Your Image Description Your Image Description

വിവി രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെ കുറ്റക്കാരെ കണ്ടെത്താന്‍ കൂടുതല്‍ നടപടികള്‍ എടുക്കുകയാണ് രാജീവ്. പോസ്റ്ററുകൾ ഓടിച്ചത് സിപിഎം പ്രവർത്തകർ ആണെന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബിജെപിയുടെ പുതിയ സംസ്ഥാന കമ്മറ്റി ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഈ ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ ഒട്ടിച്ചത്. ഇവിടെ സിസിടിവി ഉണ്ട്. ഈ സിസിടിവി പരിശോധനയില്‍ പോസ്റ്റ് ഒട്ടിക്കാന്‍ വന്നവരെ കാണുന്നുണ്ട്. എന്നാല്‍ സ്‌കൂട്ടറിന്റെ നമ്പരോ ആളിന്റെ മുഖമോ വ്യക്തമല്ല. കൂടുതല്‍ ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ ഇത് വ്യക്തമാകൂ. ഈ സാഹചര്യത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിരിക്കുകയാണ് ബിജെപി. സംസ്ഥാന അധ്യക്ഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് സിസിടിവി ദൃശ്യങ്ങള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയത്. നേരത്തെ പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ വിവി രാജേഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോസ്റ്റര്‍ ഒട്ടിച്ചവരെ കണ്ടെത്താനാകുമെന്ന നിഗമനത്തിലാണ് ബിജെപി. പാര്‍ട്ടിയില്‍ ഇത്തരം പ്രവണത അനുവദിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ ജില്ലാ നേതൃത്വത്തിന് താക്കീത് നല്‍കി .രാജേഷിന്റെ വീടിന് മുമ്പിലും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് സമീപത്തെ ചുവരുകളിലുമാണ് പോസ്റ്ററുകള്‍ പതിച്ചത്. പോസ്റ്ററുകള്‍ ജില്ലാ കമ്മിറ്റി നീക്കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഇപ്പോഴത്തെ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ തോല്‍വിക്ക് കാരണക്കാരന്‍ വിവി രാജേഷാണെന്നാണ് പോസ്റ്ററില്‍ പറയുന്നത്. ബിജെപി പ്രതികരണവേദി എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പുനടത്തിയ വിവി രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്ന ആവശ്യമാണ് പോസ്റ്ററുകളില്‍ ഉന്നയിക്കുന്നത്. അതേസമയം, പോസ്റ്ററുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് വിവി രാജേഷ് അറിയിച്ചത്. കുറ്റക്കാര്‍ക്കെതിരെ എത്രയുംപെട്ടന്ന് നടപടിയെടുക്കണമെന്നും ബിജെപി മുന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റുകൂടിയായ വിവി രാജേഷ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പുനടത്തിയ വി.വി. രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്ന ആവശ്യമാണ് പോസ്റ്ററുകളില്‍ ഉന്നയിക്കുന്നത്. രാജേഷ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ഇഡി റബ്ബര്‍ സ്റ്റാമ്പല്ലെങ്കില്‍ ഇവ കണ്ടുകെട്ടണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍നിന്ന് പണംപറ്റി ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത് രാജേഷാണ്. രാജേഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണം. വി.വി. രാജേഷിന്റെ 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വിശദമായ അന്വേഷണം നടത്തണമെന്നും പോസ്റ്ററിലുണ്ട്. പോസ്റ്ററുകളില്‍ പറഞ്ഞതിലൊന്നും യാതൊരു കഴമ്പുമില്ലെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും വന്നിരിക്കുന്ന പോസ്റ്ററുകള്‍ കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടെ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ പ്രതിച്ഛായയ്ക്കും പ്രശസ്തിക്കും കളങ്കമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കുറ്റക്കാര്‍ക്കെതിരെ എത്രയുംപെട്ടന്ന് നടപടിയെടുക്കണമെന്നും ബിജെപി തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റുകൂടിയായ വി.വി. രാജേഷ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *