29ാ-മത് ദുബായ് വേൾഡ് കപ്പിന് ഗിന്നസ് റെക്കോഡ്. വേൾഡ് കപ്പിന്റെ സമാപനച്ചടങ്ങിനോട് അനുബന്ധിച്ച് നടന്ന പ്രത്യേക ഡ്രോൺ പ്രദർശനമാണ് റെക്കോഡ് നേടിക്കൊടുത്തത്. 5,983 ഡ്രോണുകൾ ഉപയോഗിച്ച് നിർമിച്ച ഏറ്റവുംവലിയ ഫ്ളൈയിങ് എൽഇഡി സ്ക്രീനിലായിരുന്നു പ്രദർശനം. 60,000-ത്തിലേറെപ്പേരെ സാക്ഷിയാക്കിയുള്ള അത്യാധുനിക ഡ്രോൺ പ്രദർശനം ഏകദേശം 20 മിനിറ്റ് നീണ്ടുനിന്നു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും കൂറ്റൻ ഛായാചിത്രങ്ങൾ ഉൾപ്പെടെ ഡ്രോൺ സാങ്കേതികവിദ്യയുടെ സഹായത്തോടെ ത്രീഡിയിൽ ആകാശത്ത് പ്രദർശിപ്പിച്ചു. കുതിരകളുടെ ആനിമേറ്റഡ് ദൃശ്യങ്ങളും ചാമ്പ്യൻഷിപ്പ് ട്രോഫിയും സമാപനച്ചടങ്ങിൽ ഡ്രോൺ സഹായത്തോടെ ചിത്രീകരിച്ചതും വിസ്മയമായി. ദുബായ് വേൾഡ് കപ്പിന്റെ 30-മത് വാർഷികം, അടുത്തവർഷംകാണാം എന്ന സന്ദേശത്തോടെയാണ് പ്രത്യേക ഷോ അവസാനിച്ചത്.