Your Image Description Your Image Description

പ്രധാന സേവകനാണ് താനെന്നു രാഷ്‌ട്രത്തോടു പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ്. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും ആ നിലയ്‌ക്കു തന്നെ മുന്നോട്ടു പോകുമ്പോഴും ഏറ്റവും കരുത്തനായ ജനരക്ഷകനും താനാണെന്ന് വാക്കിലൂടെയും പ്രവർത്തിയിലൂടെയും ഇടപെടലുകളിലൂടെയും മോദി ജനങ്ങളുടെ മനസ്സിൽ മൗനമായി ഉറപ്പിക്കുന്നുമുണ്ട്. പഹൽഗാമിലെ ദുരന്തത്തിനു പിന്നാലെ അതിന് ഇരയായവരുടെ ബന്ധുക്കൾക്കും രാജ്യത്തിനാകെയും സംതൃപ്തിയും ആത്മവിശ്വാസവും പ്രതീക്ഷയും പകരാൻ അദ്ദേഹത്തിനു കഴിഞ്ഞത് പ്രവർത്തിയിലേയും ചിന്തകളിലേയും മനസ്സിലേയും നേരും ആത്മാർഥതയും കൊണ്ടു തന്നെയാണ്. മനപ്പൂർവം ദോഷം കണ്ടെത്താൻ ശ്രമിക്കുന്ന ദോഷൈകദൃക്കുകൾക്കൊഴികെ മോദി എന്ന പ്രധാനമന്ത്രി രക്ഷകനും സേവകനും കാവൽക്കാരനുമാണ്. പഹൽഗാം ഭീകരാക്രണത്തിന്റെ വേദന ഒരു പരിധിവരെയെങ്കിലും കഴികിക്കളഞ്ഞ സൈനിക നടപടിക്കു പിന്നാലെ കഴിഞ്ഞ ദിവസം മോദി നടത്തിയ പ്രസംഗം രാഷ്‌ട്രമനസ്സിനെ ആത്മധൈര്യത്തിന്റെ ഉയരങ്ങളിലേയ്്ക്കു കൊണ്ടെത്തിക്കുന്നതായിരുന്നു. ചെയ്യാമെന്ന് ഉറപ്പുള്ളതു മാത്രം പറയുകയും പറയുന്നതു നടപ്പാക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഓരോ വാക്കും ദീർഘ വീക്ഷണത്തോടെയുള്ള പ്രഖ്യാപനങ്ങൾ നിറഞ്ഞതായിരുന്നു. ചെയ്തത് എന്തെന്നും ഇനി ചെയ്യാനിരിക്കുന്നത് എന്തെന്നും അക്കമിട്ടു പറയുമ്പോൾ, കണ്ടും അനുഭവിച്ചും അറിഞ്ഞവർക്ക് വിശ്വസിക്കാൻ മറ്റൊന്നും വേണ്ട. എന്തിനും തെളിവു ചോദിക്കുന്നവർക്ക് അതു മനസ്സിലാവില്ലെങ്കിലും രാജ്യത്തിനു പുറത്ത് ആഗോളതലത്തിൽത്തന്നെ മോദി ശ്രദ്ധേയനാകുന്നത് ഈ നിഷ്‌കളങ്കമായ ആത്മാർഥതയും തന്റേടവുംകൊണ്ടുതന്നെയാണ്. പാക്കിസ്ഥാനെതിരെയുള്ള നടപടികൾ തൽകാലത്തേക്ക് മാത്രമാണ് നിർത്തിവച്ചിട്ടുള്ളതെന്നും ഭാവി എന്താകുമെന്നത് പാക്കിസ്ഥാന്റെ പെരുമാറ്റത്തിന് അനുസരിച്ചിരിക്കുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകൾ പരമപ്രധാനമാണ്. ഭാരതം ഈ മുന്നറിയിപ്പ് നൽകിയശേഷവും പാക്കിസ്ഥാൻ നടത്തിയ പ്രകോപനപരമായ നീക്കവും പെരുമാറ്റവും വ്യക്തമാക്കുന്നത് അവർ നിസ്സഹായതയിൽ നിന്നുള്ള അസ്വസ്ഥതയിലാണെന്നാണ്. ഒരു ഭീഷണിയും വകവച്ചു കൊടുക്കില്ലെന്നും അതിന് മൂന്നാമതൊരു കക്ഷിയുടെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്. കസേരയും ഭരണവും, ആർഭാടത്തിനും ധൂർത്തിനും അധികാരത്തിനും ഉള്ളതല്ലെന്നും അതു സേവനത്തിനും സമർപ്പണത്തിനുമാണെന്നും പറയാൻ എളുപ്പമായിരിക്കാം. പറയുന്നവർ വേണ്ടത്ര ഉണ്ടായെന്നും വരാം. പക്ഷേ, വാക്കിൽനിന്നു പ്രവർത്തിയിലേയ്‌ക്കു വരുമ്പോൾ അതു നിലനിർത്തണമെങ്കിൽ അസാമാന്യമായ സമർപ്പണബുദ്ധിയും മനസ്സാന്നിദ്ധ്യവും രാഷ്‌ട്ര ബോധവും വേണം. അതാണ് നരേന്ദ്ര മോദിയും രാജ്യം ഭരിച്ച മറ്റു മിക്ക ഭരണാധികാരികളും തമ്മിലുള്ള വ്യത്യാസം. സംഘ ശാഖകളിലൂടെ കടഞ്ഞെടുത്ത മനസ്സാണ് അതിന്റെ അടിത്തറ. ആരോപണങ്ങൾകൊണ്ട് ആ സത്യത്തെ മൂടിവയ്‌ക്കാനുള്ള ശ്രമങ്ങൾക്കു വർഷങ്ങളുടെ പഴക്കമുണ്ട്. കാലാകാലങ്ങളായി രാജ്യം കണ്ടുപോന്ന അഴിമതി ഭരണത്തിനു മാറ്റം വരുന്നത്, അത്തരം അഴിമതിയിൽ മുങ്ങിക്കുളിച്ച് അധികാരത്തിന്റെ ഇടനാഴികളിൽ വിരാജിച്ചവർക്ക് ഉൾക്കൊള്ളാൻ ആവില്ല. എതിർക്കാൻ പഴുതുകളില്ലാതെ വരുമ്പോൾ അത്തരക്കാരുടെ നിസ്സഹായതയിൽ നിന്നു പൊട്ടിമുളയ്‌ക്കുന്ന ആരോപണ ശരങ്ങൾക്കിടയിലൂടെ കൂസലില്ലാതെ മുന്നേറുന്ന സേവകനെ ജനം തിരിച്ചറിയുന്നതിന്റെ തെളിവാണ് ശക്തമായ നടപടികൾക്കു കിട്ടുന്ന തുറന്ന ജനപിന്തുണ. ഓപ്പറേഷൻ സിന്ദൂർ അതിന്റെ ഏറ്റവും പുതിയതും ഏറ്റവും ശക്തവുമായ തെളിവായി നിൽക്കുന്നു. സ്വാതന്ത്ര്യ ലബ്ധിമുതൽ ഭാരതത്തെ വിടാതെ പിൻതുടരുന്ന തലവേദനയാണല്ലോ പാക്കിസ്ഥാൻ എന്ന അയൽരാജ്യത്തിന്റെ നാണംകെട്ട പകപോക്കൽ നടപടികൾ. ഭാരതം ചന്ദ്രനിലെത്തിയപ്പോഴും അയൽരാജ്യത്തേയ്‌ക്ക് ഒളിച്ചുകടക്കാൻ ശ്രമിക്കുന്നവർ എന്ന പരിഹാസം അവർക്ക്് ഏറ്റവും യോജിക്കുന്ന വിശേഷണം തന്നെയാണ്. നുഴഞ്ഞു കയറിയും ഭീകരരെ ആശ്രയിച്ചും ഭാരതത്തിന്റെ സ്വസ്ഥത തകർക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന അവരുടെ മേൽ കൃത്യമായ ആധിപത്യവും നിയന്ത്രണവും നേടാൻ കഴിഞ്ഞു എന്നതാണ് പഹൽഗാം സംഭവത്തെത്തുടർന്നു നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഏറ്റവും വലിയ നേട്ടം. ലോക രാഷ്‌ട്രങ്ങൾക്കും ലോക പൊലീസ് ചമയുന്നവർക്കും പോലും മറുത്തു പറയാനാകാത്ത വിധം വ്യക്തമായി അത് ഉറപ്പിക്കുകയും അവരെക്കൊണ്ടു ഫലത്തിൽ സമ്മതിപ്പിക്കുകയും ചെയ്തത് മോദി എന്ന രാഷ്‌ട്ര നേതാവിന്റെ വിജയം തന്നെയാണ്. ആ വിജയത്തിന്റെ ശബ്ദമാണ് കഴിഞ്ഞ ദിവസം രാഷ്‌ട്രത്തോടായി ചെയ്ത പ്രസംഗത്തിൽ കേട്ടത്. സ്ത്രീകൾക്കു ഭാരതം നൽകുന്ന പരിഗണനയും ആദരവും എത്രയെന്നും അതിന്റെ മഹത്വം എന്തെന്നും, പാക്കിസ്ഥാനു കൊടുത്ത തിരിച്ചടിയിലും അക്കാര്യം വിവരിച്ച പ്രസംഗത്തിലും നിറഞ്ഞു നിൽക്കുന്നുമുണ്ട്. ഒരു കാര്യം ഉറപ്പാണ്. ഭാരതം സുരക്ഷിതമായ കൈകളിലാണ്. അതു സാമാന്യബോധമുള്ളവർ തിരിച്ചറിഞ്ഞു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *