Your Image Description Your Image Description

ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ മോട്ടോർസൈക്കിൾ ശ്രേണിയിലെ മോഡലുകളെ പുതിയ OBD-2B എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പാഷൻ പ്ലസ് മോഡലിനെയും അവതരിപ്പിച്ചു. അടുത്തിടെ സ്പ്ലെൻഡർ പ്ലസിനെ പരിഷ്കരിച്ചതിന് പിന്നാലെയാണ് പാഷൻ പ്ലസിൻ്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബൈക്കിൻ്റെ എഞ്ചിനിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ പുതിയ പതിപ്പിന് 81,651 രൂപയാണ് എക്സ്-ഷോറൂം വില.

പുതുക്കിയ ഹീറോ പാഷൻ പ്ലസിൽ OBD-2B നിലവാരത്തിലുള്ള മാറ്റങ്ങൾ മാത്രമാണുള്ളത്. ഡബിൾ ക്രാഡിൽ ഫ്രെയിമിൽ നിർമ്മിച്ചിരിക്കുന്ന ഈ ബൈക്കിൽ 97.2 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിൻ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 8 ബിഎച്ച്പി കരുത്തും 8.05 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. വെറ്റ് മൾട്ടി-പ്ലേറ്റ് ക്ലച്ചോടുകൂടിയ 4-സ്പീഡ് ട്രാൻസ്മിഷനുമായാണ് ഈ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ഹീറോയുടെ മറ്റ് ജനപ്രിയ മോഡലുകളായ സ്പ്ലെൻഡർ, എച്ച്എഫ് ഡീലക്സ് എന്നിവയിലും ഇതേ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

പുതിയ പാഷൻ പ്ലസ് ബ്ലാക്ക് നെക്സസ് ബ്ലൂ (നീല നിറത്തോടുകൂടിയ കറുപ്പ്), ബ്ലാക്ക് ഹെവി ഗ്രേ (ചുവപ്പ് നിറത്തോടുകൂടിയ കറുപ്പ്) എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകും. അതേസമയം, 79,901 രൂപ എക്സ്-ഷോറൂം വിലയുള്ള താങ്ങാനാവുന്ന മറ്റൊരു പതിപ്പും വിപണിയിലുണ്ട്. ഈ പതിപ്പ് ബ്ലാക്ക് ഹെവി ഗ്രേ, ബ്ലാക്ക് ഗ്രേ സ്ട്രൈപ്പ്, സ്പോർട്ട് റെഡ്, ബ്ലാക്ക് നെക്സസ് ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളിൽ ലഭിക്കും.

ഈ ബൈക്കിൽ ഡിജിറ്റൽ, അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകൾ, വശങ്ങളിൽ യൂട്ടിലിറ്റി കേസ്, ഐഡൽ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, മൊബൈൽ ചാർജിംഗ് പോർട്ട് തുടങ്ങിയ സവിശേഷതകളുണ്ട്. ഹാർഡ്‌വെയർ ഭാഗത്തേക്ക് വരുമ്പോൾ, ടെലിസ്കോപ്പിക് ഫ്രണ്ട് സസ്പെൻഷനും പിന്നിൽ ഡ്യുവൽ-ട്യൂബ് ഷോക്ക് അബ്സോർബറുകളും നൽകിയിരിക്കുന്നു. ബ്രേക്കിംഗിനായി ഇരുവശത്തും 130 എംഎം ഡ്രം ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. 18 ഇഞ്ച് അലോയ് വീലുകളിലാണ് ഈ ബൈക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *