നമ്മുടെ രാജ്യത്ത് രണ്ടായിരത്തിലധികം പേർ ഓരോ വർഷവും ഇടിമിന്നലേറ്റ് മരിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. പലപ്പോഴും, ഇടിമിന്നൽ മുന്നറിയിപ്പും മറ്റും യഥാസമായം നൽകാനായാൽ ഇത്തരം മരണങ്ങൾ ഒഴിവാക്കാം. കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി ഇടിമിന്നൽ മുന്നറിയിപ്പുകൂടി നൽകാനുള്ള സംവിധാനം വേണമെന്നത് രാജ്യത്തിന്റെ കാലങ്ങളായുളള ആവശ്യമാണ്. ഇപ്പോഴിതാ, ആ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഐ.എസ്.ആർ.ഒ.
ഐ.എസ്.ആർ.ഒയുടെ ഭാഗമായ നാഷണൽ റിമോട്ട് സെൻസിങ് സെന്ററാണ് ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ച് ഇടിമിന്നൽ പ്രവചിക്കുന്ന പുതിയ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. ഇടിമിന്നൽ സംഭവിക്കുന്നതിന് രണ്ടര മണിക്കൂർ മുമ്പ് അറിയാൻ ഈ സംവിധാനം വഴിയൊരുക്കും. ഇന്ത്യയിൽ, മധ്യേന്ത്യയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ഇടിമിന്നൽ മരണങ്ങൾ ഏറ്റവും കുടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ലൈറ്റ്നിങ് ഹോട് സ്പോട്ടുകൾ എന്നറിയപ്പെടുന്ന ഈ മേഖലകളിൽ, ഐ.എസ്.ആർ.ഒയുടെ പുതിയ സംവിധാനം ഇടിമിന്നൽ മൂലമുണ്ടാകുന്ന അപകട സാധ്യത കുറയ്ക്കും. സാധാരണ ഗതിയിൽ ഒരാൾക്ക് മിന്നലേൽക്കാനുള്ള സാധ്യത വളരെ കുറവാണ്. അഞ്ച് ലക്ഷത്തിലൊന്ന് എന്ന നിലയിലാണ് അതിന്റെ സാധ്യത. എന്നാൽ, 30,000 ആംപിയർ അളവ് വൈദ്യുതിയാണ് മിന്നലിലൂടെ എത്തുന്നത്. ഇതു ശരീരത്തിന് താങ്ങാനാവില്ല. മിന്നൽമൂലമുണ്ടാകുന്ന പരിക്കിനേക്കാളപ്പുറം ഹൃദയാഘാതത്തിനുവരെ ഇത് കാരണമാകും.