Your Image Description Your Image Description

കശ്മീരിലെ തണുത്തുറഞ്ഞ താഴ്വരകളെയും മഞ്ഞുമലകളെയും ഇനി വന്ദേഭാരതിൽ ഇരുന്നു കാണാം. അധികം വൈകാതെ കാശ്മീരിലേക്ക് ചൂളം വിളിയുമായി വന്ദേഭാരത് എത്തും. മൈനസ് ഡിഗ്രി തണുപ്പിലും ചൂടൻ യാത്രകളാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്. മഞ്ഞിനെ തോല്‍പ്പിക്കുന്ന രൂപകല്‍പ്പനയാണ് ഇതിന്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങിയ 49, 80 നമ്പര്‍ റേക്കുകളാണ് കശ്മീരില്‍ ഉപയോഗിക്കുന്നത്. അതിശൈത്യത്തില്‍ (മൈനസ് 20 ഡിഗ്രീ സെല്‍ഷ്യസ് വരെ) പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ ഇന്ത്യയിലെ മറ്റു വന്ദേഭാരതുകളില്‍ ഒന്നിനും ഇല്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത.

ജമ്മു കത്രയില്‍ നിന്ന് മൂന്നു മണിക്കൂര്‍ മാത്രമാണ് ശ്രീനഗറിലേക്ക് വേണ്ടത്. വന്ദേ സ്ലീപ്പറിന്റെ വരവും ഉടന്‍ ഉണ്ടാകും. ഡല്‍ഹിയില്‍നിന്ന് ശ്രീനഗറിലേക്ക് നേരിട്ട് തീവണ്ടി സര്‍വീസ് റെയില്‍വേ നേരത്തെ പ്രഖ്യാപിച്ചതാണ്. ഇന്ത്യയിലെ ആദ്യ വന്ദേസ്ലീപ്പര്‍ വണ്ടി ലഭിച്ചതും ഉത്തര റെയില്‍വേക്കാണ്. കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് ജമ്മു കത്ര- ശ്രീനഗര്‍ പാത ഒരുക്കിയത് എങ്കില്‍, വെള്ളം കട്ടപിടിക്കുന്ന ഡിസംബറിന്റെ തണുപ്പിനെപോലും അതിജീവിക്കുന്ന വണ്ടിയാണ് ഈ പാതയില്‍ ഓടിക്കുന്നത്. സെമി ഹൈസ്പീഡ് വണ്ടിയാണിത്. ശീതീകരിച്ച കോച്ചുകളില്‍ ഹീറ്റിങ്ങ് സംവിധാനങ്ങള്‍ ഉണ്ട്.

ചൂടു സമയങ്ങളില്‍ തണുപ്പും കിട്ടും(എച്ച്.വി.എ.സി-ഹീറ്റിങ് വെന്റിലേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്ങ്). ശുചിമുറികളിൽ ചൂടുവെള്ളം അടക്കമുള്ള സംവിധാനം, മൂടല്‍ മഞ്ഞ് തടയാന്‍ ലോക്കോ കാബിനില്‍ അടക്കം വിന്‍ഡ് ഷീല്‍ഡ് ഫീച്ചര്‍, കോച്ചിലും ലോക്കോ കാബിനിലും ആന്റി ഫ്രീസിങ് സംവിധാനം എന്നിവയെല്ലാമുണ്ട്. സിലിക്കണ്‍ ഹീറ്റിങ് പാഡ് (1800വാട്ട്)- വണ്ടിയിലെ ജലടാങ്കിലെ വെള്ളം ഐസ് ആകാതിരിക്കാന്‍ ഇത് സഹായിക്കുന്നു. പ്ലമ്പിങ്ങ് പ്രവൃത്തിക്ക് സെല്‍ഫ് റെഗുലേറ്റിങ് ഹീറ്റിങ് കേബിള്‍ ഉപയോഗിക്കുന്നു. എല്ലാ ജല ടാങ്കിനും പൈപ്പ് ലൈനിനും തെര്‍മല്‍ ആവരണം ഘടിപ്പിക്കും.

ശൗചാലയത്തില്‍ ചൂടുവെള്ള സൗകര്യവുമുണ്ട്. ലോക്കോകാബിന്‍ പൂജ്യം ഡിഗ്രിയില്‍ ഉള്‍പ്പെടെ മരവിച്ചു പോകാതിരിക്കാന്‍ ഹീറ്റിങ് ഘടകം ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഏതെങ്കിലും തരത്തില്‍ ഗ്ലാസ് പൊട്ടാതിരിക്കാന്‍ പ്രത്യേക ലെയര്‍ ഒരുക്കിയിട്ടുണ്ട്. ബ്രേക്കിങ്ങ്, വൈപ്പര്‍ സംവിധാനങ്ങളിലും തണുപ്പിനെ പ്രതിരോധിക്കാന്‍ പ്രത്യേക ഹീറ്റിങ് ഘടകം ഉണ്ട്. സാങ്കേതികമായി ഇത്രയും മികച്ച സംവിധാങ്ങൾ ഉള്ള ആദ്യ വന്ദേഭാരത് ഇത് തന്നെയാണ്. ഓട്ടോമാറ്റിക് വാതിലുകളുടെ രൂപകല്‍പ്പനയും സാങ്കേതിക ഫീച്ചറും മികച്ചതാണ്. യാത്രക്കാർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന കോച്ചുകളും മികച്ചതാണ്.

Leave a Reply

Your email address will not be published. Required fields are marked *