Your Image Description Your Image Description

ഹരിപ്പാട്: വിവാഹ ദിനത്തിൽ സ്വർണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തെന്നാരോപിച്ച് വധു കല്യാണത്തില്‍ നിന്നു പിന്മാറി. ഹരിപ്പാടാണ് സംഭവം. വിവാഹത്തലേന്ന് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ ഇരുവീട്ടുകാരും തമ്മില്‍ സംസാരിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ പിന്‍മാറ്റം. ഇന്നലെ ഹരിപ്പാടിനടുത്തുള്ള ക്ഷേത്രത്തിലാണ് വിവാഹം നടത്താനിരുന്നത്. എന്നാൽ, വധു വിവാഹം വേണ്ടെന്ന് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

15 പവന്റെ ആഭരണങ്ങളാണ് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് അണിയാനായി വാങ്ങിയത്. എന്നാൽ ഇതിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയിക്കുമെന്ന് വധുവിന്റെ അമ്മ വരന്റെ വീട്ടുകാരെ അറിയിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. എന്നാല്‍, മുക്കുപണ്ടം അണിയിച്ച് കല്യാണം വേണ്ടെന്ന രീതിയില്‍ വരന്റെ വീട്ടുകാര്‍ സംസാരിച്ചെന്നാണ് ആരോപണം. വിവാഹത്തിനു മൂന്നുദിവസം മുന്‍പ് വധുവിന്റെ വീട്ടില്‍ ഹല്‍ദി ആഘോഷം നടന്നപ്പോള്‍ വരന്റെ ബന്ധുക്കളില്‍ ചിലര്‍ ‘പെണ്ണിനെ മുക്കുപണ്ടം അണിയിക്കുകയാണെ’ന്ന രീതിയില്‍ ആക്ഷേപിച്ചെന്നും ആരോപണമുണ്ടായി. തുടര്‍ന്ന്, വധുവിന്റെ ബന്ധുക്കളാണ് പോലീസിൽ ഇത് സംബന്ധിച്ച പരാതി നൽകിയത്.

ചര്‍ച്ചയില്‍ വിവാഹത്തിനു സമ്മതമാണെന്ന നിലപാടാണ് വരനും ബന്ധുക്കളും സ്വീകരിച്ചത്. എന്നാല്‍, ആഭരണത്തിന്റെ പേരില്‍ ആക്ഷേപിച്ചതിനാല്‍ വിവാഹത്തിനു താത്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു. രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹനിശ്ചയം. വരന്റെ വീട്ടുകാര്‍ തന്റെ കൈയില്‍ നിന്ന് നാലരപ്പവന്റെ മാലയും കല്യാണച്ചെലവിന് 50,000 രൂപയും വാങ്ങിയതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. അതും നിശ്ചയത്തിനു ചെലവായ രണ്ടരലക്ഷം രൂപയും കല്യാണ ഒരുക്കത്തിനു ചെലവായ തുകയും മടക്കിക്കിട്ടാന്‍ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഇരുവരുടെയും വീട്ടുകാരുമായി സംസാരിച്ചെന്നും പെൺകുട്ടി പിന്മാറിയാൽ അതനുസരിച്ചുള്ള തീരുമാനമെടുക്കുകയായിരുന്നെന്നും കരീലക്കുളങ്ങര എസ്എച്ച്ഒ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *