Your Image Description Your Image Description

റിയാദ്: ഹുറൂബ് കേസില്‍ പെട്ട ഹൗസ് ഡ്രൈവര്‍ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പൊതുമാപ്പ്. അവരുടെ നിയമപരമായ പദവി ശരിയാക്കാന്‍ ആറുമാസത്തെ ഇളവുകാലം പ്രഖ്യാപിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം. ഹുറൂബ് കേസുകളില്‍ കുടുങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുതിയ സ്‌പോണ്‍സറുടെ കീഴിലേക്ക് മാറി രാജ്യത്ത് നിയമാനുസൃതം തൊഴിലെടുക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

മെയ് 11 മുതല്‍ ആറ് മാസത്തിനുള്ളിലാണ് പദവി ശരിയാക്കാനുള്ള അവസരം. ‘മുസാനദ്’ പ്ലാറ്റ്ഫോം ഓട്ടോമേറ്റഡ് സിസ്റ്റം വഴി പുതിയ തൊഴിലുടമകളാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. പ്ലാറ്റ്ഫോമില്‍ ലോഗിന്‍ ചെയ്ത് നടപടിക്രമങ്ങള്‍ സ്വയമേവ പൂര്‍ത്തിയാക്കുന്നതിലൂടെ ഹുറൂബായ ഗാര്‍ഹിക തൊഴിലാളികളുടെ അവസ്ഥ ശരിയാക്കാന്‍ പുതിയ തൊഴിലുടമകള്‍ക്ക് സാധിക്കും. രാജ്യത്തെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നതിനും തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇളവ് നല്‍കുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.

മുമ്പ് ഹുറൂബ് ആയി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതും ഇപ്പോഴും രാജ്യത്തിനുള്ളില്‍ നിയമവിരുദ്ധമായി താമസിക്കുന്നതുമായ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അവരുടെ സേവനങ്ങള്‍ മറ്റ് തൊഴിലുടമകള്‍ക്ക് കൈമാറുന്നതിലൂടെ അവസ്ഥ ശരിയാക്കാന്‍ പുതിയ പ്രഖ്യാപനം അനുവദിക്കുന്നു. എന്നാല്‍, ഈ പ്രഖ്യാപനത്തിന് ശേഷം പുതുതായി ഹുറൂബ് കേസുകളില്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഇത് ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *