Your Image Description Your Image Description

പെഹൽഗാമിൽ വീണ ഇന്ത്യയുടെ കണ്ണീരിന് കര-വ്യോമ-നാവിക സേനകൾ കൈകോർത്ത് നൽകിയ മറുപടി പാകിസ്താനെ വിറപ്പിച്ചിരിക്കുകയാണ്. 23 മിനുറ്റ് നീണ്ട ഓപറേഷൻ സിന്ദൂർ തച്ചുടച്ചത് പാകിസ്താനിലും പാക് അധീന കശ്മീരിലുമുളള 9 ഭീകരകേന്ദ്രങ്ങൾ. ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് സൈന്യം നടത്തിയ ആക്രമണത്തിൽ 12 പാക് ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം. അതിന് പിന്നാലെ ജമ്മു കശ്മീരിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ ഓപറേഷൻ സിന്ദൂറിന് ശേഷം പാകിസ്താനിൽ നിന്നും വ്യാജവാർത്തകളുടെ കുത്തൊഴുക്കാണ്. പാക് മാധ്യമങ്ങളും സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങളുമാണ് ഇന്ത്യയിൽ നിന്നേറ്റ തിരിച്ചടി മറയ്ക്കാനുളള വ്യാജപ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം വാർത്തകളിലൊന്ന് പറയുന്നത് ഓപറേഷൻ സിന്ദൂറിന് പാകിസ്താൻ കനത്ത മറുപടി നൽകിയെന്നും ഇന്ത്യയിലെ 15 ഇടങ്ങളിൽ മിസൈൽ ആക്രമണം നടത്തി എന്നുമാണ്. തീർന്നിട്ടില്ല, ശ്രീനഗറിലെ വ്യോമസേനാ ആസ്ഥാനം പാക് വ്യോമ സേന ആക്രമിച്ചുവെന്നും ഇന്ത്യൻ സൈനിക ബ്രിഗേഡ് ആസ്ഥാനം തകർത്തുവെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില പോസ്റ്റുകൾ അവകാശപ്പെടുന്നു. ഇന്ത്യയുടെ രണ്ട് യുദ്ധവിമാനങ്ങൾ പാകിസ്താൻ വെടിവെച്ചിട്ടു എന്നാണ് എക്‌സിലെ ഒരു അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിൽ പറയുന്നത്. രാജസ്ഥാനിലെ ബാർമറിൽ 2024 സെപ്റ്റംബറിൽ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണതിന്റെ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ. പാക് അനുകൂലികളുടെ അക്കൗണ്ടുകൾ വ്യാപകമായാണ് ഇത്തരം വ്യാജ വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസുമായി ബന്ധമുളള, നിരവധി ഫോളോവേഴ്‌സ് ഉളള എക്‌സ് അക്കൗണ്ടുകൾ ആണ് ഈ വ്യാജ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് അക്കൗണ്ട് അടക്കമുളളവ പാകിസ്താന്റെ വ്യാജ അവകാശവാദങ്ങൾ വസ്തുതാപരമായി പൊളിച്ചടുക്കി രംഗത്ത് വന്നിട്ടുണ്ട്. ശ്രീനഗറിലെ വ്യോമസേനാ ആസ്ഥാനം തകർത്തു എന്ന് അവകാശപ്പെട്ട് കൊണ്ട് പാക് അനുകൂലികൾ പങ്കുവെയ്ക്കുന്ന വീഡിയോ യഥാർത്ഥത്തിൽ 2024ൽ പാകിസ്താനിലെ തന്നെ ഖൈബർ പഖതുംഖ്വയിൽ നടന്നിട്ടുളള ആക്രമണങ്ങളുടേതാണ് എന്ന് പിഐബി ഫാക്ട് ചെക്ക് കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയെ തിരിച്ച് ആക്രമിച്ചു എന്ന് അവകാശപ്പെട്ട് പാകിസ്താൻ പ്രചരിപ്പിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും പഴയ സംഭവങ്ങളുടേതോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും നടന്ന ആക്രമണങ്ങളുടേയോ ദൃശ്യങ്ങൾ ആണെന്നാണ് വ്യക്തമാകുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം അവകാശവാദങ്ങൾ പാകിസ്ഥാനിലെ പ്രധാന മാധ്യമങ്ങൾ അടക്കം ഏറ്റുപിടിക്കുന്ന കാഴ്ചയും കാണാം. അതേസമയം പഹൽഗാം ആക്രമണത്തിൽ ഇന്ത്യ നടത്തിയ തിരിച്ചടി ബാലാകോട്ടിൽ നടന്ന സർജിക്കൽ സ്‌ട്രൈക്കിന് സമാനം. ലോകം ഗാഢനിദ്രയിലായിരുന്നപ്പോഴാണ് ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. സമീപ വർഷങ്ങളിൽ ഇന്ത്യ നടത്തിയ ഏറ്റവും വിപുലവും മാരകവുമായ തിരിച്ചടിയാണിത്. പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാമ്പുകൾ ആണ് ഇന്ത്യ ആക്രമിച്ചിരിക്കുന്നത്. ഒരു വിദേശിയടക്കം 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹൽഗാം കൂട്ടക്കൊലയ്ക്ക് പ്രതികാരമെന്നോണമായിരുന്ന ഇന്ത്യയുടെ തിരിച്ചടി. മൂന്ന് സേനകളും കൃത്യമായ മിസൈൽ ആക്രമണങ്ങൾ നടത്തിയപ്പോൾ, ഓപ്പറേഷൻ സിന്ദൂർ എന്ന രഹസ്യനാമത്തിൽ നടത്തിയ ഈ ഓപ്പറേഷൻ പാകിസ്ഥാനെ അക്ഷരാർത്ഥത്തിൽ തളർത്തി. പാകിസ്ഥാൻ, പാക് അധീന കശ്മീർ (പിഒകെ) എന്നിവിടങ്ങളിലെ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *