Your Image Description Your Image Description

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങി. സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാര്‍ക്കെല്ലാം സ്റ്റൈപ്പന്‍ഡ് ലഭിച്ചിട്ടും കോഴിക്കോട് മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാര്‍ക്ക് ഫെബ്രുവരി മാസത്തെ സ്റ്റൈപ്പന്‍ഡ് ലഭിക്കാത്തതിനാലാണ് സമരം. തീവ്രപരിചരണ വിഭാഗം, കാഷ്വാലിറ്റി, ലേബര്‍ റൂം എന്നിവയെ ഒഴിവാക്കിയ സമരം ഒപി, വാര്‍ഡ് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ‘കൂലിയെവിടെ’എന്ന ബാനറുമായാണ് ഡോക്ടർമാർ സമരം നടത്തുന്നത്.

എഴുന്നൂറോളം പിജി ഡോക്ടര്‍മാരാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ളത്. സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളജുജിലെ പിജി ഡോക്ടര്‍മാര്‍ക്കെല്ലാം ഫെബ്രുവരി മാസത്തെ സ്റ്റൈപ്പന്‍ഡ് ലഭിച്ചിട്ടും കോഴിക്കോട് മാത്രമാണ് വൈകുന്നത്. കഴിഞ്ഞ ദിവസം സൂചനാ പ്രതിഷേധങ്ങള്‍ നടത്തിയിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതകാല സമരത്തിലേക്ക് പോയത്. മരുന്ന് ക്ഷാമം, ശസ്ത്രക്രിയ ഉപകരണങ്ങളുടെ കുറവ് എന്നിവ കാരണം നട്ടം തിരിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതാണ് പിജി ഡോക്ടർമാരുടെ അനിശ്ചിതകാല സമരം. ഒപി, വാര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചിട്ടുണ്ട്.

സ്റ്റൈപ്പന്‍ഡുമായി ബന്ധപ്പെട്ട രേഖകള്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് അയച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ പ്രതിഷേധക്കാരെ അറിയിച്ചത്. അനുകൂല തീരുമാനം വന്നില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഐസിയു, കാഷ്വാലിറ്റി തുടങ്ങിയ അത്യാഹിത വിഭാഗങ്ങള്‍ കൂടി ബഹിഷ്കരിക്കാനാണ് പിജിക്കാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *