Your Image Description Your Image Description

ന്യൂഡല്‍ഹി: ഇന്ത്യ പാക് സംഘർഷം തുടരുന്നതിനിടെ പാകിസ്ഥാനിൽ നിർണായക മുന്നേറ്റം നടത്തി ബലൂച് ലിബറേഷന്‍ ആര്‍മി(ബിഎല്‍എ). നാടകീയ നീക്കത്തിലൂടെ ബലൂചിസ്താന്‍ തലസ്ഥാനമായ ക്വറ്റ ബിഎല്‍എ പിടിച്ചെടുത്തതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യ-പാക് സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി പാകിസ്ഥാൻ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ ബിഎല്‍എ നടത്തിയിരുന്നു. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വിമതര്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന പാകിസ്ഥാന്റെ പതാക പിഴുതെറിഞ്ഞ് സ്വന്തം പതാക സ്ഥാപിക്കുകയാണ് ഇവര്‍.

“ബലൂച് ജനത സ്വന്തം പതാക ഉയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാനില്‍നിന്ന് ബലൂചിസ്ഥാനിലേക്ക് ലോകം മാറ്റേണ്ട സമയമായി. പാകിസ്ഥാന് വിട, ബലൂചിസ്ഥാനിലേക്ക് സ്വാഗതം”- സ്വതന്ത്ര ബലൂച്ച് പ്രസ്ഥാനത്തിന്റെ പ്രതിനിധിയും എഴുത്തുകാരനുമായ മിര്‍ യാര്‍ ബലോച്ച് കുറിച്ചു.

ബിഎല്‍എയുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുള്ള പ്രഹരം പാകിസ്താന് വലിയ തോതിൽ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. വ്യാഴാഴ്ച പകലും ബിഎല്‍എ പാകിസ്ഥാന്‍ സൈന്യത്തിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം കനക്കുന്നതിനിടെ, ബിഎല്‍എ വന്‍മുന്നേറ്റം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തടവുകാരുമായി പോയ പാക് സൈന്യത്തിന്റെ വാഹനം ബിഎല്‍എ തടഞ്ഞിരുന്നു. തടവുകാരെ മോചിപ്പിച്ച ശേഷം ഏഴു സൈനികരെയാണ് അവര്‍ വധിച്ചത്. അതിനുമുമ്പ് സൈനിക വാഹനത്തിന് നേരെ നടത്തിയ സ്ഫോടനത്തില്‍ 20 സൈനികരെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ബിഎല്‍എ ക്വറ്റയില്‍ ആധിപത്യം സ്ഥാപിച്ചതായ വാര്‍ത്തയും പുറത്തുവരുന്നത്.

ബലൂച് വിമോചന പോരാട്ടം അടിച്ചമര്‍ത്താന്‍ പാകിസ്ഥാന്‍ കഴിഞ്ഞ കുറച്ചുനാളുകളായി പരിശ്രമിക്കുന്നുണ്ട്. ബിഎല്‍എ പോരാളികള്‍ക്കെതിരെ ക്രൂരമായ ആക്രമണങ്ങളാണ് പാക് സൈന്യം നടത്തിയിരുന്നത്. ബലൂച് പോരാളികളെ പിടിച്ചുകൊണ്ടുപോയി തടവിലാക്കുകയോ ക്രൂരമായി ഉപദ്രവിക്കുകയോ വെടിവെച്ച് കൊല്ലുകയോ ആണ് ചെയ്തിരുന്നത്. സ്ത്രീകളെയും ഉപദ്രവിച്ചിരുന്നു. എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ ഈ വിഷയത്തിന് വലിയ പ്രാമുഖ്യം കിട്ടിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *