Your Image Description Your Image Description

ന്യൂഡൽഹി: മതിയായ ഗുണനിലവാരമില്ലാത്ത സാധനങ്ങൾ വിറ്റഴിച്ചതിന്റെ പേരിൽ ഓൺലൈൻ കച്ചവട ഭീമന്മാരായ ആമസോൺ, ഫ്ലിപ്‍കാർട്ട് കമ്പനികളുടെ ഗോഡൗണുകളിൽ റെയ്ഡ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) അധികൃതരാണ് റെയ്ഡിന് നേതൃത്വം നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ച മതിയായ ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ പിടിച്ചെടുത്തു. നിലവാരം കുറഞ്ഞ സാധനങ്ങൾ വിറ്റഴിക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് റെയ്ഡ് നടത്തിയതെന്ന് ദേശീയ ഉപഭോക്തൃകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

നിലവാരം കുറ‌ഞ്ഞ സാധനങ്ങൾ കൂടാതെ അംഗീകാരമില്ലാത്ത ചില കളിപ്പാട്ടങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴി വിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലക്നൗ, ഗുരുഗ്രാം, ദില്ലി എന്നിവിടങ്ങളിലെ ഗോഡൗണുകളിലായിരുന്നു പരിശോധന നടന്നത്. ആമസോണിനും ഫ്ലിപ്‍കാർട്ടിനും പുറമെ അംഗീകാരമില്ലാത്ത ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ടെക് വിഷൻ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിലും റെയ്ഡ് നടന്നു. കഴിഞ്ഞ ദിവസമായിരുന്നു റെയ്ഡ്.

നൂറുകണക്കിന് അംഗീകാരമില്ലാത്ത കളിപ്പാട്ടങ്ങളാണ് ലക്നൗ, ഗുരുഗ്രാം എന്നിവിടങ്ങളിലെ ആമസോൺ ഗോഡൗണുകളിൽ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്തത്. ഹാന്റ് ബ്ലെൻഡറുകൾ, അലൂമിനിയം ഫോയിലുകൾ, മെറ്റലിക് വാട്ടർ ബോട്ടിലുകൾ, പിവിസി കേബിൾ, ഫുഡ് മിക്സർ, സ്പീക്കറുകൾ എന്നിവയും പിടിച്ചെടുത്തു. ഗുരുഗ്രാമിൽ ഇൻസ്റ്റകാർട്ട് പ്രൈവറ്റ് ലിമിറ്റഡ് ഓപ്പറേറ്റ് ചെയ്തിരുന്ന ഫ്ലിപ്കാർട്ട് വെയർഹൗസിലും പരിശോധന നടന്നു. ഇവിടെ നിന്ന് അംഗീകരമാല്ലാത്ത സ്റ്റെയിൻ‍ലെസ് ബോട്ടിലുകൾ, കളിപ്പാട്ടങ്ങൾ, സ്പീക്കറുകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

ബിഐഎസ് അംഗീകാരമില്ലാത്ത 7000 ഇലക്ട്രിക് വാട്ടർ ഹീറ്ററുകൾ, 4000 ഇലക്ട്രിക് ഫുഡ് മിക്സറുകൾ, 95 റൂം ഹീറ്ററുകൾ, 40 ഗ്യാസ് സ്റ്റൗവുകൾ തുടങ്ങിയവ പിടിച്ചെടുത്തു. അപകട സാധ്യതയില്ലാതിനാൽ തന്നെ ഇത്തരം ഉത്പന്നങ്ങൾ വിൽക്കാൻ ബിഐഎസ് അംഗീകാരം നിർബന്ധമാണ്. ഐസ്ഐ മാർക്കോ സാധുതയുള്ള ലൈസൻസ് നമ്പറോ ഇല്ലാത്ത ഇത്തരം ഉത്പന്നങ്ങൾ ആവശ്യമായ ഗുണനിലവാര പരിശോധനകൾ പൂർത്തീകരിച്ചിട്ടുണ്ടാവില്ലെന്നും അതുകൊണ്ടു തന്നെ സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തുമെന്നും അധികൃതർ അറിയിച്ചു. വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി നിലവാരം കുറഞ്ഞ നിരവധി ഉത്പന്നങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ബിഐഎസ് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *