Your Image Description Your Image Description

തൃശൂർ: സഹോദരനെ കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങിയ പ്രതി വയോധികയായ അമ്മയെ ക്രൂരമായി മ‌ർദ്ദിച്ചു. ചെറുതുരുത്തി ദേശമംഗലം കൊണ്ടയൂരിലാണ് മദ്യലഹരിയിൽ 70 വയസ്സുള്ള മാതാവിനെ ജാമ്യത്തിലിറങ്ങിയ മകൻ ക്രൂരമായി മർദിച്ചത്. 42 കാരനായ മകൻ സുരേഷാണ് അമ്മയായ പറമ്പിൽ വീട്ടിൽ ശാന്തയെ വടികൊണ്ട് ക്രൂരമായി അടിച്ചത്. കൈകളിലും കാലുകളിലും ദേഹത്തും പരിക്കേറ്റ ശാന്തയെ നാട്ടുകാർ ചേർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മർദനത്തിൽനിന്ന് രക്ഷപ്പെടാൻ വീടിന് പുറത്തേക്കിറങ്ങിയ ശാന്തയെ പിന്തുടർന്നും ക്രൂരമായി മർദിച്ചു. രക്തം വാർന്നൊഴുകിയ നിലയിലായ അമ്മയെ സുരേഷ് വലിച്ചിഴച്ച് വീടിനുള്ളിൽ കൊണ്ടുപോയി കിടത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ ഗ്യാസ് സിലിണ്ടർ ഇറക്കാനെത്തിയ തൊഴിലാളികൾ വീടിനു മുന്നിൽ രക്തപ്പാടുകൾ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിൽ തളർന്നുകിടക്കുന്ന ശാന്തയെ കണ്ടെത്തിയത്. ഉടൻ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

കള്ളുഷാപ്പിലേക്ക്​ പോകുകയായിരുന്ന പ്രതിയെ ദേശമംഗലം പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. രണ്ടുവർഷം മുമ്പ് സഹോദരൻ സുബ്രഹ്മണ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷ്.

Leave a Reply

Your email address will not be published. Required fields are marked *