Your Image Description Your Image Description

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് കര്‍ശനമായ താക്കീത് നല്‍കി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. എഎംഎംഎയെ അറിയിച്ച ശേഷം ഷൈന്‍ ടോം ചാക്കോയുടെ തങ്ങള്‍ സംസാരിച്ചിരുന്നു. ഇത്തരം ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായി ഷൈന്‍ തങ്ങളോട് സമ്മതിച്ചിട്ടുണ്ട്. ഈ ശീലങ്ങള്‍ അവസാനിപ്പിക്കുന്നതിന് ആവശ്യമായ പ്രഫഷണല്‍ അസ്സിസ്റ്റന്‍സ് സ്വീകരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഷൈന്‍ ടോം ചാക്കോയ്ക്ക് നല്‍കുന്ന അവസാന അവസരമാണിത്. ഒരുതരത്തിലും ഇത്തരം പെരുമാറ്റങ്ങളുമായി മുന്നോട്ട് പോകുന്നവരുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. അദ്ദേഹത്തിന് ഒരു അവസരം കൂടി വേണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഷൈന്‍ പ്രതിഭാധനനായ ചെറുപ്പക്കാരനാണ്. കുറ്റവാളികളെ കാണുന്നവരെ പോലെയല്ല ഇത്തരം ശീലങ്ങളില്‍ അകപ്പെട്ടുപോയവരെ കാണേണ്ടത്. അവര്‍ക്ക് തിരുത്താന്‍ ഒരു അവസരം നല്‍കുക എന്നതാണ് മാനുഷികമായ നിലപാട്. എന്നാല്‍ അതിനെ ദൗര്‍ബല്യമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഈ വിഷയത്തില്‍ എഎംഎംഎ പ്രതിനിധികളായ സരയു, അന്‍സിബ, വിനു മോഹന്‍ എന്നിവരുമായി തങ്ങള്‍ സംസാരിച്ചു. ഫോണിലൂടെ മോഹന്‍ലാല്‍, ജയന്‍ ചേര്‍ത്തല എന്നിവരോടും സംസാരിച്ചു. ഇത്തരത്തില്‍ സിനിമാ പ്രവര്‍ത്തനവുമായി മുമ്പോട്ട് പോകുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. തങ്ങളുടെ ഒരു അംഗം ലഹരിയുമായി പിടിക്കപ്പെട്ടപ്പോള്‍ ആ ദിവസം തന്നെ അയാളെ സസ്പെന്‍ഡ് ചെയ്തു. ഇപ്പോള്‍ അദ്ദേഹം സിനിമകളില്‍ വര്‍ക്ക് ചെയ്യുന്നില്ല. അത്തരത്തിലുള്ള കര്‍ശനമായ നടപടികള്‍ തങ്ങള്‍ സ്വീകരിക്കുമ്പോള്‍ അഭിനേതാക്കളില്‍ നിന്നും ഇത്തരം പെരുമാറ്റങ്ങള്‍ ഉണ്ടാകുന്നത് ബുദ്ധിമുട്ടാണ് എന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

കഴിഞ്ഞ ആറുമാസത്തിനിടയില്‍ സിനിമ നിര്‍മാണം 45 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. പല വന്‍കിട നിര്‍മാതാക്കളും മലയാള സിനിമകളില്‍ പണം മുടക്കുന്നതിന് തയ്യാറാകുന്നില്ല. മലയാള സിനിമയില്‍ ലഹരി മാഫിയ പിടിമുറുക്കിയിട്ടുണ്ട് എന്ന ചിത്രമാണ് ലഭിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി വരുന്ന വാര്‍ത്തകളിലൂടെ അത്തരമൊരു ചിത്രം ലഭിക്കുന്നുണ്ടെങ്കില്‍ അതില്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഈ വ്യവസായം പൂര്‍ണ്ണമായി നിശ്ചലമായാല്‍ പോലും അത്ഭുതപ്പെടാനില്ല.

ആ രീതിയിലാണ് പ്രൊഡക്ഷന്‍ താഴേക്ക് പോകുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമകള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം കൊണ്ടുവന്നിട്ടുണ്ട്. അത് ഏറ്റവും അധികം ബാധിക്കുന്നതും മലയാള സിനിമയെയായിരിക്കും. മുതല്‍മുടക്കാന്‍ ആളില്ല, വരുമാന സ്രോതസ്സുകള്‍ കുറയുന്നു, പൊതുസമൂഹത്തിന് മുന്നില്‍ മോശമായ ചിത്രമുണ്ടാകുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം പെരുമാറ്റമുള്ളവരുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *