൻഡർമാർ , മുറിയൊക്കെ തൂക്കാൻ വരുന്ന സ്വീപ്പർമാർ എല്ലാവര്ക്കും പ്രത്യേകം പ്രത്യേകം കൈമടക്ക് കൊടുക്കണം .

ഓപ്പറേഷൻ കഴിഞ്ഞു ഡിസ്ചാർജ്ജാകുംബോൾ റൂമിൽ വന്നു നോക്കിയാ നഴ്സുമാർക്ക് നല്ല ഓരോ കവർ കൊടുക്കണം . ഇതെല്ലം കഴിഞ്ഞു വീട്ടിൽ വന്ന് കണക്കു കൂട്ടുമ്പോൾ തോന്നും ആദ്യം പറഞ്ഞ പ്രൈവറ്റ് ആശുപത്രിയിൽ പോയാൽ മതിയായിരുന്നെന്ന് . അവിടെയായിരുന്നെങ്കിൽ ഡോക്ടർമാരെ കാണുന്നതിനും മരുന്ന് വാങ്ങുന്നതിനും ടെസ്റ്റ് ചെയ്യുന്നതിനുമൊന്നും അലഞ്ഞു തിരിഞ്ഞു നടക്കേണ്ടിയിരുന്നില്ല .

ഇതൊക്കെയാണ് ഒരു പാവപ്പെട്ടവന് അസുഖം വന്നാലുള്ള സ്ഥിതി .പ്രൈവറ്റ് ആശുപത്രിയിലാണെങ്കിൽ ഇൻഷുറൻസുണ്ടെങ്കിൽ പിന്നെ ആശുപത്രിക്കാർ നോക്കിക്കൊള്ളും , എല്ലാ ടെസ്റ്റുകളും ചെയ്ത് മുന്തിയ റൂമും തന്നെ കിടത്തി ചികിൽസിച്ചു വിടും , അവർക്ക് ഇൻഷുറൻസുകാർ പൈസ കൊടുത്തോളും .

കൈക്കൂലിയും കവറുകളുമായി ആരുടെയും പുറകെ നടക്കേണ്ടല്ലോ . ഈ സ്ഥിതിയൊക്കെ മാറണം , പാവങ്ങൾക്ക് ഇൻഷുറൻസൊന്നും കാണില്ല , അവർക്ക് ആശ്രയം സർക്കാർ ആശുപത്രി തന്നെയാ . അതുകൊണ്ട് ഈ അഴിമതിയും കൈക്കൂലിയും നിറുത്തലാക്കണം .

സര്‍ജന്മാര്‍ക്കെതിരെയും സര്‍ജിക്കല്‍ സ്ഥാപനത്തിനെതിരെയും വിജിലന്‍സ് അന്വേഷണം നടത്തണം. സ്വകാര്യ സര്‍ജിക്കല്‍ സ്ഥാപനങ്ങളും മെഡിക്കൽ സ്റ്റോറുകളുമൊക്കെ ഡോക്ടര്‍മാര്‍ക്ക് ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കുന്നത് നിറുത്തലാക്കിക്കണം .എങ്കിലേ പാവങ്ങളുടെ ആശ്രയമായ സർക്കാർ ആശുപത്രികൾ മെച്ചപ്പെടൂ .

Leave a Reply

Your email address will not be published. Required fields are marked *