Your Image Description Your Image Description

പഹല്‍ഗാം പ്രദേശം സമുദ്രനിരപ്പില്‍നിന്ന് 7200 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ അതിമനോഹരമായ സ്ഥലമാണിത്. വേനല്‍ക്കാലമാണെങ്കിൽ പോലും നേരിയ മഞ്ഞുപാളികളാല്‍ പൊതിഞ്ഞുനില്‍ക്കുന്ന പ്രദേശമാണിവിടം. വലിയ പൈന്‍ വനങ്ങളാലും ഹിമാലയന്‍ കൊടുമുടികളാലും ചുറ്റപ്പെട്ടാണ് പഹല്‍ഗാം സ്ഥിതി ചെയ്യുന്നത്. ‘ഇടയന്മാരുടെ താഴ്‌വര’ എന്നറിയപ്പെടുന്ന പഹല്‍ഗാം, ശാന്തതയും പ്രകൃതിഭംഗിയുമാണ് വാഗ്ദാനം ചെയ്യുന്നത്. വേനല്‍ക്കാലത്ത് വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുന്ന ഇവിടെയാണിപ്പോള്‍ അശാന്ത ഭൂമിയായി മാറിയത്.

കാശ്മീരിന്റെ ഏറ്റവും ഭംഗിയാര്‍ന്ന പ്രദേശങ്ങളിലൊന്നാണ് പഹല്‍ഗാം. കുതിരസവാരിയാണ് ആളുകള്‍ സഞ്ചാരത്തിനായി ആശ്രയിക്കുന്നത്. വലിയ മരങ്ങളുടെ വേരുകളുള്ള പാതയോരങ്ങളാണിവിടെയുള്ളത്. ബൈസാറന്‍ താഴ്വര ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. മിനി സ്വിറ്റ്സര്‍ലന്റ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. പച്ച പുല്‍ത്തടികള്‍കൊണ്ട് നിറഞ്ഞ ഇവിടുത്തെ മേച്ചില്‍ ഭൂമിക്ക് ചുറ്റിലും പൈന്‍ മരങ്ങളാണ്. ബജ്രംഗി ഭായിജാന്‍ അടക്കമുള്ള ചലച്ചിത്രങ്ങളുടെ ചിത്രീകരണം ഇവിടെവെച്ചാണ് നടത്തിയിട്ടുണ്ട്. പഹല്‍ഗാമിലെ പ്രധാനപ്പെട്ട മറ്റൊരു സ്ഥലമാണ് ബേതാബ് എന്ന താഴ്വര. 1983-ല്‍ പുറത്തിറങ്ങിയ ‘ബേതാബ്’എന്ന സിനിമ ഇവിടെയാണ് ചിത്രീകരിച്ചത്. അങ്ങനെയാണ് ആ പേര് വന്നത്.

കശ്മീരിലെ ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, ശ്രീനഗര്‍, പഹല്‍ഗാം എന്നീ സ്ഥലങ്ങളിലേക്ക് വര്‍ഷംതോറും നിരവധി സഞ്ചാരികളെത്താറുണ്ട്. സ്‌കീ റിസോര്‍ട്ടുകളാല്‍ പ്രശസ്തമായ സ്ഥലമാണ് ഗുല്‍മാര്‍ഗ്. സ്‌കീയിങ്ങിന് സൗകര്യങ്ങളുള്ളവയാണ് ഇത്തരം റിസോര്‍ട്ടുകള്‍. നീളത്തിലും ഉയരത്തിലും ലോകത്തില്‍ തന്നെ രണ്ടാം സ്ഥാനമുള്ള ഗുല്‍മര്‍ഗ് ഗൊണ്ടോള എന്ന കേബിള്‍ കാറില്‍ സഞ്ചരിക്കാനും ആളുകള്‍ ഇവിടെയെത്തുന്നു.

ഹിമാലയന്‍ മലനിരകള്‍ നിറഞ്ഞ കശ്മീര്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ കാരണം അശാന്തഭൂമിയായി വാര്‍ത്തകളില്‍ നിറയുമ്പോഴും പ്രകൃതിരമണീയമായ കാഴ്ചകളാല്‍ ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളാല്‍ എന്നും സമ്പന്നമാണ്.

Leave a Reply

Your email address will not be published. Required fields are marked *