Your Image Description Your Image Description

ഫേസ്ബുക്കിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെങ്കിലും സുഹൃത്തുക്കളായവർ ഫേസ്ബുക്കിൽ പങ്കുവെക്കുന്ന വിശേഷങ്ങളോ ചിത്രങ്ങളോ പലപ്പോഴും നമ്മുടെ ഫീഡുകളിലേക്ക് വരാറില്ല. ചില സമയങ്ങളിൽ സുഹൃത്തുക്കൾ അല്ലാത്തവരുടെ വിവരങ്ങൾ ഫീഡിലേക്ക് വരികയും ചെയ്യും. എന്നാൽ ഇനി മുതൽ ഇത്തരം പരാതികൾ ഉണ്ടാകില്ലെന്നാണ് മെറ്റ പറയുന്നത്. ഫേസ്ബുക്കിന്റെ പുതിയ അപ്‌ഡേഷനില്‍ ഫ്രണ്ട്‌സ് ടാബ് അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. ഒർജിനൽ ഫേസ്ബുക്ക് അനുഭവം തിരികെ തരുന്നുവെന്ന വാഗ്ദാനത്തോടെയാണ് അപ്‌ഡേറ്റിന്റെ കാര്യം ഫേസ്ബുക്ക് പങ്കുവെച്ചിരിക്കുന്നത്.

സുഹൃത്തുക്കൾ പങ്കുവെയ്ക്കുന്ന വിവരങ്ങൾ മാത്രമായിരിക്കും ഈ ഫീഡിൽ ക്ലിക്ക് ചെയ്യുമ്പോൾ കാണാൻ സാധിക്കുക. ഗ്രൂപ്പുകൾ, വീഡിയോ, മാർക്കറ്റ്‌ പ്ലേസ് തുടങ്ങിയവ ഈ ഫീഡിലേക്ക് എത്തില്ല. മുമ്പ് ഫ്രണ്ട് റിക്വസ്റ്റുകളും നിങ്ങൾക്ക് അറിയാവുന്ന ആളുകളെയും കാണാനുള്ള ഒരിടം മാത്രമായിരുന്നു ഫ്രണ്ട്‌സ് ടാബ്. എന്നാൽ പുതിയ അപ്‌ഡേറ്റിലൂടെ ഇനി മുതൽ അക്കൗണ്ട് ഉടമകളുടെ ഫ്രണ്ട്‌സിന്റെ സ്റ്റോറികൾ, റീലുകൾ, പോസ്റ്റുകൾ, ജന്മദിനങ്ങൾ, ഫ്രണ്ട് റിക്വസ്റ്റുകൾ എന്നിവയുയും കാണാൻ സാധിക്കും.

ഹോം ഫീഡിലെ നാവിഗേഷൻ ബാറിലൂടെയാണ് ഫ്രണ്ട്‌സ് ടാബ് ലഭ്യമാകുന്നത്. കൂടാതെ ആപ്പിന്റെ ബുക്ക്മാർക്ക് വിഭാഗത്തിലും ഈ സംവിധാനം ആക്സസ് ചെയ്യാൻ കഴിയും. നേരത്തെ 2022 ൽ മെറ്റയുടെ ഉടമസ്ഥതയിൽ ഉള്ള ഇൻസ്റ്റഗ്രാമിൽ സുഹൃത്തുക്കൾക്കായി ‘ഫോളോവിംഗ്’, ‘ക്ലോസ് ഫ്രണ്ട്‌സ്’ എന്നീ രണ്ട് ഫീഡുകൾ പുറത്തിറക്കിയിരുന്നു. നിലവിൽ അമേരിക്കയിലും കാനഡയിലും ഈ പുതിയ അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ ഈ സൗകര്യം എപ്പോൾ മുതൽ ലഭ്യമാകുമെന്ന് മെറ്റ ഇതുവരെ അറിയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *