Your Image Description Your Image Description

തൃശൂർ: ചത്ത കോഴികളെ സൂക്ഷിച്ച ഇറച്ചിക്കടയ്ക്ക് 25000 രൂപ പിഴ ഈടാക്കാൻ ഗുരുവായൂർ നഗരസഭ നോട്ടീസ് നൽകി. കടയിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പത്തിലേറെ ചത്ത കോഴികളെ പുഴുവരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിച്ചത്. ഗുരുവായൂർ തമ്പുരാൻപടിയിലെ ഹലാൽ മീറ്റ് സെന്‍ററിനെതിരെയാണ് നടപടി. ഹെൽത്ത് ഇൻസ്പെക്ടർ സി ലക്ഷ്മിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോഴികളെ പുഴുവരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇതേ തുടർന്നാണ് ഏഴ് ദിവസത്തിനകം പിഴയടക്കാൻ നോട്ടീസ് നൽകിയത്. ചത്ത കോഴികളടക്കമുള്ള മാലിന്യങ്ങൾ എരുമപ്പെട്ടിയിലെ റെൻഡറിങ് പ്ലാന്‍റിലെത്തിച്ച് സംസ്കരിക്കാനും ഉദ്യോഗസ്ഥർ നിർദേശം നൽകി. എന്നാൽ ഇതിന് കൊണ്ടുവന്ന വാഹനത്തിന് നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ നാട്ടുകാർ തടഞ്ഞു. മാലിന്യങ്ങൾ രാത്രിയിൽ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതിനാണ് നമ്പർ പ്ലേറ്റ് ഇല്ലാതെ വന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഇതേ തുടർന്ന് ഗുരുവായൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി പ്രേമാനന്ദകൃഷ്ണന്‍റെ നേതൃത്വത്തിൽ പൊലീസ് എത്തി വാഹന ഉടമയിൽ നിന്ന് പിഴ ഈടാക്കി.

ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ലൈസൻസ് പുതുക്കാത്തതിന് സ്ഥാപനത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ് ഹർഷിദ് പറഞ്ഞു. ലൈസൻസോ മാലിന്യ സംസ്കരണ സംവിധാനങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *