Your Image Description Your Image Description

വിമാനത്തിനകത്തും വിമാനത്താവളങ്ങളിലും ഉണ്ടാകുന്ന പല രസകരവും അല്ലാത്തതുമായ അനുഭവങ്ങൾ നമ്മൾ സമൂഹ മാധ്യമങ്ങൾ വഴി ദിനം പ്രതി കാണുന്നുണ്ട്. വിമാനത്താവളത്തിൽ അർധനഗ്നയായി ഒരു യുവതി പ്രശ്നങ്ങൾ ഉണ്ടാക്കിയത് കഴിഞ്ഞ ദിവസവും നമ്മൾ കണ്ടതാണ്. എന്നാൽ ഇപ്പോൾ വളരെ വിചിത്രമായ ഒരു അനുഭവമാണ് ഷെന്‍ഷെന്നിൽ നിന്നും ഷാങ്ഹായിലേക്ക് പറന്ന വിമാനത്തിൽ ഉണ്ടായിരിക്കുന്നത്. വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗമായ യുവതിയെ യാത്രക്കാരി കടിച്ചതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വിമാനം വൈകി. അടുത്തടുത്തായി ഇരുന്ന രണ്ട് യാത്രക്കാരികൾ തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയ ക്യാബിന്‍ ക്രൂ അംഗത്തിനെ ഒരു യാത്രക്കാരി കടിക്കുകയായിരുന്നെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ ഒന്നിന് വിമാനം എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ഷെന്‍ഷെന്‍ എയർലൈന്‍സ് അറിയിച്ചു. അടുത്തടുത്തായി ഇരുന്ന രണ്ട് സ്ത്രീ യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ക്യാബിന്‍ ക്രൂ അംഗത്തിനെ അക്രമിക്കുന്നതില്‍ അവസാനിച്ചത്. അടുത്തടുത്ത സീറ്റുകളില്‍ ഇരുന്ന യുവതികൾ തമ്മിലായിരുന്നു തര്‍ക്കം. ഒരാൾ മറ്റേയാളുടെ വിയര്‍പ്പ് നാറ്റം രൂക്ഷമാണെന്ന പരാതി ഉന്നയിച്ചു. എന്നാല്‍, മറ്റേയാളുടെ പെര്‍ഫ്യൂമിന് രൂക്ഷഗന്ധമാണെന്നായിരുന്നു രണ്ടാമത്തെ യുവതിയുടെ ആരോപണം. പിന്നാലെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. താമസിയാതെ ഇത് ശാരീരിക ഉപദ്രവത്തിലേക്കുമെത്തി. ഈ സമയം ഇരുവരെയും ശാന്തനാക്കാനെത്തിയ ക്യാബിന്‍ ക്രൂ അംഗത്തിന്‍റെ കൈയില്‍ ഇതിലൊരു യുവതി കടിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇരുവരുടെയും പ്രശ്നം തീര്‍ക്കാനായി രണ്ട് പുരുഷ ക്യാബിന്‍ ക്രൂ അംഗങ്ങളും രണ്ട് സ്ത്രീ ക്യാബിന്‍ ക്രൂ അംഗങ്ങളുമായിരുന്നു എത്തിയത്. ഇതിലൊരാളുടെ കൈയിലാണ് യുവതി കടിച്ചത്.

കടിയേറ്റ് ക്യാബിന്‍ ക്രൂ അംഗത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെന്നും ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും ഈ സംഭവങ്ങൾക്കെല്ലാം ശേഷം വിമാനം രണ്ട് മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരായ യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാരുടെയും വിമാന ജോലിക്കാരുടെയും സുരക്ഷ തങ്ങൾക്ക് ഒരു പോലെ പ്രധാനമാണെന്ന് അവകാശപ്പെട്ട ഷെന്‍ഷെന്‍ എയര്‍ലൈന്‍സ്, യാത്രക്കാരോട് നിയമങ്ങൾ പാലിക്കാനും മാന്യമായ രീതിയില്‍ യാത്ര ചെയ്യാനും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *