Your Image Description Your Image Description

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍. ഇന്ത്യയോടൊപ്പം ഐക്യത്തോടെ നിലകൊള്ളുന്നുവെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ എംബസി വക്താവ് ഗൈ നിര്‍ അറിയിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണം ഞെട്ടിക്കുന്നതെന്ന് ഇന്ത്യയിലെ സിംഗപ്പൂര്‍ ഹൈക്കമ്മീഷന്‍ പ്രതികരിച്ചു. എന്റെ മനസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കുമൊപ്പമാണെന്നും ഭീകരാക്രമണത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ഇസ്രയേലുമുണ്ടാകുമെന്നും പഹല്‍ഗാമില്‍ നടന്ന നീചമായ ആക്രമണത്തില്‍ തങ്ങള്‍ വളരെയേറെ ദുഃഖിതരാണെന്നും ഇസ്രായേല്‍ എംബസി വക്താവ് ഗൈ നിര്‍ എക്‌സില്‍ കുറിച്ചു.

വിനോദസഞ്ചാരികള്‍ക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗിക വിവരം. ഭീകരാക്രമണത്തിൽ തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ വിനോദ സഞ്ചാരികളാണ് കൊല്ലപ്പെട്ടത്. അതേസമയം, വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ കേരള ഹൈക്കോടതിയിൽ നിന്നുള്ള മൂന്ന് ജഡ്ജിമാർ സുരക്ഷിതരെന്ന് വിവരം ലഭിച്ചു. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാർ, അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരാണ് കശ്മീരിൽ ഉള്ളത്. ടൂറിസ്റ്റുകൾ ആയി കർണാടകയിൽ നിന്ന് 12 പേർ ഉണ്ടായിരുന്നു. ഒരേ സംഘത്തിൽ ഉള്ളവർ അല്ല ഇവരെന്നാണ് റിപ്പോർട്ട്. കുടുംബമായിട്ടാണ് കൊല്ലപ്പെട്ട മഞ്ജുനാഥ റാവു എത്തിയത്. ഇന്ന് രാവിലെയാണ് മഞ്ജുനാഥ് റാവുവും കുടുംബവും പഹൽഗാമിൽ എത്തിയത്. നാല് ദിവസം മുൻപാണ് മഞ്ജുനാഥയും കുടുംബവും ജമ്മു കശ്മീരിലേക്ക് പോയത്. ഒരാഴ്ചത്തെ വിനോദയാത്രയ്ക്ക് ആണ് പോയത്. ശിവമൊഗ്ഗയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ ആണ് മഞ്ജുനാഥ റാവു. അതേസമയം, ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടതായാണ് പുതിയ വിവരം. 13 പേർക്ക് പരിക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ ശക്തമായി അപലപിച്ചു. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. അമിത് ഷാ ശ്രീനഗറിൽ രാത്രിയോടെ എത്തും. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഹൃദയഭേദകമായ സംഭവം എന്ന് പ്രതികരിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഭീകര വാദത്തിന് എതിരെ എല്ലാവരും ഒന്നിക്കണം എന്ന് ആവശ്യപ്പെട്ടു. ജമ്മു കശ്മീരിൽ എല്ലാം സാധാരണപോലെയാണെന്ന അവകാശ വാദമല്ല വേണ്ടത്. കേന്ദ്ര സർക്കാർ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണം നടന്നത്. വിനോദസഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിച്ച് നിന്നിരുന്ന സ്ഥലത്തേക്ക് തോക്കുമായി എത്തിയ ഭീകരർ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 20 ഓളം പേർക്ക് പരുക്കേറ്റതായുമാണ് വിവരം. വളരെ അടുത്ത് ചെന്ന് നിന്നാണ് ഭീകരർ വെടിവെച്ചത് എന്നും പട്ടാള വേഷത്തിലാണ് അക്രമികൾ എത്തിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തിന് ശേഷം ഭീകരർ ഓടിരക്ഷപ്പെട്ടു.

അതേസമയം ദില്ലിയിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെട്ടു. രാത്രി എട്ട് മണിയോടെ ഇവിടെയെത്തുന്ന അദ്ദേഹം ആക്രമണം നടന്ന സ്ഥലം ഇന്ന് തന്നെ സന്ദർശിക്കുമെന്നാണ് കരുതുന്നത്. ജമ്മു കശ്മീരിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം വീഡിയോ കോൺഫറൻസ് വഴി നേരത്തെ സംസാരിച്ചിരുന്നു. സൗദിയിൽ നിന്ന് ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം വിഷയം സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *