തിരുവനന്തപുരം : വനിത സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്സ് ശക്തമായ സമരത്തിലേക്ക്.പൊലീസിലെയും സൈന്യത്തിലെയും കടുത്ത പരിശീലന രീതിയായ രണ്ട് കൈകൾ കൊണ്ട് മണ്ണിൽ ഇഴഞ്ഞാണ് രാവിലത്തെ പ്രതിഷേധം.
രാവിലെ 10.30 നാണ് ഈ പ്രതിഷേധം. ഇന്ന് രാത്രി 8 മണിക്ക് കയ്യിൽ കർപ്പൂരം വെച്ച് കത്തിച്ചും പ്രതിഷേധം നടത്തും. സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരം ഇന്ന് ഏഴാം ദിവസമാണ്.
വനിതാ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാണ് പ്രധാന സമരാവശ്യം. കഴിഞ്ഞദിവസം ശയനപ്രദക്ഷിണം, കല്ലുപ്പിനു മുകളിൽ മുട്ടുകുത്തിയുള്ള സമരം നടത്തിയിരുന്നു.
കയ്യും കാലും പരസ്പരം ചേർത്ത് കൂട്ടിക്കെട്ടിയായിരുന്നു ഇന്നലത്തെ സമരം. ഈ മാസം 19നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 235 നിയമനം മാത്രമാണ് നടത്തിയത്.സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 570ലധികം വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ ഒഴിവുണ്ട്.