Your Image Description Your Image Description

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി. രാജീവും ആവർത്തിക്കാറുള്ള അവകാശവാദമാണ്. എന്നാൽ ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രചാരണ തന്ത്രമാണെന്ന് സിഎജി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാവാൻ കാരണം സർക്കാരിന്റെ ബിസിനസ് മോഡലാണെന്നും, പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയില്ലെങ്കിൽ ഓഹരി വിൽക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യണമെന്നും സിഎജി നിർദ്ദേശിച്ചിരിക്കുന്നു. ഇതിന് തൃപ്തികരമായ മറുപടി പറയാനുള്ള ഉത്തരവാദിത്തം വ്യവസായ മന്ത്രിക്കുണ്ട്. സംസ്ഥാനത്തെ വ്യാവസായികാന്തരീക്ഷം തികച്ചും പ്രതികൂലമാണെന്നും, ഇത് മാറ്റിയെടുക്കാൻ ഭരണം ലഭിച്ചിട്ടും പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നുമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടക്കണക്കുകൾ വ്യക്തമാക്കുന്നത്. കെഎസ്ആർടിസിയുടെ കണക്കുകൾ 2016 ന് ശേഷം നൽകിയിട്ടില്ല. അന്നുതന്നെ ഈ പൊതുമേഖല സ്ഥാപനത്തിന്റെ നഷ്ടം 1000 കോടി കടന്നിരുന്നു. ഇവിടെയും പിണറായി സർക്കാർ പ്രതിക്കൂട്ടിലാണ്. വാസ്തവത്തിൽ ബഹുഭൂരിപക്ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം മെച്ചപ്പെടുത്താനും ലാഭകരമാക്കാനും സർക്കാർ യാതൊന്നും ചെയ്യുന്നില്ല എന്നാണ് ഇതിൽ നിന്നൊക്കെ മനസ്സിലാക്കേണ്ടത്. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളും ആധുനിക വ്യവസായങ്ങളും തകർക്കുന്നതിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സിപിഎമ്മിനും, അവർ നേതൃത്വം നൽകിയ ഭരണത്തിനും വലിയ പങ്കാണുള്ളത്. ചെറുതും വലുതുമായ നിരവധി വ്യവസായ സംരംഭങ്ങളാണ് ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ ലേബർ മിലിറ്റൻസിമൂലം അടച്ചുപൂട്ടിയത്. വ്യവസായ സംരംഭകരെ മുഴുവൻ കുത്തക മുതലാളിമാരും വർഗ്ഗ ശത്രുക്കളുമായി മുദ്രകുത്തി അടിച്ചോടിക്കുന്ന നയമാണ് സിപിഎമ്മിന്റേത്. ഈ നയംമൂലം അടുത്തകാലത്തു പോലും സംരംഭകർ ആത്മഹത്യ ചെയ്യുകയുണ്ടായി. ചിലർ നിരാശരായി സംസ്ഥാനം വിട്ടു. വ്യവസായ സംരംഭങ്ങൾ അടച്ചുപൂട്ടുന്നത് തങ്ങളുടെ കരുത്തായി കാണുന്ന ഇടതു പാർട്ടികൾ ആ നയം ഇപ്പോഴും തുടരുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരിൽഊറ്റംകൊള്ളുന്നവരാണല്ലോ ഇടതു പാർട്ടികളും, അവർ നയിക്കുന്ന തൊഴിലാളി യൂണിയനുകളും. കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ നശിപ്പിക്കുകയാണെന്ന് പറഞ്ഞ് സമരം ചെയ്യാനുള്ള ഒരവസരവും ഈ പാർട്ടികൾ പാഴാക്കാറില്ല. അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭകരമാക്കാൻ ശ്രമിച്ചപ്പോൾ ഓഹരി വിറ്റഴിക്കുകയാണെന്ന് പറഞ്ഞ് വലിയ കോലാഹലമാണ് ഇടതു പാർട്ടികൾ ഉണ്ടാക്കിയത്. നരേന്ദ്ര മോദി സർക്കാരിനെതിരെയും ഇക്കൂട്ടർ ഈ ആക്ഷേപം ഇടയ്‌ക്കിടെ ഉന്നയിക്കാറുണ്ട്. അനുഷ്ഠാനം പോലെ നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്ര വിരുദ്ധ സമരത്തിന്റെ മുദ്രാവാക്യങ്ങളിലൊന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണമാണ്. ഇപ്രകാരം കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ രക്ഷകരായി നടിക്കുന്നവരാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ നഷ്ടത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തകർച്ചയെ ക്കുറിച്ചുള്ള സിഎജിയുടെ ണ്ടെത്തലുകൾക്കെതിരെ സിപിഎമ്മും ഇടതുമുന്നണി സർക്കാരും ഉടൻതന്നെ രംഗത്തുവരാനാണ് സാധ്യത. കേരളത്തിന്റെ പ്രതിച്ഛായ തകർക്കാൻ സിഎജി രാഷ്‌ട്രീയ പ്രേരിതമായി പ്രവർത്തിക്കുന്നു എന്നതാവും ഇക്കൂട്ടരുടെ ആക്ഷേപം. സിഎജി ഹാജരാക്കിയിട്ടുള്ള കണക്കുകൾ കണ്ടില്ലെന്നും നടിക്കും. വ്യവസായ സംരംഭങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ച് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും, തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിലുമല്ല ഇടതു ഭരണത്തിന് താല്പര്യം. യൂണിയൻ നേതാക്കളുടെ സ്ഥാപിത താല്പര്യം സംരക്ഷിക്കാനും, പാർട്ടിക്ക് അഴിമതി നടത്താനുമുള്ളതാണ് വ്യവസായ സംരംഭങ്ങൾ എന്നതാണ് സിപിഎമ്മിന്റെ എക്കാലത്തെയും നയം. കേരളത്തെ മുച്ചൂടും മുടിക്കുന്ന ഈ നയം മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *