Your Image Description Your Image Description

മികച്ച ശമ്പളത്തോടുള്ള ജോലി ,എളുപ്പത്തിൽ ഡിഗ്രി പാസാകാം, സർട്ടിഫിക്കറ്റുകൾ ഇല്ലാതെയും വിദേശത്ത് ജോലി നേടാം ,എന്നിങ്ങനെയുള്ള കപട വാഗ്ദാനങ്ങളിൽ ഇതൊക്കെ സാധ്യതയില്ലാത്ത കാര്യമാണെന്ന് ബോധ്യമുണ്ടെങ്കിലും വിവരവും വിദ്യാഭ്യാസവും ഉള്ള മലയാളികളാണ് കൂടുതലും ചെന്ന് ഇരയായി കൊടുക്കുന്നത്.ഇപ്പോൾ ആദ്യം പറഞ്ഞതുപോലെ ‘ബാങ്കോക്കിൽ ജോലി, മികച്ച ശമ്പളം’ എന്ന പരസ്യം കണ്ട് മെച്ചപ്പെട്ട ജീവിതമെന്ന സ്വപ്നത്തോടെ അപേക്ഷിച്ചവരെ എത്തിച്ചതു മനുഷ്യകടത്തായി മ്യാൻമറിൽ ആണ് . മനുഷ്യക്കടത്തിന് ഇരകളായ 8 മലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങിയെത്തുമ്പോൾ ഇവരുടെ മുന്നിൽ ആശങ്കകൾ ഏറെയാണ്. വ്യാജപരസ്യത്തിൽ കബളിപ്പിക്കപ്പെട്ടവരാണു തങ്ങളെന്നും സൈബർ കുറ്റവാളികളല്ലെന്നും ഇവർ പറയുന്നു. തായ്‌ലൻഡിലെ ബാങ്കോക്കിൽ കോൾ സെന്ററിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് ഇവരെല്ലാം അപേക്ഷിച്ചത്. 6000 ചൈനീസ് യുവാൻ അതായത് ഏകദേശം 72,000 രൂപ ശമ്പളവാഗ്ദാനമായിരുന്നു പ്രധാന ആകർഷണം. കംപ്യൂട്ടർ പരിചയവും ഇംഗ്ലിഷ് പ്രാവീണ്യവും ആയിരുന്നു ആവശ്യപ്പെട്ട യോഗ്യതകൾ.
ബാങ്കോക്കിൽ എത്തിയ ഇവരെ കാത്തിരുന്നതു തായ് സ്വദേശിയായ ഒരു ഡ്രൈവറാണ്. മണിക്കൂറുകൾക്കു ശേഷം മ്യാൻമർ അതിർത്തിയിൽ എത്തിയപ്പോഴാണ് താ‌യ്‌ലൻഡിൽ അല്ല ജോലിയെന്നു പോയവർ തിരിച്ചറിഞ്ഞത് തന്നെ . അതിർത്തിപ്രദേശത്തു പരിശോധന ഉണ്ടായിരുന്നെങ്കിലും തടസ്സമുണ്ടായില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരും സൈബർ തട്ടിപ്പുകാരും ചേർന്നാണ് ഇടപാടുകൾ എന്നതിന് ഇതു തെളിവാണെന്നും ഇവർ വിവരിക്കുന്നു.മ്യാൻമർ മ്യാവാഡി മേഖലയിലെ കെകെ പോർട്ട് ടൗൺഷിപ്പിലെ കമ്പനികളിലാണ് എത്തിച്ചത്. സൈബർ കുറ്റകൃത്യങ്ങൾക്കാണ് എത്തിച്ചതെന്നു മനസ്സിലായപ്പോഴേക്കും കുരുക്ക് മുറിയിരുന്നു. ജോലി ഉപേക്ഷിച്ചാൽ 3000 യുഎസ് ഡോളറും പിരിച്ചുവിട്ടാൽ 1000 ഡോളറും നൽകണമെന്നതുൾപ്പെടെ കരാറിലെ വ്യവസ്ഥകൾ കുരുക്കായി.ജോലിക്ക് എത്തിയപാടെ ഇവരുടെ ഫോണുകളിൽനിന്നു പരസ്യത്തിന്റെയും കോളുകളുടെയും വിവരങ്ങൾ ഡിലീറ്റ് ചെയ്യിച്ചു.ഓഫിസിൽ ഫോൺ ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഫോണിന്റെ ക്യാമറ സ്റ്റിക്കർ ഉപയോഗിച്ചു മറച്ചു.ഇതിനിടെയാണ് ചൈനയുടെ ഇടപെടലിനെത്തുടർന്നു മ്യാൻമർ സൈന്യം രക്ഷാദൗത്യം പ്രഖ്യാപിച്ചത്. ഇതിനെ ആശ്രയിച്ചവരാണ് ഇപ്പോൾ മടങ്ങിയെത്തിയത്. 26 ദിവസം മ്യാൻമർ സൈന്യത്തിന്റെ സംരക്ഷണത്തിലായിരുന്നു ഇവർ. പിന്നീട് തായ‌്‌ലൻഡിൽ എത്തിച്ച ശേഷം അവിടെനിന്നാണ് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ തിങ്കളാഴ്ച രാത്രി ഡൽഹിയിലെത്തിച്ചത്.സൈബർ കുറ്റവാളികളോടെന്ന പോലെയാണു പൊലീസ് പെരുമാറിയതെന്നും നീണ്ട യാത്രമ്യാൻമറിൽ സൈബർ തട്ടിപ്പു സംഘങ്ങളുടെ പിടിയിൽപെട്ട മലയാളികളുൾപ്പെടെ 283 പേരെ ഡൽഹിയിലെത്തിച്ചു. കേരളമുൾപ്പെടെ സംസ്ഥാനങ്ങളിൽനിന്ന് 540 പേർ മ്യാൻമറിൽ തട്ടിപ്പുസംഘത്തിന്റെ പിടിയിലുണ്ടെന്നാണു കണക്കാക്കുന്നത്. ഇന്ത്യയിലുൾപ്പെടെ ഓൺലൈൻ തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ മ്യാൻമർ മ്യാവാഡിയിലെ ഒളിയിടങ്ങളിൽ നടത്തിയ പരിശോധനയിൽ എഴുനൂറിലേറെപ്പേരെ മോചിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാത്രി പാലം വിമാനത്താവളത്തിൽ എത്തിച്ചവരെ യുപി ഗാസിയാബാദിലെ സിബിഐ അക്കാദമിയിലേക്കു മാറ്റി കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.രണ്ടാം സംഘം ഇന്നു പുലർച്ചെയാണു ഡൽഹിയിലെത്തിയത്. ഇതിലും മലയാളികളുണ്ട്. മ്യാൻമറിൽനിന്നു ഡൽഹിയിലെത്തിച്ച സംഘത്തിലെ 8 മലയാളികളെ നോർക്ക റൂട്സ് ഇടപെട്ട് വിമാനത്തിൽ നാട്ടിലെത്തിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർകോട് സ്വദേശികളാണിവർ.തൊഴിലിൻറെ മറയിൽ മനുഷ്യക്കടത്ത് ദിനംപ്രതി ഇത്തരത്തിൽ വർദ്ധിക്കുകയാണ്. ആധുനിക സാങ്കേതികസംവിധാനങ്ങൾ ആണ് മനുഷ്യക്കടത്തിനായി വിനിയോഗിക്കപ്പെടുന്നത് ഇൻറർനെറ്റ് സംവിധാനങ്ങൾ, അതായത്, “ഓൺ ലൈൻ” ഉപാധികളാണ് തൊഴിൽദാതാക്കളായി ചമയുന്നവർ ഇതിനായി കൂടുതലും ഉപയോഗപ്പെടുത്തുന്നതെന്നും തൊഴിൽപരമായ ചൂഷണത്തോടു ചേർന്ന് ലൈംഗിക ചൂഷണവും പതിവാണെന്നതും ഭയപ്പെടുത്തുന്ന ഒരു വസ്തുതയാണ് .ഓരോ ചുവടും കരുതെലോടെ വേണമെന്ന് മാത്രമേ പറയാൻ ആകൂ .എളുപ്പത്തിൽ സ്വർഗ്ഗം നേടാൻ ശ്രമിക്കുന്നവനെ ഒകെ കാത്തിരിക്കുന്നത് ഗതികേടാണ് എന്ന് മറക്കരുത് .

Leave a Reply

Your email address will not be published. Required fields are marked *