Your Image Description Your Image Description

കൊച്ചി: ഇന്ത്യ- പാക് സംഘർഷത്തെ വിമർശിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ച എഴുത്തുകാരി ശാരദക്കുട്ടിക്കെതിരെ വിമർശനം ശക്തകമാകുന്നു. ഇതോടെ മറ്റൊരു കുറിപ്പും ശാരദക്കുട്ടി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പുകൾ വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.

വ്യക്തിപരമായ പ്രതികാരവാഞ്ഛകളില്ലാത്ത ഒരാൾക്ക് അതേ ശക്തിയിൽ തിരിച്ചടിച്ചു എന്നൊക്കെ കേട്ടാൽ ആവേശമോ അഭിമാനമോ തോന്നില്ലെന്ന് ശാരദക്കുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.രാജ്യമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാൽ മാത്രമാണ് തൻറെ അന്തരംഗം അഭിമാന പൂരിതമാവുക. ദേശമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാൽ മാത്രമാണ് തൻറെ സിരകളിൽ ചോര പതയ്ക്കുകയെന്നും ശാരദക്കുട്ടി തന്റെ ആദ്യ പോസ്റ്റിൽ കുറിച്ചിരുന്നു.

ശാരദക്കുട്ടിയുടെ ആദ്യപോസ്റ്റ് ഇങ്ങനെ

വ്യക്തിപരമായ പ്രതികാരവാഞ്ഛകളില്ലാത്ത ഒരാൾക്ക്, അതേ ശക്തിയിൽ തിരിച്ചടിച്ചു എന്നൊക്കെ കേട്ടാൽ ആവേശമോ അഭിമാനമോ തോന്നില്ല.
പകരത്തിനു പകരമെന്നത് ജീവിതത്തിലെന്നെങ്കിലും തോന്നിയിരുന്നെങ്കിൽ ഇന്നനുഭവിക്കുന്ന സമാധാനം എനിക്കുണ്ടാകുമായിരുന്നില്ല എന്നുറച്ചു വിശ്വസിക്കുന്നു.
എൻ്റെ വീടിനൊരാൾ കല്ലെറിഞ്ഞിട്ടു പോയാൽ തിരിച്ചയാളുടെ വീടിന് കല്ലെറിയാനായിരിക്കില്ല ഞാൻ ആലോചിക്കുക.
രാജ്യമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാൽ മാത്രമാണ് എൻ്റെ അന്തരംഗം അഭിമാന പൂരിതമാവുക. ദേശമെന്നു കേട്ടാലല്ല, മനുഷ്യനെന്നു കേട്ടാൽ മാത്രമാണ് എൻ്റെ സിരകളിൽ ചോര പതയ്ക്കുക.
വേദനിച്ചാൽ എൻ്റെ കുഞ്ഞുങ്ങൾ കരയുന്ന അതേ ശബ്ദത്തിലാകും ലോകത്തിലെ ഏതു കുഞ്ഞും കരയുക എന്നതോർക്കുമ്പോൾ ഒരു വേദന എൻ്റെ ഗർഭപാത്രത്തെ പിളർക്കുന്നുണ്ട്.
സമാധാനത്തോളം വലുതല്ല മറ്റൊന്നും. അത് മറ്റൊരാളെ തിരിച്ചു തല്ലിയാൽ കിട്ടുന്നതല്ല. അവർക്ക് നല്ല ബുദ്ധിക്കായി പ്രാർഥിക്കുമ്പോൾ മാത്രം ലഭിക്കുന്നതാണ്.
അശക്തരെയും കുഞ്ഞുങ്ങളെയും കാത്തു കൊള്ളണേ എന്നതിലും വലിയ പ്രാർഥനയില്ല.
എസ്. ശാരദക്കുട്ടി .

ശാരദക്കുട്ടി പങ്കുവെച്ച പോസ്റ്റിന് താഴെ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ‘സ്വന്തം മകളുടെ ഭർത്താവിനെയാണ് ഭീകരർ കൊന്നതെങ്കിൽ ഇങ്ങനെതന്നെ പറയുമോ ‘ എന്നടക്കം കമന്റുകൾ പോസ്റ്റിന് താഴെ നിറഞ്ഞു. ഇതിന് പിന്നാലെ മറ്റൊരു പോസ്റ്റും ശാരദക്കുട്ടി പങ്കുവെച്ചു.

ഒരു ചോദ്യവും ഉത്തരവും എന്ന നിലയിലാണ് പോസ്റ്റ്. ഭീഷണികൾ ഉയർന്നിട്ടും യുദ്ധത്തെ എതിർക്കുന്ന പോസ്റ്റ് എന്തുകൊണ്ട് പിൻവലിച്ചില്ല എന്നതാണ് ചോദ്യം. ഇതിന് ‘രാജ്യത്തെ മാത്രമല്ല, ലോകത്തെ പ്രതികൂലമായി ബാധിക്കുന്നതെന്തും എൻ്റെ വീടിനെ ബാധിക്കുന്നതു പോലെ എന്നെ ഭയപ്പെടുത്തുമ്പോൾ മിണ്ടാതിരിക്കാനാകാത്തതു കൊണ്ട്’ എന്നാണ് ശാരദക്കുട്ടി നൽകിയ മറുപടി. ‘ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ ചത്തുപോകുന്നു പാവം ചിലർ’ എന്ന പൂന്താനത്തിന്റെ വരികളും ശാരദക്കുട്ടി ഓർമിപ്പിച്ചു.

സ്വന്തം മുറ്റത്ത് മിസൈൽ പതിക്കാത്തിടത്തോളം ചിലർക്ക് യുദ്ധമെന്നത് അതിർത്തിയിലെ പൂരമാണെന്ന എം സ്വരാജിന്റെ എഫ്ബി പോസ്റ്റ് വലിയ രീതിയിൽ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് ശാരദക്കുട്ടിയുടെ പോസ്റ്റും ചർച്ചയായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *