Your Image Description Your Image Description

കണ്ണൂർ : ആയുർവേദത്തിന്റെ അനന്ത സാധ്യതകൾ തുറക്കുന്ന രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം കണ്ണൂർ ജില്ലയിലെ പടിയൂർ-കല്ല്യാട് ഗ്രാമപഞ്ചായത്തിൽ ഒരുങ്ങുകയാണ്. നാടിന്റെ മുന്നേറ്റത്തിന് ആയുർവേദത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാറിന്റെ സുപ്രധാന പദ്ധതികളിൽ ഒന്നായി അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമാകുന്നത്. 311 ഏക്കറിൽ സ്ഥാപിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം നടപ്പിലാക്കുന്നത് 300 കോടി ചെലവിലാണ്. ആയുർവേദത്തിന്റെ സമഗ്ര വികസനത്തിനും അമൂല്യമായ ഔഷധ സസ്യങ്ങളെ സംരക്ഷിക്കുന്നതിനും ഇതിലൂടെ സാധിക്കും.

ആയുർവേദ ജ്ഞാനങ്ങളും ലോകത്തിലെ വിവിധ പാരമ്പര്യ ചികിത്സാ രീതികളും പ്രദർശിപ്പിക്കുന്ന അന്താരാഷ്ട്ര മ്യൂസിയം ഇതിന്റെ ഭാഗമായി നിലവിൽ വരും. അത്യാധുനിക സൗകര്യങ്ങളുള്ള റിസർച്ച് സെന്ററും 100 കിടക്കകളുള്ള ആശുപത്രിയുമാണ് ഒന്നാം ഘട്ടത്തിൽ ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ വയോജനങ്ങളെ ബാധിക്കുന്ന അസുഖങ്ങൾ, കാൻസർ എന്നിവയിൽ ഗവേഷണം ആരംഭിക്കും. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ശാസ്ത്രജ്ഞന്മാർക്കുള്ള ക്വാട്ടേഴ്‌സ്, ഫാക്കൽറ്റികൾക്കും വിദ്യാർഥികൾക്കമുള്ള ഹൗസിംഗ് സംവിധാനം എന്നിവ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രത്തിൽ ഉണ്ടാകും.

പഴമയും പുതുമയും കൂടിച്ചേർന്ന് അത്യാധുനിക സംവിധാനങ്ങളോടെയാവും സെന്ററിന്റെ നിർമാണം. സവിശേഷമായ ഔഷധ സസ്യങ്ങളുടെ ഹെർബൽ ഗാർഡനടക്കം കേരളീയ ശിൽപശൈലിയിൽ പ്രകൃതി സൗഹൃദമായാണ് ഗവേഷണ കേന്ദ്രം നിർമിക്കുന്നത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 15 കിലോമീറ്റർ മാത്രം ദൂരമായതിനാൽ വലിയ രീതിയിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയും.

പരമ്പരാഗത ആരോഗ്യ മേഖലയിലുള്ള പ്രയോഗങ്ങളും ഔഷധ സമ്പത്തും നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനവുമായി കൂട്ടിച്ചേർത്ത് പുതിയ മാതൃക സൃഷ്ടിക്കാൻ കഴിയും വിധമാണ് ആയുർവേദ ഗവേഷണ കേന്ദ്രം വിഭാവനം ചെയ്യുന്നത്. കേരളത്തിന്റെ സമ്പന്നമായുള്ള ആയുർവേദ പാരമ്പര്യം, നൂറ്റാണ്ടുകൾ പഴക്കമുള്ള കയ്യെഴുത്ത് പ്രതികൾ, ഔഷധസസ്യ ജൈവവൈവിധ്യം, ആയുർവേദത്തിന്റെ വൈവിധ്യമാർന്ന തത്ത്വങ്ങൾ, സമ്പ്രദായങ്ങൾ, എന്നിവ സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും പുതിയ തലമുറകൾക്കും വിവിധ സംസ്‌കാരങ്ങൾക്കും പരിചയപ്പെടുത്തുന്നതിനുമുള്ള ഇടമായി ഗവേഷണ കേന്ദ്രം ഉപയോഗപ്പെടുത്താനാവും.

ആയുർവേദ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് ആയുർവേദ കേന്ദ്രം നിർമിക്കുന്നത്. പദ്ധതിയുടെ നോഡൽ ഏജൻസി നാഷണൽ ആയുഷ് മിഷനാണ്. ഡിപിആർ തയ്യാറാക്കുന്നത് കിറ്റ്‌കോ ആണ്. ആയുർവേദ രംഗത്ത് വൻ നിക്ഷേപത്തിനു കളമൊരുങ്ങുന്നതിലൂടെ ഒട്ടേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സാധിക്കും. ആയുർവേദ ചികിത്സയ്ക്കായി കൂടുതൽ വിദേശികളെ ആകർഷിക്കാൻ സാധിച്ചാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും മുതൽക്കൂട്ടാകും.

Leave a Reply

Your email address will not be published. Required fields are marked *