Your Image Description Your Image Description

വിവാഹം കളറാക്കാൻ എന്ത് വെറൈറ്റിയും പരീക്ഷിക്കാൻ ആളുകൾ തയാറാണ്. അത്തരത്തിലുള്ള പല വ്യത്യസ്ത സംഭവങ്ങളും വൈറലാവാറുണ്ട്. ആദ്യകാലത്ത് സേവ് ദ ഡേറ്റ് വളരെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് അത് പൊതുവായപ്പോൾ അതിലെ തന്നെ വ്യത്യസ്തതകൾ കൊണ്ട് അവ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. വിവാഹത്തിന് ക്ഷണക്കത്ത് നൽകി വിളിക്കുക എന്നത് വർഷങ്ങൾ പഴക്കമുള്ള ഒരു രീതിയാണ്. എന്നാൽ ഇതാ വിവാഹക്ഷണപത്രത്തിന് പകരം ബ്രഡ് നല്‍കി ആളുകളെ ക്ഷണിച്ചിരിക്കുകയാണ് ദമ്പതികള്‍. അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത ഈ ആശയം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഡിജിറ്റല്‍ ക്രിയേറ്ററായ ജാസ്മിന്‍ റേയ്‌സ്, മിഗ്വേല്‍ സോട്ടോ എന്നിവരുടേതാണ് വിവാഹം. ജാസ്മിനാണ് വീഡിയോ പങ്കുവെച്ചത്. ‘വരൂ എന്നോടൊപ്പം എന്റെ വിവാഹക്ഷണം കഴിക്കൂ’ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന വീഡിയോയില്‍ പ്രത്യേക ലോഗോ ഇംപ്രിന്റ് ചെയ്തുകൊണ്ടാണ് ബ്രഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്ന് കാണാം. വിരുന്നിന് ആളുകളെ ക്ഷണിക്കാനായി താനെങ്ങനെയാണ് ബ്രഡ് ഡിസൈന്‍ ചെയ്തതെന്നും പാക്ക് ചെയ്തതെന്നും വീഡിയോയില്‍ അവര്‍ വിവരിക്കുന്നുണ്ട്.

പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ബ്രഡ് കട്ടികുറഞ്ഞ ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കിയാണ് ആളുകള്‍ക്ക് നല്‍കിയത്. കാര്‍ഡിന്റെ ഒരു വശത്ത് ‘ബ്രഡി ഓര്‍ നോട്ട്, ഹീയര്‍ വീ ഗോ, കം ടോസ്റ്റ് ഫോര്‍എവര്‍ വിത്ത് അസ്’ എന്നും വിവാഹദിവസവും കുറിച്ചിട്ടുണ്ട്. പ്രതിശ്രുത വരന്റേും വധുവന്റേയും പേരിന്റെ ചുരുക്കരൂപമായ മിഗ്‌സ് ആന്റ് ജാസ് എന്നും കാര്‍ഡില്‍ നല്‍കിയിട്ടുണ്ട്. ഇരുവരുടേയും ഇനീഷ്യല്‍ ഉപയോഗിച്ചാണ് ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്. പാക്കിന്റെ മറുവശത്ത് ക്യൂആര്‍ കോഡും നല്‍കിയിട്ടുണ്ട്. ഇത് സ്‌കാന്‍ ചെയ്താല്‍ ചടങ്ങിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

ക്ഷണപത്രത്തിന് പകരം പുതിയ രീതി പരീക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആളുകള്‍ അത് എത്തരത്തില്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ ആശങ്ക തോന്നിയിരുന്നുവെന്നും എന്നാല്‍ തങ്ങളെ ഞെട്ടിച്ചുകൊണ്ട് നല്ല പ്രതികരണങ്ങളാണ് ലഭിച്ചതെന്നും വീഡിയോയില്‍ പറയുന്നു.

ബ്രഡ് നല്‍കിയുള്ള ക്ഷണത്തിന് ഇങ്ങനെയാകണം ക്ഷണപ്പത്രം, കടലാസ് ആര്‍ക്കും കഴിക്കാന്‍ സാധിക്കില്ലല്ലോ തുടങ്ങി നിരവധി കമന്റുകളാണ് ലഭിച്ചത്. ബ്രഡ് ഇന്‍വിറ്റേഷന്‍ തയ്യാറാക്കിയ സ്ഥാപനം ആദ്യമായാണ് ഇത്തരത്തില്‍ ഒരു ജോലി ഏറ്റെടുത്ത് നടത്തിയതെന്ന് അവര്‍ പറഞ്ഞതായി യുവതി വീഡിയോയില്‍ പറഞ്ഞു. ക്ഷണമായി അവതരിപ്പിച്ച ബ്രഡില്‍ നിന്ന് ഒരു കഷ്ണമെടുത്ത് അതിന്മേല്‍ ചോക്ലേറ്റ് പുരട്ടി പഴം മുറിച്ച് വെച്ച് കഴിച്ചുകൊണ്ടാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

കടലാസില്‍ ക്ഷണപത്രം തയ്യാറാക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവിലാണ് ബ്രഡ് കൊണ്ട് ചെയ്തതെന്ന് യുവതി വീഡിയോയില്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *