Your Image Description Your Image Description

23000 ഫെയ്‌സ്ബുക്ക് പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്ത് ഫെയ്‌സ്ബുക്ക്. ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പേജുകളും അക്കൗണ്ടുകളുമാണ് നീക്കം ചെയ്തത്. പ്രധാനമായും ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട തട്ടിപ്പുകാരുടെ അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. ഡീപ്പ് ഫേക്ക് ഉള്‍പ്പടെയുള്ള വിദ്യകള്‍ ഉപയോഗിച്ചും ജനപ്രിയ പേഴ്‌സണല്‍ ഫിനാന്‍സ് കണ്ടന്റ് ക്രിയേറ്റര്‍മാരായി നടിച്ചും, ക്രിക്കറ്റ് താരങ്ങളുടേയും വ്യവസായികളുടേയും പേരിലും വ്യാജ നിക്ഷേപ ആപ്പുകളിലേക്കും വാതുവെപ്പ് വെബ്‌സൈറ്റുകളിലേക്കും സാധാരണക്കാരെ ആകര്‍ഷിക്കാനായി ഉപയോഗിച്ചിരുന്നവയാണ് ഈ അക്കൗണ്ടുകള്‍ എന്ന് മെറ്റ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇവ നീക്കം ചെയ്തത്. അക്കൗണ്ടുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പില്‍ വീഴുന്നവരെ നിക്ഷേപ നിര്‍ദേശങ്ങള്‍ നല്‍കുന്ന ആപ്പുകളിലേക്ക് എത്തിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ പേജിന് സമാനമായ വ്യാജ വെബ്‌സൈറ്റുകളിലേക്ക് ഇങ്ങനെ ആളുകളെ എത്തിച്ച് വാതുവെപ്പ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുകയും അതില്‍ പണം മുടക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇത് കുടാതെ നിക്ഷേപ തട്ടിപ്പുകാര്‍ ക്രിപ്‌റ്റോ കറന്‍സി, റിയല്‍ എസ്‌റ്റേറ്റ്, ഓഹരി എന്നിവയില്‍ നിക്ഷേപിച്ച് വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് ആളുകളെ കുടുക്കുകയും ചെയ്യുന്നു.

അതേസമയം സോഷ്യല്‍ മീഡിയ, ഇ-മെയില്‍, ഫോണ്‍ കോളുകള്‍ ഉള്‍പ്പടെയുള്ള മാര്‍ഗങ്ങളിലൂടെയാണ് തട്ടിപ്പുകാര്‍ ഇരകളെ കണ്ടെത്തിയിരുന്നത്. ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌ പ്ലേസിലും വില്‍പനക്കാരായി വ്യാജന്മാര്‍ എത്തുന്നുണ്ടെന്നും മെറ്റ വ്യക്തമാക്കി. ഡിജിറ്റല്‍ സാക്ഷരതയെയും ഓണ്‍ലൈന്‍ സുരക്ഷയെയും കുറിച്ച് പരിശീലന ശില്‍പശാലകളിലൂടെ അവബോധം വ്യാപിപ്പിക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (DoT), ഉപഭോക്തൃ കാര്യ വകുപ്പ് (DoCA), ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C) തുടങ്ങിയ വിവിധ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മെറ്റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *