Your Image Description Your Image Description

ബ്രസീല്‍ താരം റാഫീഞ്ഞയുടെ പ്രസ്താവനകളോട് പ്രതികരിച്ച് അര്‍ജന്റീനയുടെ ഹെഡ് കോച്ച് ലയണല്‍ സ്‌കലോണി. ബ്രസീലിനെതിരായ മത്സരത്തില്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് സ്‌കലോണിയുടെ പ്രസ്താവന വന്നിരിക്കുന്നത്. അര്‍ജന്റീന-ബ്രസീല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുൻപ് റാഫീഞ്ഞ ഉന്നയിച്ച പ്രകോപനകരമായ പ്രസ്താവനകള്‍ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. അര്‍ജന്റീനയെ കളത്തിലും പുറത്തും പരാജയപ്പെടുത്തുമെന്നായിരുന്നു മത്സരത്തിന് മുന്‍പ് റാഫീഞ്ഞ പറഞ്ഞത്.

‘റാഫീഞ്ഞയോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു. അദ്ദേഹം ആരെയും വേദനിപ്പിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം അങ്ങനെ പറയില്ലെന്ന് എനിക്കറിയാം. തന്റെ രാജ്യത്തിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് റാഫീഞ്ഞ അങ്ങനെ ചെയ്തത്. അദ്ദേഹം അങ്ങനെ പറഞ്ഞതുകൊണ്ടുമല്ല ഞങ്ങള്‍ ഈ മത്സരം വിജയിച്ചത്’, സ്‌കലോണി പറഞ്ഞു.

മത്സരത്തിന് മുമ്പ് റാഫീഞ്ഞയടക്കമുള്ള ബ്രസീലിയന്‍ താരങ്ങള്‍ അര്‍ജന്റീനിയന്‍ ടീമിനെ ലക്ഷ്യം വെച്ച് നടത്തിയ പ്രകോപനപരമായ പ്രസ്താവനകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിൽ ചർച്ച ആയിരിക്കുന്നത്. ഫിഫ 2026 ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ചിരവൈരികളായ അര്‍ജന്റീനയ്‌ക്കെതിരെ ബ്രസീല്‍ പരാജയപ്പെട്ടിരുന്നു. ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത നിലവിലെ ചാമ്പ്യന്മാര്‍ ലോകകപ്പിന് യോഗ്യത നേടുകയും ചെയ്തു. അതേസമയം ലോകകപ്പ് യോഗ്യത നേടാന്‍ ബ്രസീലിന് ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *