Your Image Description Your Image Description

ഇസ്‌ലാമാബാദ്: പാകിസ്ഥാൻ നേരിടുന്നത് വലിയ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. ഇന്ത്യക്കെതിരായ സൈനിക നീക്കങ്ങളിൽ ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാനുണ്ടാകുന്നത്. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തതിന് പിന്നാലെ പാകിസ്ഥാൻ ഇന്നലെ രാത്രിയിൽ ജമ്മുവിൽ ഡ്രോൺ ആക്രമണവും മിസൈൽ ആക്രമണവും നടത്തിയിരുന്നു. എന്നാൽ, ഇതെല്ലാം ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം നിർവീര്യമാക്കുകയും ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.

ഇതിനിടെ ഇന്നലെ പകൽ പാകിസ്ഥാന്റെ വിവിധ ഭാ​ഗങ്ങളിൽ സ്ഫോടനങ്ങൾ നടന്നിരുന്നു. ബലൂചിസ്ഥാൻ വിഘടനവാദികളും പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റ ബലൂച് ലിബറേഷൻ ആർമി പിടിച്ചെടുത്തു. ശക്തമായ ആക്രമണമാണ് മേഖലയിൽ പാക് സൈന്യത്തിനെതിരെ ബലൂച് ലിബറേഷൻ ആർമി നടത്തുന്നത്. ഇതിനിടെയാണ്, ഇമ്രാൻ ഖാന്റെ അനുയായികളും തെരുവിലിറങ്ങിയിരിക്കുന്നത്. തെഹ്‍രികെ ഇൻസാഫ് പാർട്ടി നേതാവും പാകിസ്ഥാൻറെ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻറെ മോചനം ആവശ്യപ്പെട്ടാണ് അനുയായികൾ തെരുവിലിറങ്ങിയത്.

ലാഹോറിലാണ് ജനങ്ങൾ ഇമ്രാൻ ഖാൻറ മോചനം ആവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്നത്. പാകിസ്ഥാനെ രക്ഷിക്കാൻ ഇമ്രാൻ ഖാനെ മോചിപ്പിക്കണം എന്നാണ് പിടിഐ പ്രവർത്തകരുടെ ആവശ്യം. ഇസ്ലാമാബാദിലും ലാഹോറിലും കറാച്ചിയിലുമെല്ലാം ഇന്ത്യൻ സേന മിസൈൽ വർഷിക്കുന്നതിനിടെയാണ് പിടിഐ പ്രവർത്തകർ ഇമ്രാൻറെ മോചനം ആവശ്യപ്പെടുന്നത്.

ഇതോടൊപ്പം അഫ്ഗാൻ അതിർത്തിയിലെ അസ്വസ്ഥതകളും പാക്കിസ്ഥാന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അഫ്​ഗാനിൽ നിന്ന് പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറ്റമുണ്ടാകുന്നതും താലിബാന്റെ ഭീകരവാദവും പാകിസ്ഥാന് തലവേ​ദനയാണ്. കഴിഞ്ഞയാഴ്ച ഏറ്റവും വലിയ സൈനിക നടപടിയാണ് അഫ്​ഗാൻ അതിർത്തിയിൽ പാക് സൈന്യം നടത്തിയത്.

ഇന്ത്യ നടത്തിയ ‘ഓപറേഷൻ സിന്ദൂറിന്’ പിന്നാലെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് തലവേദന സൃഷ്ടിച്ചുകൊണ്ട് രാജ്യത്തിനകത്ത് സായുധസംഘങ്ങൾ ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ ദിവസം പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *