Your Image Description Your Image Description

ഭോപ്പാൽ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യൻ ടീം വിജയിച്ചതിന് പിന്നാലെ നടത്തിയ ആഘോഷങ്ങൾ അതിരുവിട്ട സംഭവത്തിൽ കർശന നടപടിയുമായി പൊലീസ്. മധ്യപ്രദേശിലെ ദേവാസിൽ വിജയാഘോഷത്തിന്റെ പേരിൽ അക്രമം നടത്തിയ യുവാക്കൾക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻ‌എസ്‌എ) ചുമത്തി കേസെടുത്തു. പിടിയിലായ രണ്ട് യുവാക്കൾക്കെതിരെയാണ് എൻ‌എസ്‌എ ചുമത്തിയത്. പൊലീസ് പിടികൂടിയ അക്രമികളെ തലമൊട്ടയടിച്ച് റോഡിലൂടെ നടത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ദുബായിൽ ഇന്ത്യയുടെ വിജയത്തിനുശേഷം ഞയറാഴ്ച്ച രാത്രിയിൽ ദേവാസിൽ നടന്ന ആഘോഷങ്ങളാണ് വിവാദത്തിന് കാരണമായത്. സയാജി ഗേറ്റിന് സമീപം ഒരുസംഘം യുവാക്കൾ അപകടകരമായ രീതിയിൽ പടക്കം പൊട്ടിക്കുകയായിരുന്നു. യുവാക്കളെ തടയാൻ സ്റ്റേഷൻ ഇൻ ചാർജ് അജയ് സിംഗ് ഗുർജാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ആഘോഷത്തിമിർപ്പിലായിരുന്ന യുവാക്കൾ പൊലീസിന് നേരേ തിരിയുകയായിരുന്നു.

യുവാക്കൾ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നതും അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചിലർ പൊലീസ് വാഹനത്തെ പിന്തുടരുകയും കല്ലെറിയുകയും ചെയ്തു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, സംഭവവുമായി ബന്ധപ്പെട്ട് 10 യുവാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിറ്റേന്ന് വൈകുന്നേരം, അവരിൽ ചിലരെ തലമൊട്ടയടിച്ച് പൊലീസ് സ്റ്റേഷനിൽ നിന്ന് സയാജി ഗേറ്റുവരെ നടത്തിച്ചു.

ഇത് വിവാദമായതിനെ തുടർന്ന് ബിജെപി എംഎൽഎ ഗായത്രി രാജെ പുവാർ ചൊവ്വാഴ്ച ദേവാസ് പോലീസ് സൂപ്രണ്ട് (എസ്പി) പുനിത് ഗെഹ്‌ലോട്ടിനെ കണ്ടു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ തന്നെ ഈ യുവാക്കളും ഇന്ത്യയുടെ വിജയം ആഘോഷിക്കുകയായിരുന്നു. അവർ കുറ്റവാളികളല്ല, അവരെ പരസ്യമായി പരേഡ് ചെയ്യുന്നത് തികച്ചും നീതീകരിക്കാനാവാത്തതാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് എസ്പി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.

ഞായറാഴ്ച രാത്രിയിലെ ആഘോഷങ്ങളെക്കുറിച്ചും തിങ്കളാഴ്ചത്തെ സംഭവങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി എസ്പി പറഞ്ഞു. കസ്റ്റഡിയിലായവർ യഥാർത്ഥത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെ എല്ലാ വശങ്ങളും പരിശോധിക്കും. സമയബന്ധിതമായ അന്വേഷണം നടത്താൻ അഡീഷണൽ എസ്പി ജയ്വീർ സിംഗ് ഭഡോറിയയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് ഏഴ് ദിവസത്തിനുള്ളിൽ പൂർത്തിയാകും. ഉത്തരവാദികളെന്ന് കണ്ടെത്തുന്നവർക്ക് ഉചിതമായ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *