Your Image Description Your Image Description

കുളി ജീവിതത്തിൽ ഒരിക്കൽ മാത്രം, അതും വിവാഹ ദിവസം, ആഫ്രിക്കയിലെ ഒരു വിഭാഗം ജനങ്ങൾ പിന്തുടരുന്ന ജീവിത രീതിയാണ് ഇത്. സംഗതി കേൾക്കുന്നവർക്ക് വിശ്വസിക്കാൻ അൽപ്പം പ്രയാസം തോന്നിയേക്കാം. എന്നാൽ വിശ്വസിച്ചേ മതിയാകൂ. കുളിച്ചില്ലെങ്കിലും വ്യക്തി ശുചിത്വത്തിൽ ഏറെ മുൻപിലാണ് ഇക്കൂട്ടർ. ആഫ്രിക്കയിലെ ഹിംബ ഗോത്ര വർഗ്ഗമാണ് വ്യത്യസ്തമായ ജീവിത രീതി പിന്തുടരുന്നത്. നമീബിയയുടെ വടക്ക് ഭാഗത്ത് കാവോലാൻഡിന്റെ ഹൃദയഭാഗത്താണ് ഹിംബ ഗോത്രവിഭാഗം വസിക്കുന്നത്. സാധാരണ മനുഷ്യരെ പോലെ ഇവർ ദിവസവും കുളിക്കാറില്ല. എന്നാൽ ഇവർ ശരീരം വൃത്തിയായി സൂക്ഷിക്കാറുണ്ട്. പുകയാണ് ശരീരം ശുചിയായി സൂക്ഷിക്കാനായി ഹിംബ ഗോത്രത്തിലുള്ളവർ ഉപയോഗിക്കുന്നത്. അൽപ്പം വെള്ളമെടുത്ത് അതിൽ ചില പച്ചില മരുന്നുകൾ ചേർക്കും. ശേഷം ഇത് നന്നായി ചൂടാക്കും. ഈ സമയം പുറത്തുവരുന്ന പുക കൊണ്ടാണ് ഇവർ കുളിക്കുക. പുക ദീർഘനേരം ശരീരത്തിൽ കൊള്ളും. അൽപ്പ നേരം ഇങ്ങനെ ചെയ്യുമ്പോഴേയ്ക്കും ശരീരം വിയർക്കും. ഇത് തുടച്ചുകളയുമ്പോൾ ശരീരം വൃത്തിയാകും. ദിവസനേ ഇവർ ഇങ്ങനെ പുകയിൽ കുളിക്കാറുണ്ട്. കാവോലാൻഡ് എന്നത് മരുഭൂമി പ്രദേശം ആണ്. അതുകൊണ്ട് തന്നെ വെള്ളത്തിന്റെ ലഭ്യത പ്രദേശത്ത് കുറവാണ്. ഈ പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് തലമുറകളായി ഇവർ ഈ രീതി പിന്തുടരുന്നത് എന്നാണ് പറയപ്പെടുന്നത്. സ്വന്തം വിവാഹ ദിവസം മാത്രമാണ് ഇവിടെ സ്ത്രീകൾ വെള്ളം ഉപയോഗിച്ച് കുളിക്കാറുള്ളത്. ശുചിത്വത്തിൽ മാത്രമല്ല ശരീര സൗന്ദര്യത്തിലും ഇവർ വളരെയധികം ശ്രദ്ധിക്കാറുണ്ട്. പുക ഉപയോഗിച്ച് ശരീരം വൃത്തിയാക്കി കഴിഞ്ഞാൽ ഇവർ ശരീരത്തിൽ ഒരു പ്രത്യേക ലോഷൻ പുരട്ടാറുണ്ട്. ചുവന്ന കളിമണ്ണും വെണ്ണയോ മൃഗക്കൊഴുപ്പോ ചേർത്താണ് ഇതുണ്ടാക്കാറുള്ളത്. ഒറ്റ്ജിസ് എന്നാണ് ഇതിന്റെ പേര്. ഇത് മുടിയിലും ഇവർ ഉപയോഗിക്കാറുണ്ട്. കടുത്ത ചൂടിൽ നിന്നും ഇവരുടെ ശരീരം സംരക്ഷിക്കുന്നത് ഈ ഒറ്റ്ജിസ് ആണ്. ഇതിന് പുറമേ പ്രാണികളിൽ നിന്നും ക്ഷുദ്ര ജീവികളിൽ നിന്നും ഇവർക്ക് ഈ ലോഷൻ സംരക്ഷണം നൽകുന്നു. ഹിംബ ഗോത്രത്തിലെ സ്ത്രീകളും പുരുഷന്മാരും അതീവ സുന്ദരികളും സുന്ദരന്മാരും ആണെന്നതാണ് വാസ്തവം. നല്ല കാവി കലർന്ന നിറമാണ് ഇവരുടെ ശരീരത്തിന് ഉള്ളത്. പരമ്പരാഗത വസ്ത്രമാണ് ഹിംബ ഗോത്രം ധരിക്കാറുള്ളത്. കാളക്കുട്ടിയുടേതോ ആടിന്റെയോ തോലുകൊണ്ടുള്ള കുപ്പായങ്ങളാണ് ഇവർ ധരിക്കാറുള്ളത്. ആധുനിക തുണിത്തരങ്ങൾ കൊണ്ട് നിർമ്മിച്ച പാവാട പോലുള്ള വസ്ത്രങ്ങളും ഇവർ ധരിക്കും. ആധുനിക കാലത്തും ഇവിടുത്തെ സത്രീകൾ മേൽവസ്ത്രം ധരിക്കാറില്ല. പശുക്കളുടെ തൊലി കൊണ്ട് ഉപയോഗിച്ച ചെരിപ്പുകൾ ആണ് ഹിംബ ഗോത്രത്തിലെ സ്ത്രീകൾ ഉപയോഗിക്കാറുള്ളത്. കാറിന്റെ ടയർ കൊണ്ടുള്ള ചെരിപ്പുകൾ ആണ് പുരുഷന്മാർ അണിയുക. കുളി മാത്രമല്ല, ഇവർക്കിടയിൽ ഇനിയും ഉണ്ട് വ്യത്യസ്തവും അത്ഭുതപ്പെടുത്തുന്നതുമായ ആചാരങ്ങൾ. അതിഥി സത്കാരം ആണ് ഇതിൽ ശ്രദ്ധേയം. വീട്ടിൽ എത്തുന്ന പുരുഷ അതിഥികൾക്കൊപ്പം ഭാര്യമാർ കിടന്നുറങ്ങണം എന്നതാണ് ഇവിടുത്തെ ആചാരം. അതിഥികൾക്ക് വീട്ടില ഗൃഹനാഥൻ നൽകുന്ന സമ്മാനമായാണ് ഇതിനെ കണക്കാക്കുന്നത്. പുരുഷന്മാർക്കിടയിലെ അസൂയ ഇല്ലാതാക്കുകയാണ് ഇങ്ങനെ ചെയ്യുന്നതിന്റെ ഉദ്ദേശം. 50,000 പേരാണ് ഇപ്പോൾ ഈ ഗോത്രത്തിൽ ഉള്ളത്. ഒമുഹിംബ എന്നും ഹിംബ ഗോത്രവിഭാഗം അറിയപ്പെടുന്നു. അർദ്ധ നാടോടികളാണ് ഇവർ. കുടിലുകളിലാണ് ഇവരുടെ വാസം. കൃഷിയാണ് ഇവരുടെ പ്രധാന വരുമാന മാർഗ്ഗം. എന്നാൽ കാലാവസ്ഥയ്ക്ക് അനുസരിച്ച് വിവിധ ഭാഗങ്ങളിൽ കുടിയേറി പാർക്കാൻ ഇവർ നിർബന്ധിതരാകുന്നു. വേട്ടയാടലും ഇവരുടെ ശീലമാണ്. കന്നുകാലി വളർത്തലും പ്രധാന വരുമാനമാർഗ്ഗമാണ്. ദൈവാരാധനയ്ക്കും വലിയ പ്രധാന്യം ആണ് ഇവർ നൽകുന്നത്.മുകുരു എന്നാണ് ഇവരുടെ ആരാധനമൂർത്തി.

Leave a Reply

Your email address will not be published. Required fields are marked *