Your Image Description Your Image Description

കോട്ടയം ഇരട്ടക്കൊല കേസില്‍ പോലീസ് പിടിയിലായി ആദ്യ മണിക്കൂര്‍ തന്നെ പ്രതി കുറ്റം സമ്മതിച്ചു. പിന്നാലെ പ്രതിയെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതിനു പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ടെന്ന് പൊലീസിനോട് മൊഴി നൽകി. വിജയകുമാറിനെ മാത്രമാണ് കൊലപ്പെടുത്താന്‍ അമിത് തീരുമാനിച്ചത്. കൊലപാതകം നടക്കുന്ന ശബ്ദം കേട്ട് വിജയകുമാറിന്റെ ഭാര്യ എഴുന്നേറ്റത്തോടെയാണ് അവരെയും വക വരുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. വിജയകുമാര്‍ ജോലിക്കാരനായിരുന്ന അമിത്തിനെ ശമ്പളം നല്‍കാതെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. ഇതേതുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പണം തട്ടാന്‍ അമിത് ശ്രമിച്ചത്.

വിജയകുമാറിന്റെ സ്ഥാപനത്തില്‍ പ്രതിയും, വീട്ടില്‍ ഭാര്യയും മാസങ്ങളോളം ജോലി ചെയ്തു. ഇരുവരും വിജയകുമാറിന്റെ വീടിന്റെ ഔട്ട് ഹൗസില്‍ ഒന്നിച്ച് താമസിച്ചിട്ടുമുണ്ട്. ആ സമയങ്ങളില്‍ ഇരുവരും തമ്മില്‍ വഴക്കടിക്കുകയും താന്‍ ഭാര്യയല്ലെന്നും തനിക്കുള്ള ശമ്പളം വേറെ നല്‍കണമെന്നും യുവതി വിജയകുമാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ അമിത്ത് വിജയകുമാറിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഓണ്‍ലൈനായി രണ്ടേമുക്കാല്‍ ലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഫോണ്‍ മോഷണം പോയെന്ന പരാതിയില്‍ അമിത്ത് പിടിയിലായി. കോടതി റിമാന്‍ഡുചെയ്തതോടെ ജയിലിലുമായി. അതോടെ, ഇയാളുടെ ഗര്‍ഭിണിയായിരുന്ന ഭാര്യ പിണങ്ങി നാട്ടിലേക്കുപോയി. അവിടെ പ്രസവം നടന്നെങ്കിലും ജനിച്ചയുടന്‍ കുഞ്ഞ് മരിച്ചു. ജയിലില്‍ കിടന്നതിനാല്‍ തനിക്കുപിറന്ന കുഞ്ഞിനെക്കാണാന്‍ നാട്ടിലേക്കു പോകാന്‍ അമിത്തിനായില്ല. ഇതും ഇയാളില്‍ വിജയകുമാറിനോടുള്ള പക വളര്‍ത്തി.

ജാമ്യത്തിലിറങ്ങിയ പ്രതി നാട്ടിലേക്കുപോയെങ്കിലും വിജയകുമാറിനെ കൊലപ്പെടുത്തണമെന്ന ഉറച്ച തീരുമാനത്തോടെ വീണ്ടും കോട്ടയത്തെത്തുകയായിരുന്നു. 19-ാം തീയതി കോട്ടയം റെയില്‍വേ സ്റ്റേഷനുസമീപം ലോഡ്ജില്‍ മുറിയെടുത്തു. രണ്ടുദിവസം അര്‍ധരാത്രി 12 മണിക്കുശേഷം ഇയാള്‍ ലോഡ്ജില്‍നിന്ന് പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യം അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇത് കൊലനടത്താനുള്ള നിരീക്ഷണത്തിനായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.

ഇതിനിടെ ഇന്നലെ പ്രതിയെ തെളിവെടുപ്പിന് വിജയകുമാറിന്റെ വീട്ടിൽ എത്തിച്ചു. വ്യവസായി വിജയകുമാറിന്റെ വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് സമീപത്തെ തോട്ടിൽ നിന്നും കണ്ടെത്തി. വീടിന് അടുത്തുള്ള തോട്ടിൽ നിന്നാണ് ഹാർഡ് ഡിസ്ക് കണ്ടെത്തിയത്. ഹാർഡ് ഡിസ്ക് തൊട്ടടുത്തെ തോട്ടിലെറിഞ്ഞ് കളഞ്ഞെന്ന് പ്രതി അമിത് മൊഴി നൽകിയിരുന്നു. വിജയകുമാറിന്റെ വീടിന് പിൻവശത്ത് 200 മീറ്റർ ദൂരെ മാറിയാണ് തോടുള്ളത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇത് കണ്ടെത്തിയത്. തൃശ്ശൂർ മാളക്കടുത്ത് ആലത്തൂരിൽ നിന്നാണ് പ്രതി അമിത് ഇന്നലെ രാവിലെ പിടിയിലായത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കോട്ടയം തിരുവാതുക്കലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടിലെ നായകളെ അവശ നിലയിൽ കണ്ടെത്തിയിരുന്നു. രണ്ടു നായകളാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവയെ രാത്രി മയക്കിക്കിടത്തി എന്നാണ് സൂചന. മയക്കുന്നതിനായി എന്തോ നൽകിയിട്ടുണ്ടെന്നാണ് വിവരങ്ങൾ. വിജയകുമാറിന്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. സംഭവ സ്ഥലത്ത് നിന്നും കോടാലിയും വീടിന് സമീപത്തെ ഗേറ്റിന് അടുത്ത് നിന്ന് അമ്മിക്കല്ലും കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ചാണ പ്രതി കൃത്യം നടത്തിയതെന്ന് എന്നാണ് സൂചന.

വീട്ടിലെയും സമീപത്തെയും സിസിടിവി ഫൂട്ടേജുകള്‍ പൊലീസ് പരിശോധിക്കുന്നതിനിടെയാണ് ഹാർഡ് ഡിസ്കുകള്‍ കാണാനില്ലെന്ന് ശ്രദ്ധയിൽപെട്ടത്. നേരത്തെ വീട്ടുജോലിക്കായി നിന്നിരുന്ന പ്രതിയെ മൊബൈല്‍ മോഷണത്തിന്റെ പേരില്‍ വിജയകുമാര്‍ വീട്ടില്‍ നിന്നും പറഞ്ഞുവിടുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം എന്നാണ് സൂചന. വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന വിജയകുമാര്‍ പിന്നീട് നാട്ടിലേക്ക് താമസം മാറുകയായിരുന്നു. മകന്‍ അപകടത്തില്‍ മരിച്ചു. ഡോക്ടറായ മകള്‍ അമേരിക്കയിലാണ്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് കൊല്ലപ്പെട്ട വിജയകുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *