Your Image Description Your Image Description

പരിസ്ഥിതി മലിനമാക്കുന്നില്ലെന്ന് തെളിയിക്കുന്ന പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഏപ്രിൽ 1 മുതൽ ഡൽഹിയിലെ റോഡുകളിൽ നിന്നും മാറി നിൽക്കേണ്ടി വരും. കാലഹരണപ്പെട്ട സർട്ടിഫിക്കറ്റ് കൈവശം വെക്കുന്നവർക്ക് ഇന്ധനം നൽകില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഡൽഹി സർക്കാർ. ഇതിനായി പമ്പുകളിൽ വാഹനം തിരിച്ചറിയുന്നതിനുള്ള ‘ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിസഷൻ’ ഉപകരണങ്ങൾ സ്ഥാപിക്കും. തുടർന്ന് കാലഹരണപെടാത്ത വാഹനങ്ങൾക്ക് മാത്രമേ ഇന്ധനം നൽകുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ ചില ഇന്ധന പമ്പുകളിൽ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ നൽകുന്ന സർക്കാർ അംഗീകൃത ടെസ്റ്റിംഗ് കേന്ദ്രങ്ങളുണ്ട്. ഈ സംവിധാനം ആളുകൾ ഉപയോഗപ്പെടുത്തി വാഹനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കൂടാതെ 10 വർഷത്തിൽ അധികം പഴക്കമുള്ള ഡീസൽ വാഹങ്ങൾക്കും 15 വർഷത്തിൽ അധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഇന്ധനം നൽകുന്നതിൽ നിന്നും പമ്പുകളെ ഡൽഹി സർക്കാർ വിലക്കിയിട്ടുണ്ട്.

ഡൽഹിയിലെ വായു മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായാണ് ഡൽഹി സർക്കാരിന്റെ ഈയൊരു നയം. നേരത്തെ തന്നെ 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും ഡൽഹി എൻ.സി.ആർ (ദേശീയ തലസ്ഥാന മേഖല) പ്രദേശത്ത് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഏകദേശം 500 അധികം ഇന്ധന സ്റ്റേഷനുകൾ ഡൽഹിയിലുണ്ട്. അവയിലെല്ലാം ഈ പുതിയ സംവിധാനം നടപ്പിലാക്കും.

ഗതാഗത വകുപ്പിന്റെ ഡാറ്റാബേസുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ സാങ്കേതിക വിദ്യ ഇന്ധന സ്റ്റേഷനിലെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മനസ്സിലാക്കി പൊലൂഷൻ സർട്ടിഫിക്കറ്റിന്റെ കാലപ്പഴക്കം തിരിച്ചറിയുകയും ചെയ്യും. വാഹനം കാലഹരണപ്പെട്ടതാണെങ്കിൽ പമ്പിൽ നിന്നും അലർട്ട് ലഭിക്കും. ഇതോടൊപ്പം ഡൽഹി ഗതാഗത വകുപ്പിനും പമ്പിൽ നിന്നും അറിയിപ്പ് അയക്കും. ഇതിന്റെ അടിസ്ഥാനത്തിൽ വാഹന ഉടമയ്ക്കെതിരെ വകുപ്പ് നടപടിയെടുക്കുമെന്നാണ് സർക്കാർ തീരുമാനം.

പ്രാരംഭഘട്ടമെന്ന നിലയിൽ കാളിദാസ് മാർഗിലെ വീജയ് സർവീസ് സ്റ്റേഷൻ, ചാണക്യപുരിയിലെ നെഹ്‌റു പാർക്കിന് എതിർവശത്തുള്ള വിനയ് മാർഗിലെ അൻഗ്ര എച്ച്.പി സെന്റർ, അലക്നന്ദയിലെ ഡി.ഡി.എ കമ്മ്യൂണിറ്റി സെന്ററിലെ പ്ലോട്ട് നമ്പർ 10ലെ അനുപ് സർവീസ് സ്റ്റേഷൻ, മെഹ്‌റൗളി റോഡിലെ ഖുതാബ് സർവീസ് സ്റ്റേഷൻ, പഞ്ചശില പാർക്കിലെ ഇന്റിമേറ്റ് സർവീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഈ സിസ്റ്റം സ്ഥാപിച്ചതായി കേന്ദ്ര പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *