Your Image Description Your Image Description

വാഷിങ്ടൺ: അമേരിക്കയിൽ നിരവധി വിദേശ വിദ്യാ‍ർത്ഥികൾക്ക് വിസ റദ്ദാക്കിയതായി അറിയിച്ചുകൊണ്ടുള്ള ഇ-മെയിൽ സന്ദേശം. യുഎസ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിൽ നിന്നാണ് ഇ-മെയിൽ സന്ദേശങ്ങൾ ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന എഫ്-1 വിസ റദ്ദാക്കിയതായും രാജ്യവിട്ട് പോകണമെന്നുമാണ് സന്ദേശത്തിലുള്ളത്. ക്യാമ്പസുകളിൽ പ്രതിഷേധ പരിപാടികളിലും മറ്റും പങ്കെടുത്തവർക്കാണ് സന്ദേശങ്ങൾ ലഭിച്ചിരിക്കുന്നത്.

അതേസമയം പ്രതിഷേധ പരിപാടികളിൽ നേരിട്ട് പങ്കെടുക്കാതെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ലൈക്ക് ചെയ്തവരെയും ‘ദേശ വിരുദ്ധമെന്ന്’ ആരോപിക്കപ്പെടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ ഷെയർ ചെയ്യുന്നവരെയുമൊക്കെ ഇത്തരത്തിൽ ലക്ഷ്യമിടുന്നതായും ആരോപണമുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളും ഇത്തരത്തിൽ ഇ-മെയിൽ വഴി അറിയിപ്പ് കിട്ടയവരിൽ ഉൾപ്പെടുന്നുവെന്നാണ് ഇമിഗ്രേഷൻ നിയമ രംഗത്ത് പ്രവർത്തിക്കുന്നവരിൽ നിന്ന് കിട്ടിയ വിവരം വിശദമാക്കുന്നത്.

അമേരിക്കയിൽ പഠനം നടത്തുന്ന 11 ലക്ഷത്തോളം വിദേശ വിദ്യാർത്ഥികളിൽ 3.31 ലക്ഷത്തിലധികം പേർ ഇന്ത്യൻ പൗരന്മാരാണെന്നാണ് കണക്കുകൾ. രാജ്യ വിരുദ്ധപ്രവർത്തനം നടത്തുന്ന വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുമെന്ന് യു.എസ് സ്റ്റേറ്റ്സ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുവരുടെ എണ്ണം ഓരോ ദിവസവും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എത്ര പേരുടെ വിസയാണ് റദ്ദാക്കുന്നതെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ഏതെങ്കിലും തരത്തിലുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തുന്നപക്ഷം അപ്പോൾ തന്നെ നടപടിയെടുക്കുകയാണെന്നും ഉത്തരവുകളിൽ താൻ ഒപ്പുവെച്ചതായും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറ‌ഞ്ഞു.

ഹമാസ് ഉൾപ്പെടെയുള്ള സംഘടനകളെ പിന്തുണയ്ക്കുന്നവരെ കണ്ടത്താനും വിസ റദ്ദാക്കാനും ലക്ഷ്യമിട്ട് എ.ഐ സഹായത്തോടെ പ്രവർത്തിക്കുന്ന ക്യാച്ച് ആന്റ് റിവോക് എന്ന ആപ് യുഎസ് അധികൃതർ രംഗത്തിറക്കിയിരുന്നു. പുതിയ വിസകൾക്കായുള്ള അപേക്ഷകളിന്മേലും ഇത്തരത്തിൽ കർശനമായ പരിശോധനകൾ നടത്തുന്നുണ്ട്. അമേരിക്കയിലെ ഇമിഗ്രേഷൻ ആന്റ് നാഷണാലിറ്റി ആക്ട് സെക്ഷൻ 22 (i) പ്രകാരം വിസ റദ്ദാക്കുന്നുവെന്നാണ് വിദ്യാർത്ഥികൾക്ക് ലഭിച്ച ഇ-മെയിൽ സന്ദേശത്തിൽ പറയുന്നത്. അനധികൃതമായി രാജ്യത്ത് തുടർന്നാൽ തടവും പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് കാരണമാവുമെന്നും അറിയിപ്പിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *