Your Image Description Your Image Description

ഭൂമിയേയും സൂര്യനെയും താരാഗണങ്ങളെയും ഗണിച്ചറിയാൻ സഹായിക്കുന്ന ഒരു വാച്ച് പരിചയപ്പെട്ടാലോ. സൂര്യന്റെ സ്ഥാനം ഗണിക്കാനും ആകാശത്ത് ഏതൊക്കെ സ്ഥാനത്ത് ഏതൊക്കെ നക്ഷത്രങ്ങളാണ് ഓരോ സമയത്തും കാണാന്‍ സാധിക്കുകയെന്നും ഈ വാച്ചിലൂടെ അറിയാൻ സാധിക്കും. ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നതിനെടുക്കുന്ന സമയവും വാച്ച് കൃത്യമായി പറയും. മാത്രമല്ല, സൗരദിനങ്ങള്‍ പോലും കൃത്യമായി ഗണിച്ചെടുക്കും. ഭൂമധ്യരേഖയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൂര്യന്റെ സ്ഥാനം, ഉയരം, സഞ്ചാരപഥം, കോണ്‍ എന്നിവ ഗണിച്ചെടുക്കാന്‍ വാച്ച് സഹായിക്കും.

സ്വിസ് കമ്പനിയായ വാഷറോണ്‍ കാന്‍സ്റ്റന്റീന്‍ ആണ് ലോകത്ത് ഇന്നേവരെ നിര്‍മിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും സങ്കീര്‍ണമായ മെക്കാനിക്കല്‍ വാച്ച് പുറത്തിറക്കിയത്. ചൊവ്വാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന വ്യാപാരമേളയിലാണ്‌ ‘സൊളാറിയ’ എന്ന് പേരിട്ട വാച്ചിന്റെ മോഡല്‍ കമ്പനി അവതരിപ്പിച്ചത്. 1521 വ്യത്യസ്ത ഘടകങ്ങള്‍ ചേര്‍ത്തൊരുക്കിയ മനോഹരവും സങ്കീര്‍ണവുമായൊരു വാച്ചാണിത്. ഇതിന്റെ വികസനത്തിന് വേണ്ടി കണ്ടെത്തിയ മാര്‍ഗങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും വേണ്ടി 13 പേറ്റന്റുകളാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. അതില്‍ ഏഴ് പേറ്റന്റുകളും ചൈമിങ് മെക്കാനിസവുമായി ബന്ധപ്പെട്ടതാണ് എന്നതാണ് പ്രത്യേകത.

ഇത്തരത്തിലൊരു വാച്ച് വികസിപ്പിക്കാന്‍ വാഷറോണ്‍ കാന്‍സ്റ്റന്റീന് എട്ട് വര്‍ഷം പ്രയത്‌നിക്കേണ്ടി വന്നു. 18 കാരറ്റ്‌ വൈറ്റ് ഗോള്‍ഡ് കൊണ്ടാണ് വാച്ചിന്റെ കെയ്‌സ് നിര്‍മിച്ചിരിക്കുന്നത്. ഇന്ദ്രനീലം ഉള്‍പ്പെടെ 200-ഓളം രത്‌നങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1.8 ഇഞ്ച് വലിപ്പമുള്ള കെയ്‌സിനകത്താണ് ഇത്രയും സംവിധാനങ്ങളൊരുക്കിയിരിക്കുന്നത്. സാധാരണ വാച്ചുകളില്‍ ലഭിക്കുന്ന സമയം, കലണ്ടര്‍, സ്‌റ്റോപ്പ് വാച്ച്, ചൈമിങ് സംവിധാനങ്ങള്‍ക്ക് പുറമെ ജ്യോതിശാസ്ത്രപരമായ വിവരങ്ങളും അറിയാന്‍ സാധിക്കുന്ന വാച്ചിന്റെ വില പക്ഷെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *