Your Image Description Your Image Description

അർജന്റീനയിൽ ജനിച്ച ഏതൊരാളെയും പോലെ മാർപാപ്പയുടെയും ഹൃദയത്തിൽ ഫുട്ബോളിന് ഇടമുണ്ടായിരുന്നു. പന്ത്രണ്ട് വയസുവരെ ബ്യൂണസ് ഐറിസിലെ തെരുവുകളിൽ ഫുട്ബോൾ കളിച്ചുനടന്ന ബാലൻ പിന്നീട് ആ​ഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായപ്പോഴും ഫുട്ബോളിനോടുള്ള സ്നേഹം ​​ഹൃദയത്തിൽ സൂക്ഷിച്ചു.

ബ്യൂണസ് ഐറിസിലെ സാൻ ലോറൻസോ ക്ലബ്ബിന്റെ ആരാധകനായിരുന്നു കുട്ടിക്കാലത്ത് ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിന് ഈ ക്ലബിൽ അംഗത്വവുമുണ്ടായിരുന്നു. ചെറുപ്പകാലത്ത് താനും ഫ്രാൻസിസ് മാർപാപ്പയ്‌ക്കൊപ്പ തെരുവ് ഫുട്‌ബോൾ കളിച്ചിട്ടുണ്ടാകാമെന്ന് അർജന്റീനയുടെ ഇതിഹാസ താരം ആൽഫ്രഡോ ഡി സ്‌റ്റെഫാനോ അഭിപ്രായപ്പെട്ടിരുന്നു. ഒരിക്കൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ അതിഥിയായി ഫുട്ബോൾ ഇതിഹാസം ഡിഗോ മറഡോണയോട് അദ്ദേഹം ചോദിച്ച ചോ​ദ്യവും വിഖ്യാതമാണ്. ഏതാണ് തെറ്റു ചെയ്ത ആ കൈ എന്നായിരുന്നു ആ ചോദ്യം.

1986 ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അർജന്റീന 1–0 നേടിയത് മറഡോണ കൈകൊണ്ടു തട്ടിയിട്ട ഗോൾ വഴിയാണെന്ന വെളിപ്പെടുത്തലിനെ ചുറ്റിപ്പറ്റിയായിരുന്നു ആ ചോദ്യം. ‘ദൈവത്തിന്റ കൈ’ കൊണ്ടാണു താൻ ഗോൾ നേടിയതെന്നു മറഡോണ പിൽക്കാലത്തു വെളിപ്പെടുത്തിയിരുന്നു. എന്നാ‍ൽ മാർപാപ്പയുടെ ചോദ്യത്തിന് മറഡോണ എന്തു മറുപടിയാണു നൽകിയതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. അർജന്റീനയുടെ ദേശീയ വിനോദമായ ടാംഗോ നൃത്തവും കൗമാരകലത്ത് മാർപാപ്പയെ ആകർഷിച്ചിരുന്നു. ആഡ ഫാൽക്കൺ എന്ന ടാംഗോ താരം പെട്ടന്നു നൃത്തം ഉപേക്ഷിച്ച് കന്യാസ്ത്രീയായത് അദ്ദേഹത്തെ ഏറെ ചിന്തിപ്പിച്ചിരുന്നു.

​ബുധനാഴ്ചകളിൽ‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ‍ ഒത്തുകൂടുന്നവർ‍ക്കു ഫ്രാൻസിസ് പാപ്പ കൈകൊടുക്കുന്നതിനെക്കുറിച്ച് മുൻഗാമി ബെനഡിക്ട് പാപ്പ അദ്ഭുതത്തോടെ പറഞ്ഞിട്ടുണ്ട്. : ‘‘ജനത്തിനടുത്തേക്ക് അങ്ങനെ നേരിട്ടു െചല്ലുന്നത് നല്ല കാര്യംതന്നെയാണ്. അതങ്ങനെ തുടരാൻ എത്രനാൾ അദ്ദേഹത്തിനു സാധിക്കുമെന്ന് ഞാൻ എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്. ഇരുനൂറിലേറെ പേർക്കു കൈകൊടുക്കാനൊക്കെ വലിയ കരുത്തു വേണം… .കോവിഡ് കാലത്ത് ഫ്രാൻ‍സിസ് പാപ്പയുടെ വലിയ സങ്കടത്തിന്റെ കാരണങ്ങളിലൊന്ന് അതുതന്നെയായിരുന്നു: ‘‘വിശ്വാസികൾക്കു കൈകൊടുക്കാൻ എനിക്കു സാധിച്ചില്ല, കുഞ്ഞുങ്ങളുടെയും വൃദ്ധരുടെയും കവിളിൽ തലോടാനും, അടുപ്പത്തിന്റെ അടയാളമെന്നോണം ആരെയും നെഞ്ചിൽ ചേർ‍ത്തു പിടിക്കാനും….’’​

സന്യാസിയുടേതിനു തുല്യമായ ജീവിതശൈലിയാണ് ഫ്രാൻസിസ് മാർപാപ്പയുടേതെന്ന് അടുപ്പക്കാർ സാക്ഷ്യപ്പെടുത്തുന്നു. വാരാന്ത്യങ്ങളിൽ തിരക്കുകളിൽനിന്നു മാറി ഏകാന്തതയിൽ ലയിക്കുന്നതായിരുന്നു ശൈലി. പ്രസംഗത്തിലും പ്രവർത്തനത്തിലും പാവപ്പെട്ടവരുടെ ഇടയനായിരിക്കാൻ നിതാന്ത ശ്രദ്ധ പുലർത്തി. 2001ൽ ഒരു ആശുപത്രി സന്ദർശിച്ചപ്പോൾ 12 എയ്‌ഡ്‌സ് രോഗികളുടെ കാലു കഴുകി ചുംബിച്ചത് അദ്ദേഹത്തെ വേറിട്ട ആൾരൂപമാക്കി.

അന്ത്യനിദ്രയിലും കൈവിടാത്ത ലാളിത്യം

അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം പുറത്തവിട്ട് വത്തിക്കാൻ. റോമിലെ സെന്റ്. മേരി മേജർ ബസിലിക്കയിൽ തനിക്ക് അന്ത്യവിശ്രമത്തിന് ഇടമൊരുക്കണമെന്നാണ് പോപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും പോപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിപക്ഷം പേരെയും അടക്കം ചെയ്തിരിക്കുന്നത്. എന്നാൽ, അവരിൽ നിന്നെല്ലാം വ്യത്യസ്തനായ ഫ്രാൻസിസ് മാർപാപ്പ അന്ത്യനിദ്രയുടെ കാര്യത്തിലും വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. ശവകുടീരത്തിൽ ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും പോപ്പിന്റെ മരണപത്രത്തിൽ പറയുന്നു.

അതേസമയം ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കും. മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കാൻ ഡൊണൾഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിത്യശാന്തി നേരുന്നുവെന്നും ദൈവം അദ്ദേഹത്തെയും അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ട്രംപ് നേരത്തെ അനുശോചന സന്ദേശത്തിൽ പറഞ്ഞിരുന്നു.

ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാർപാപ്പ അന്തരിച്ചത്. 88 വയസായിരുന്നു. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിനമേരിക്കക്കാരനായിരുന്നു അദ്ദേഹം.

ഒരു സിനിമ കഥ പോലെ ​ഹൃദയഹാരിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതം. ഒരുകാലത്ത് മുസോളിനിയെ ഭയന്ന് ഇറ്റലിയിൽ നിന്നും അർജന്റീനയിൽ അഭയം തേടിയ കുടുംബത്തിലെ സന്തതി. പൂർവിക ഭൂമിയിൽ വളരാൻ അവസരം ലഭിച്ചില്ലെങ്കിലും രണ്ട് സഹസ്രാബ്​​ദത്തിന്റെ പാരമ്പര്യം പേറുന്ന കത്തോലിക്ക സഭയുടെ പരമാധ്യക്ഷനാകാനുളള നിയോ​ഗമായിരുന്നു ഈ മനുഷ്യനെ കാത്തിരുന്നത്. പരമാധികാരവും അത്യാഢംബരവും കയ്യകലത്തിലുണ്ടായിരുന്നിട്ടും ലാളിത്യവും എളിമയുമായിരുന്നു അദ്ദേഹം വിധിച്ചതും നയിച്ചതും.

1936 ഡിസംബർ 17ൽ അർജന്റീനയിൽ ബ്യൂണസ് ഐറിസിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ജനനം. ജോർജ് മാരിയോ ബർഗോളിയോ എന്നായിരുന്നു മാതാപിതാക്കൾ നൽകിയ പേര്. ജോർജ് മാരിയോ ബർഗോളിയോയുടെ പിതാവ് ഇറ്റലിക്കാരനായിരുന്നു. മുസോളിനിയുടെ ഭരണകൂടത്തെ ഭയന്ന് അർജന്റീനയിലേക്കു കുടിയേറിയതായിരുന്നു അദ്ദേഹം. അവിടെ റയിൽവേ ജീവനക്കാരനായി. അദ്ദേഹത്തിന്റെ അഞ്ചു മക്കളിൽ ഒരാളാണ് ജോർജ് മാരിയോ. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ജോർജ് മാരിയോ ബർഗോളിയോ 1969 ഡിസംബർ 13ന് ജെസ്യൂട്ട് വൈദികനായി. 1973 മുതൽ 1979 വരെ അർജന്റീനൻ സഭയുടെ പ്രൊവീൻഷ്യാളായിരുന്നു. 1980ൽ സാൻ മിഗ്വൽ സെമിനാരി റെക്‌ടറായി. 1992ൽ ബ്യൂണസ് ഐറിസിന്റെ സഹായമെത്രാനായി. 1998ൽ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായി. ബിഷപ്പായിരിക്കെ ആഡംബരപൂർണമായ വസതി ഉപേക്ഷിച്ച് ചെറിയ വീട്ടിലായിരുന്നു താമസം, സ്വന്തമായി ഭക്ഷണം പാകം ചെയ്‌തു. ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ പൊതുഗതാഗത സംവിധാനത്തിലായിരുന്നു യാത്ര.

2001ൽ കർദിനാളായി. വത്തിക്കാൻ ഭരണകൂടമായ റോമൻ കൂരിയായയുടെ വിവിധ ഭരണ പദവികളിൽ സേവനമനുഷ്‌ഠിച്ചു. 2005ൽ അർജന്റീനയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ അധ്യക്ഷനായി. മൂന്നു വർഷത്തിനു ശേഷം ഇതേ പദവിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃപാടവത്തിനുള്ള അംഗീകാരമായിരുന്നു അത്. 2013ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും ലളിതജീവിതം പിന്തുടർന്ന അദ്ദേഹം വത്തിക്കാൻ പാലസ് ഉപേക്ഷിച്ച് അതിഥിമന്ദിരത്തിലായിരുന്നു താമസം.

ബെനഡിക്ട് പതിനാറാമന്റെ പിൻ​ഗാമി

അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരിക്കെയാണ് കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ എന്ന വൈദികന് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനാകാനുള്ള നിയോ​ഗം ലഭിച്ചത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നായിരുന്നു അത്. 2013 മാർച്ച് 13ന് കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നാണ് അദ്ദേഹം പോപ്പ് ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചത്. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാൻസിസിന്റെ പേരാണ് അദ്ദേഹം സ്വീകരിച്ചത്.

കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പയും ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമാണ് ജോർജ് മാരിയോ ബർഗോളിയോ. ഈശോസഭയിൽ (ജെസ്യൂട്ട്) നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള ആദ്യത്തെ മാർപാപ്പയുമായിരുന്നു. 731–741 കാലഘട്ടത്തിലെ, സിറിയയിൽ നിന്നുള്ള ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്നുളള മാർപാപ്പയും അദ്ദേഹമാണ്.

സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഭീകരതയും അഭയാർഥി പ്രശ്നവും മുതൽ ആഗോളതാപനം വരെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾക്ക് ലോകം കാതോർത്തിരുന്നു. ലോകരാഷ്ട്രീയത്തിൽ അദ്ദേഹം നിർണായകമായ ഇടപെടലുകൾ നടത്തി. ക്യൂബയും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തിന് അയവുവരുത്തുന്നതിൽ പങ്കുവഹിച്ചു. അഭയാർഥികളോടു മുഖം തിരിക്കാനുള്ള യൂറോപ്പിന്റെ പ്രവണതയെ രൂക്ഷമായി വിമർശിച്ചു. ബാലപീഡനത്തിനെതിരെ അതിശക്തമായ നിലപാടെടുത്തു. ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വൈദികർക്കും മെത്രാന്മാർക്കുമെതിരെ അച്ചടക്ക നടപടിയെടുത്തു. സഭാഭരണത്തിൽ വനിതകൾക്കു പ്രാതിനിധ്യം നൽകുന്നതിലും ഭിന്നലൈംഗികവിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുന്നതിനും മുൻകൈയെടുത്തു. വധശിക്ഷ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്തു.

മരണം കാത്തുനിൽക്കെ ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾക്കൊപ്പം

ഇന്നലെ ഈസ്റ്റർ ദിനത്തിൽ മാർപാപ്പ അപ്രതീക്ഷിതമായി വിശ്വാസികൾക്ക് മുന്നിലെത്തിയിരുന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ 35,000-ത്തിലധികം വരുന്ന ജനക്കൂട്ടത്തെ മാർപാപ്പ അഭിവാദ്യം ചെയ്തു. “സഹോദരന്മാരേ, ഈസ്റ്റർ ആശംസകൾ!” 88 വയസ്സുള്ള പോപ്പ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ലോഗ്ഗിയ ബാൽക്കണിയിൽ നിന്ന് പ്രഖ്യാപിച്ചു. ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റർ കുർബാന അർപ്പിച്ചില്ല. കർദ്ദിനാൾ ആഞ്ചലോ കോമാസ്ട്രിയാണ് ആ കർമ്മം നിർവഹിച്ചത്. പക്ഷേ, പിയാസയിലൂടെ ചുറ്റിനടന്ന്, കുഞ്ഞുങ്ങളെ അനുഗ്രഹിക്കാൻ മാർപാപ്പ മടികാണിച്ചില്ല. “വിവ ഇൽ പപ്പാ!”, “ബ്രാവോ!” എന്നീ ആർപ്പുവിളികൾക്കിടയിൽ വിശ്വാസികൾക്ക് നേരേ കൈവീശി അദ്ദേഹം ജനക്കൂട്ടത്തെ അത്ഭുതപ്പെടുത്തി.

ഫ്രാൻസിസ് മാർപാപ്പ ബസിലിക്ക ബാൽക്കണിയിൽ നിന്ന് “നഗരത്തിനും ലോകത്തിനും” എന്നർത്ഥം വരുന്ന ലാറ്റിൻ “ഉർബി എറ്റ് ഓർബി” എന്ന അനുഗ്രഹം നൽകി. ഗാസ, ഉക്രെയ്ൻ, കോംഗോ, മ്യാൻമർ എന്നിവയുൾപ്പെടെയുള്ള ആഗോള സംഘർഷ മേഖലകളിൽ സമാധാനത്തിനായി പോപ്പ് ആഹ്വാനം ചെയ്ത സന്ദേശം ആർച്ച് ബിഷപ്പ് ഡീഗോ റാവെല്ലി ഉറക്കെ വായിച്ചു.

“യുദ്ധം ചെയ്യുന്ന രാജ്യങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു: വെടിനിർത്തൽ പ്രഖ്യാപിക്കുക, ബന്ദികളെ മോചിപ്പിക്കുക, സമാധാനപരമായ ഭാവി ആഗ്രഹിക്കുന്ന പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാൻ മുന്നോട്ട് വരുക!” ഗാസയിലെ മാനുഷിക പ്രതിസന്ധിയെ പരാമർശിച്ചുകൊണ്ട് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. കുടിയേറ്റക്കാരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും അനുകമ്പയും അദ്ദേഹം അഭ്യർത്ഥിച്ചു: “ഈ ദിവസം, നാമെല്ലാവരും പുതുതായി പ്രത്യാശിക്കണമെന്നും നമ്മിൽ നിന്ന് വ്യത്യസ്തരായവർ ഉൾപ്പെടെ മറ്റുള്ളവരിലുള്ള വിശ്വാസം പുനരുജ്ജീവിപ്പിക്കണമെന്നും ഞാൻ ആഗ്രഹിക്കുന്നു… കാരണം നാമെല്ലാവരും ദൈവത്തിന്റെ മക്കളാണ്.” മാർപാപ്പ സന്ദേശത്തിൽ പറഞ്ഞു.

മരണത്തെ മുഖാമുഖം കണ്ട നിമിഷം

ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫ്രാൻസിസ് മാർപാപ്പ മരണത്തിന്റെ വക്കോളമെത്തിയിരുന്നെന്ന് പിന്നീട് ‍ഡോക്ടർ വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരി 28ന് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ​ഗുരുതരമാകുകയായിരുന്നു എന്നാണ് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തൽ. ചികിത്സ അവസാനിപ്പിക്കാൻ പോലും ഒരുഘട്ടത്തിൽ ആലോചിച്ചിരുന്നെന്നും ഡോക്ടർ സെർജിയോ അൽഫിയേരി വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജമേലി ആശുപത്രിയിലെ ഡോക്ടർ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യസ്ഥിതി ഫെബ്രുവരി 28ന് അതീവ ​ഗുരുതരാവസ്ഥയിലായി എന്നാണ് സെർജിയോ അൽഫിയേരി വെളിപ്പെടുത്തിയത്. അന്ന് ഛർദിയെ തുടർന്നുള്ള ശ്വാസതടസം രൂക്ഷമായി. അന്നത്തെ രാത്രി അദ്ദേഹം അതിജീവിക്കില്ലെന്ന തോന്നലുണ്ടായെന്നും ഡോ. സെർജിയോ അൽഫിയേരി പറഞ്ഞു.

‘ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമായതോടെ ചികിത്സ അവസാനിപ്പിച്ച് അദ്ദേഹത്തെ പോകാൻ അനുവദിക്കുക അല്ലെങ്കിൽ സാധ്യമായ എല്ലാ മരുന്നുകളും ചികിത്സകളും ഉപയോഗിച്ച് ജീവൻ നിലനിർത്താൻ ശ്രമിക്കുക എന്നീ വഴികളായിരുന്നു മുന്നിലുണ്ടായിരുന്നത്. കാഠിന്യമേറിയ മരുന്നുകൾ നൽകുന്നത് അദ്ദേഹത്തിന്റെ മറ്റു അവയവങ്ങളുടെ പ്രവർത്തനത്തെ കൂടി അപകടത്തിലാക്കുമെന്ന സാഹചര്യമായിരുന്നു. എല്ലാ ശ്രമങ്ങളും നടത്തുക, പിന്മാറരുത് എന്ന അദ്ദേഹത്തിന്റെ വ്യക്തിഗത നഴ്സ് മാസിമിലിയാനോ സ്റ്റ്രാപ്പെറ്റിയുടെ സന്ദേശത്തെ തുടർന്ന് രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വൃക്കകൾക്കും മജ്ജയ്ക്കും തകരാർ സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ മുന്നോട്ട് പോയി, അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു, ശ്വാസകോശ അണുബാധ കുറഞ്ഞു,’ – ഡോ. സെർജിയോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *