Your Image Description Your Image Description

തിരുവനന്തപുരം : സർക്കാരിന്റെ ഒൻപത് വർഷക്കാലയളവിൽ സംസ്ഥാനത്ത് സമഗ്രമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് മത്സ്യബന്ധന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
ബീമാപ്പള്ളി സർക്കാർ യു പി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെയും വർണ്ണകൂടാരം പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരദേശത്ത് എല്ലാ സ്കൂളുകൾക്കും മികച്ച അടിസ്ഥാന സൗകര്യങ്ങളായിട്ടുണ്ട്. കടലാക്രമണം തടയാനായി 3000 കോടി രൂപയുടെ നൂതന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കാൻ പോകുന്നത്. തീരദേശ മേഖലയിൽ മെഗാ തൊഴിൽമേള നടത്തും. അതിന്റെ ഭാഗമായുള്ള തൊഴിൽതീരം പദ്ധതിയിൽ 39,000 മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10,000 പേർക്ക് ട്രെയിനിങ്ങ് ആരംഭിച്ചു.

ഒരു കോടി 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. 596.9 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന ഇരുനിലമന്ദിരത്തിൽ എട്ട് ക്ലാസ് മുറികൾ, ആക്ടിവിറ്റി റൂം, കമ്പ്യൂട്ടർ ലാബ്, സ്റ്റാഫ് റൂം, ഡൈനിങ് ഹാൾ, ആഡിറ്റോറിയം, അടുക്കള, ശുചിമുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷാ കേരളവും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി തിരുവനന്തപുരം സൗത്ത് യുആർസിയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ വിനിയോഗിച്ചാണ് വർണ്ണകൂടാരം പദ്ധതി പൂർത്തിയാക്കിയത്. കുഞ്ഞുങ്ങളുടെ ഭാഷാശേഷി വളര്‍ത്താന്‍ സഹായിക്കുന്ന ഭാഷാവികാസ ഇടം, ലഘു ശാസ്ത്രപരീക്ഷണങ്ങള്‍ക്കും നിരീക്ഷണത്തിനും അവസരം നല്‍കുന്ന ഇ- ശാസ്ത്രയിടം, കളികളിലൂടെ കണക്കിന്‍റെ ആദ്യപാഠങ്ങള്‍ നുണയുന്ന ഗണിതയിടം തുടങ്ങി കുട്ടിയുടെ സര്‍വതോന്മുഖ വികാസത്തിനു സഹായിക്കുന്ന 13 പ്രവര്‍ത്തന ഇടങ്ങള്‍ (ആക്ടിവിറ്റി ഏരിയകള്‍ ) ആണ് സ്കൂളിൽ സജ്ജമാക്കിയിരിക്കുന്നത്.

ബീമാപ്പള്ളി – വലിയതുറ റോഡിന്റെ നിർമാണ പ്രവർത്തികൾ ബിഎം&ബിസി അന്താരാഷ്ട്ര നിലവാരത്തോടെ ഉടൻ ആരംഭിക്കുമെന്നും ബീമാപ്പള്ളി പ്രദേശത്തെ കടലാക്രമണം തടയാനായി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനമായിട്ടുണ്ടെന്നും അതിനായി 10 കോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും ആന്റണി രാജു എംഎൽഎ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *