Your Image Description Your Image Description

സോഷ്യൽ മീഡിയയിൽ വൈറലാകാൻ ശ്രമിച്ച് പണികിട്ടുന്നവർ ഏറെയാണ്. ഇപ്പോഴിതാ, അത്തരത്തിൽ പണികിട്ടിയ ഒരു യുവതിയാണ് സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയിൽ ഓടുന്ന കാറിനുള്ളിലും പുറത്തുമായി അഭ്യാസം കാണിച്ച യുവതിക്കാണ് പണികിട്ടിയത്. യുവതിയുടെ വീഡിയോകളെല്ലാം വൈറലായി. എന്നാൽ, തൊട്ടുപിന്നാലെ നല്ലൊരു സംഖ്യ പിഴയടക്കേണ്ടിയും വന്നു.

ഓടുന്ന കാറിനുള്ളിലും പുറത്തുമായി ഡാൻസും മറ്റ് അഭ്യാസങ്ങളുമാണ് യുവതി കാട്ടിക്കൂട്ടുന്നത്. ഇത്തരം നിരവധി വീഡിയോകളാണ് ഇവർ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത്. അതോടെയാണ് ഇവർ വ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റുന്നതും. ഓടുന്ന കാറിന്റെ ബോണറ്റിൽ ഇരുന്നും നൃത്തം ചെയ്തും യുവതി കാണികളെ ആകർഷിക്കുന്നുണ്ട്. ഭർത്താവ് വാഹനമോടിക്കുമ്പോൾ അയാളുടെ മടിയിൽ കിടക്കുന്ന വീഡിയോയും യുവതി പങ്കുവെച്ചിരുന്നു.

വീഡിയോ പുറത്തുവന്നതോടെ രൂക്ഷവിമർശനമാണ് യുവതിക്കെതിരെ ഉയർന്നത്. ഏറ്റവുമധികം വിമർശിക്കപ്പെട്ടത് വാഹനമോടിക്കുന്ന ഭർത്താവിന്റെ മടിയിൽ കിടക്കുന്ന യുവതിയുടെ വീഡിയോയാണ്. കാൺപൂർ നഗർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ (ആർ‌ടി‌ഒ) ശ്രദ്ധയിൽ ഈ വീഡിയോകൾ എത്തിയതോടെയാണ് യുവതിക്ക് പണികിട്ടിയത്.

വീഡിയോകൾ പരിശോധിച്ച ഉദ്യോഗസ്ഥർ അവർ ചെയ്തത് നിയമവിരുദ്ധവും പൊതു സുരക്ഷയ്ക്ക് പ്രശ്നമുണ്ടാക്കുന്നതാണ് എന്നും കണ്ടെത്തുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അങ്ങനെ റോഡിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയതിന് 22,500 രൂപ അവരിൽ നിന്നും വകുപ്പ് പിഴയും ചുമത്തി. ഔറയ്യയിലെ ബാരാമുപൂരിലെ ഉപേന്ദ്ര സിംഗ് ചൗഹാൻ എന്നയാളുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറയുന്നു. ഇയാൾക്കെതിരെയും ആർ‌ടി‌ഒ 5,000 രൂപ അധിക പിഴ ചുമത്തിയിട്ടുണ്ട്. കാറിന്റെ ബോണറ്റിൽ നൃത്തം ചെയ്യുന്നത് പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് കാണിച്ചുകൊണ്ട് 5,000 രൂപ കൂടി പിഴ ചുമത്തിയിട്ടുണ്ട്.

ഇതുപോലെയുള്ള അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രണ്ട് യുവതികൾ നടുറോഡിൽ നൃത്തം ചെയ്തുകൊണ്ട് വീഡിയോ ചിത്രീകരിക്കുന്ന ദൃശ്യങ്ങളും വൈറലായി മാറിയിരുന്നു. പഞ്ചാബിലെ ലുധിയാനയിൽ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരുന്നത്. വീഡിയോയുടെ കാപ്ഷനിൽ പറയുന്നത് ജിടി റോഡിലാണ് ഈ സംഭവം എന്നാണ്. വീഡിയോയിൽ രണ്ട് യുവതികൾ തിരക്കേറിയ ഒരു റോഡിൽ ഡാൻസ് കളിച്ചുകൊണ്ട് വീഡിയോ എടുക്കുന്നതാണ് കാണുന്നത്. ഇതിനെതിരെയും സോഷ്യൽ മീഡിയയിൽ വൻവിമർശനം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *