Your Image Description Your Image Description

കോൺഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ശശി തരൂർ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവച്ചു . വികസന കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് അനുകൂല നിലപാട് സ്വീകരിക്കുന്നതിന്റെ പേരില്‍ വിവാദത്തില്‍ പെട്ട കോണ്‍ഗ്രസ് നേതാവാണ് ശശി തരൂര്‍.

വ്യവസായ സൗഹൃദ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പുകഴ്ത്തി തരൂര്‍ രംഗത്തുവന്നപ്പോള്‍ അതിനെ ചൊല്ലി കോണ്‍ഗ്രസില്‍ വലിയ വിവാദവും ഉണ്ടായി. ഇതിനിടെയാണ് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സെല്‍ഫി ചിത്രം പങ്കുവെച്ചത് .

കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുക്കവെ പകര്‍ത്തിയ ചിത്രമാണ് തരൂര്‍ പങ്കുവെച്ചത്. ഗവര്‍ണര്‍ക്കൊപ്പമുള്ള ചിത്രവും തരൂര്‍ പങ്കുവെച്ചിട്ടുണ്ട്. ‘സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ എല്ലാ കേരള എംപിമാരെയും അത്താഴ വിരുന്നിന് വിളിച്ച ഗവര്‍ണറുടെ നടപടിയെ വളരെയധികം അഭിനന്ദിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം, വികസനത്തിനായുള്ള നമ്മുടെ സംയുക്ത ശ്രമങ്ങള്‍ക്ക് ഈ അസാധാരണ നടപടി ശുഭസൂചന നല്‍കുന്നുവെന്നാണ്തരൂര്‍ എക്സില്‍ കുറിച്ചത് .

അവസരം കിട്ടുമ്പോഴെല്ലാം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി വിവാദത്തില്‍പ്പെടുന്ന ആളാണ് ശശിതരൂര്‍. അതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളിലും വലിയ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതൊന്നും താന്‍ കണക്കാക്കുന്നില്ലന്ന രീതിയിലാണ് മുഖ്യമന്ത്രിക്കൊപ്പമുളള സെല്‍ഫി പോസ്റ്റ് ചെയ്തത് . ഈ ചിത്രത്തിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളും വരുന്നുണ്ട്.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആദ്യമായാണ് ഇത്തരമൊരു കൂടിക്കാഴ്ച സംഘടിപ്പിക്കുന്നത്. എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി എവിടെ വരാനും തയ്യാറാണെന്നും കേരളത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് താന്‍ ബോധവാനാണെന്നും ആര്‍ലേക്കര്‍ പറഞ്ഞു. കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലും ഗവര്‍ണര്‍ ആര്‍ലേക്കര്‍ പങ്കെടുത്തു .

രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി ഒറ്റക്കെട്ടായി കേരളത്തിലെ എംപിമാര്‍ മുന്നോട്ടുപോകണമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു . ഈ പ്രശ്നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നില്‍ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകുമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കി.

ടീം കേരളയോടൊപ്പം കേരള ഗവര്‍ണറുമുണ്ടന്നത് ആഹ്ലാദകരവും ആവേശകരമാണെന്നും , ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വികാരത്തോടെ മുന്നോട്ടു പോകാന്‍ നമുക്കാവട്ടെ യെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രശ്‌നങ്ങളെ രാഷ്ട്രീയവത്ക്കരിക്കാതെ എല്ലാവരും ഒന്നിച്ചുനിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ യോഗം വിളിച്ചത്. ഗവര്‍ണറുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു യോഗം വിളിക്കുന്നത് ആദ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *